പഞ്ചാബിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ കോൺഗ്രസ്

പ്രചാരണ രംഗത്ത് കോൺഗ്രസിന് കനത്ത വെല്ലുവിളി ഉയർത്തി ആം ആദ്മി പാർട്ടി പഞ്ചാബിലുടനീളം ആദ്യ ഘട്ട പ്രചാരണം പൂർത്തീകരിച്ചു കഴിഞ്ഞു

Update: 2022-01-29 01:18 GMT
Editor : afsal137 | By : Web Desk
Advertising

തെരഞ്ഞടെുപ്പ് തൊട്ടടുത്തെത്തിയ സാഹചര്യത്തിലും പഞ്ചാബിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ കോൺഗ്രസ്. മുഖ്യമന്ത്രി സ്ഥാനാർഥിയെ സംബന്ധിച്ച അഭിപ്രായ ഭിന്നത ഇനിയും നീങ്ങിയിട്ടില്ല. അതേസമയം പഞ്ചാബിൽ കോൺഗ്രസിന്റെ അവസാനവട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്‌രിവാൾ സംസ്ഥാനത്ത് പ്രചാരണം തുടരുകയാണ്. കോൺഗ്രസും ആം ആദ്മി പാർട്ടിയും തമ്മിൽ പ്രധാന മത്സരം നടക്കുന്ന പഞ്ചാബിൽ ബിജെപി പ്രചാരണത്തിന് ശക്തി പോരെന്നാണ് വിലയിരുത്തൽ.

കോൺഗ്രസ് സ്ഥാനാർത്ഥികളിൽ അവശേഷിക്കുന്ന 8 പേരെ കൂടി പ്രഖ്യാപിക്കുന്നതോടെ പഞ്ചാബിൽ കോൺഗ്രസ് പാർട്ടി പ്രചാരണ രംഗത്ത് സജീവമാകും. എന്നാൽ മുന്നിൽ നിർത്താൻ ഒരു മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ചൂണ്ടിക്കാണിക്കാൻ കോൺഗ്രസിന് ഇനിയുമായിട്ടില്ല. പി.സി.സി അധ്യക്ഷൻ നവ്‌ജ്യോത് സിംഗ് സിദ്ദുവും നിലവിലെ മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ഛന്നിയും തമ്മിലെ അഭിപ്രായ ഭിന്നതയാണ് ഹൈക്കമാൻറിനെ പ്രതിസന്ധിയിലാക്കുന്നത്. ഇത് പരിഹരിച്ചില്ലെങ്കിൽ പഞ്ചാബിൽ കോൺഗ്രസിന് വലിയ തിരിച്ചടിയുണ്ടാകും. പ്രചാരണ രംഗത്ത് കോൺഗ്രസിന് കനത്ത വെല്ലുവിളി ഉയർത്തി ആം ആദ്മി പാർട്ടി പഞ്ചാബിലുടനീളം ആദ്യ ഘട്ട പ്രചാരണം പൂർത്തീകരിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസം തുടങ്ങിയ അരവിന്ദ് കെജരിവാളിൻറെ പര്യടനം ഇന്നും തുടരും. എന്നാൽ കോൺഗ്രസ് വിട്ട് പഞ്ചാബ് ലോക് കോൺഗ്രസ് രൂപീകരിച്ച് എൻ.ഡി.എ മുന്നണിയിലെത്തിയ ക്യാപ്റ്റൻ അമരീന്ദർ സിംഗിന് പ്രതീക്ഷിച്ച നേട്ടം കൈവരിക്കുക എളുപ്പമല്ലെന്നാണ് വിലയിരുത്തൽ . ആംആദ്മിയും കോൺഗ്രസും തമ്മിലാണ് പലയിടത്തും നേർക്കുനേർ പോരാട്ടം.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News