കോൺഗ്രസ് മൂന്നാം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; സിദ്ധരാമയ്യയ്ക്ക് കോലാറിൽ സീറ്റില്ല

ബിജെപി വിട്ടുവന്ന മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവദിക്ക് സീറ്റ് നൽകി

Update: 2023-04-15 14:51 GMT
Advertising

ബംഗളൂരു: കർണാടകയിലെ സംസ്ഥാന തെരഞ്ഞെടുപ്പിലേക്കുള്ള മൂന്നാം സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചു. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കോലാറിൽ സീറ്റ് നൽകിയില്ല. കോലാറിൽ അദ്ദേഹത്തിന്റെ അനുയായിയായ കൊത്തൂർ ജി മഞ്ജുനാഥാണ് മത്സരിക്കുക. അതേസമയം, ബിജെപി വിട്ടുവന്ന മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവദിക്ക് സീറ്റ് നൽകി. അത്തനിയിലാണ് ഇദ്ദേഹം മത്സരിക്കുക. ഇനി പ്രഖ്യാപിക്കാൻ ബാക്കിയുള്ളത് 15 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ മാത്രമാണ്. 

43 സ്ഥാനാർഥികളാണ് മൂന്നാമത്തെ പട്ടികയിലുള്ളത്. മൈസൂരുവിലെ വരുണയ്ക്ക് പുറമെ കോലാറിൽകൂടി മത്സരിക്കണമെന്ന ആഗ്രഹം മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ എഐസിസി നേതൃത്വത്തേ അറിയിച്ചിരുന്നു. 2018-ൽ രണ്ട് മണ്ഡലങ്ങളിൽനിന്ന് മത്സരിച്ച സിദ്ധരാമയ്യ ഇത്തവണയും രണ്ട് മണ്ഡലങ്ങളാണ് ആവശ്യപ്പെട്ടിരുന്നത്. വരുണയിൽനിന്ന് ജയിക്കുമെന്ന് ഉറപ്പാണെങ്കിലും കോലാറിലെ ജനങ്ങൾ ആവശ്യപ്പപെട്ടതനുസരിച്ച് അവിടെനിന്നുകൂടി മത്സരിക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് ഹൈക്കമാൻഡിനെ സിദ്ധരാമയ്യ നേരത്തെ അറിയിച്ചത്.

കോൺഗ്രസിന്റെ ഉറച്ച കോട്ടയാണ് വരുണ. 2008, 2013 വർഷങ്ങളിൽ സിദ്ധരാമയ്യ വിജയം കണ്ട മണ്ഡലം കൂടിയാണ് വരുണ. കനകപുരയിൽ നിന്നാണ് കർണാടക പി സി സി അധ്യക്ഷൻ ഡി കെ ശിവകുമാർ ജനവിധി തേടുന്നത്. മെയിലാണ് കർണാടക നിയമസഭയുടെ കാലാവധി പൂർത്തിയാകുന്നത്. ആകെ 225 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് മിക്കയിടത്തും കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രമുഖ നേതാക്കളെല്ലാം ആദ്യ സ്ഥാനാർഥി പട്ടികയിൽ ഇടംപിടിച്ചിടിച്ചിരുന്നു.

മുൻ ഉപമുഖ്യമന്ത്രി ജി.പരമേശ്വര സംവരണ മണ്ഡലമായ കൊരാട്ടഗരെയിൽ നിന്ന് മത്സരിക്കും. ഒരു വിഭാഗം പ്രവർത്തകരുടെ പ്രതിഷേധങ്ങൾക്കിടെ കെ.എച്ച്. മുനിയപ്പയും സ്ഥാനാർഥി പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ദേവനഹള്ളിയിലാണ് അദ്ദേഹം മത്സരിക്കുക. മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറിന്റെ മണ്ഡലത്തിൽ ഇത് വരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. ബിജെപിയുമായി ഇടഞ്ഞുനിൽക്കുന്ന ഷെട്ടറിനെ കോൺഗ്രസിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. സീറ്റ് നൽകിയില്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് ഷെട്ടർ ബിജെപി കേന്ദ്ര നേതാക്കളെ അറിയിച്ചിരുന്നു. സാവദി അടക്കമുള്ള നേതാക്കളെ തങ്ങൾക്കൊപ്പം നിർത്തി നഷ്ടപ്പെട്ട ഭരണം തിരിച്ച് പിടിക്കാനുള്ള നീക്കമാണ് നടക്കുന്നത്.

മലയാളികളും ഇത്തവണ സജീവമായി രംഗത്തുണ്ട്. എൻഎ ഹാരിസ് ശാന്തിനഗറിൽ നിന്നും കെജെ ജോർജ് സർവജ്ഞനഗറിൽ നിന്നും മത്സരിക്കും. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെയും സ്ഥാനാർഥി പട്ടികയിലുണ്ട്. ചിത്താപുറിൽ നിന്ന് തന്നെയാണ് പ്രിയങ്ക് ജനവിധി തേടുക. കർണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പ് മെയ് 10 ന് ഒറ്റ ഘട്ടമായി നടക്കും. വോട്ടെണ്ണൽ മെയ് 13നാണ്.

അതിനിടെ, ബാഗേപള്ളി സീറ്റിൽ സ്ഥാനാർത്ഥിയെ പിൻവലിച്ച് സിപിഎം സ്ഥാനാർഥി ഡോക്ടർ അനിൽകുമാറിന് പിന്തുണ നൽകാൻ ജെഡിഎസ് തീരുമാനിച്ചേക്കും. 2018ൽ ജെഡിഎസ് സ്ഥാനാർത്ഥിയായിരുന്ന ഡോക്ടർ സി ആർ മനോഹർ 38302 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തായിരുന്നു. 14000 വോട്ടുകൾക്കാണ് സിപിഎം സ്ഥാനാർഥി ജി വി ശ്രീരാമറെഡി കോൺഗ്രസ് സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടിരുന്നത്.

എൻസിപിയും ഇത്തവണ കർണാടകയിൽ 40 ലധികം സീറ്റുകളിൽ മത്സരിക്കും. ഏതൊക്കെ സീറ്റുകൾ സ്ഥാനാർത്ഥികൾ എന്നിവ സംബന്ധിച്ചു രണ്ടുദിവസത്തിനകം തീരുമാനം ഉണ്ടാകും.


Full View





Congress has announced its third list of candidates for the state elections in Karnataka

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News