പ്രഭാത നടത്തത്തിനിടെ ഡല്‍ഹിയില്‍ വനിതാ എംപിയുടെ മാല പൊട്ടിച്ചോടി; കഴുത്തിന് പരിക്ക്
അതീവ സുരക്ഷയുള്ള മേഖലയില്‍ പാര്‍ലമെന്‍റ് അംഗമായ സ്ത്രീക്ക് നേരെയുണ്ടായ ആക്രമണം ഞെട്ടിപ്പിക്കുന്നതാണെന്ന് കോണ്‍ഗ്രസ് എംപി ആർ.സുധ അമിത്ഷാക്കെഴുതിയ കത്തില്‍ പറയുന്നു
ന്യൂഡല്‍ഹി: ഡൽഹി ചാണക്യപുരിയിൽ വനിതാ എംപിയുടെ മാലപൊട്ടിച്ചു. തമിഴ്നാട്ടിൽ നിന്നുള്ള കോണ്‍ഗ്രസ് എംപി ആർ.സുധയുടെ സ്വർണമാലയാണ് സ്കൂട്ടറിലെത്തിയയാൾ മോഷ്ടിച്ചത്.മാലപൊട്ടിക്കുന്നതിനിടെ എംപിയുടെ കഴുത്തിന് പരിക്കേറ്റു. പാര്‍ലമെന്‍റ് മണ്‍സൂണ്‍ സമ്മേളനത്തിനെത്തിയതായിരുന്നു ആർ.സുധ. ചാണക്യപുരിയിലെ നയതന്ത്ര മേഖലയിലുള്ള പോളിഷ് എംബസിക്ക് സമീപം നടക്കുമ്പോഴാണ് സംഭവം നടന്നതെന്ന് എംപി പറയുന്നതു. ഹെല്‍മറ്റ് ധരിച്ചയാളാണ് തന്‍റെ മാല പൊട്ടിച്ചോടിയതെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാക്കും ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്.
"രാവിലെ 6.15നും 6.20നും ഇടയിലാണ് സംഭവം നടന്നത്. ഹെല്‍മറ്റ് കൊണ്ട് മുഖം പൂര്‍ണമായും മറച്ച് സ്കൂട്ടറിലെത്തിയ ആള്‍ എതിര്‍ ദിശയിലൂടെ വന്ന് സ്വര്‍ണമാല പൊട്ടിച്ചോടുകയായിരുന്നുവെന്നും സുധ പറയുന്നു. മാല പൊട്ടിച്ചോടിയപ്പോള്‍ കഴുത്തിന് പരിക്കേറ്റതായും ധരിച്ചിരുന്ന ചുരിദാറും കീറിപ്പോയെന്നും എംപി പറഞ്ഞു. സഹായത്തിനായി ഉറക്കെ നിലവിളിച്ചെന്നും പിന്നീട് ഡൽഹി പൊലീസിന്റെ മൊബൈൽ പട്രോളിംഗ് വാഹനം കാണുകയും അവരോട് പരാതിപ്പെടുകയും ചെയ്യുകയായിരുന്നു.
നിരവധി എംബസികളും സംസ്ഥാന സർക്കാരുകളുടെ ഔദ്യോഗിക വസതികളുമടക്കം അതീവ സുരക്ഷയുള്ള നിരവധി സ്ഥാപനങ്ങളുള്ള ചാണക്യപുരി പോലുള്ള പ്രദേശത്ത് വെച്ച് പാര്‍ലമെന്‍റ് അംഗമായ സ്ത്രീക്ക് നേരെയുണ്ടായ ഈ ആക്രമണം വളരെ ഞെട്ടിപ്പിക്കുന്നതാണെന്ന് അമിത് ഷാക്കെഴുതിയ കത്തില്‍ ആർ.സുധ വ്യക്തമാക്കി.
ഇന്ത്യയുടെ ദേശീയ തലസ്ഥാനത്തെ ഈ ഉയർന്ന മുൻഗണനാ മേഖലയിൽ ഒരു സ്ത്രീക്ക് സുരക്ഷിതമായി നടക്കാൻ കഴിയുന്നില്ലെങ്കിൽ, മറ്റെവിടെയാണ് സുരക്ഷിതത്വം അനുഭവിക്കാനും നമ്മുടെ പതിവ് കാര്യങ്ങൾ ചെയ്യാനും കഴിയുകയെന്നും സുധ കത്തിലൂടെ ചോദിച്ചു.കഴുത്തിന് പരിക്കേറ്റെന്നും നാല് പവനിലധികം വരുന്ന സ്വര്‍ണമാല നഷ്ടപ്പെട്ടുവെന്നും ആക്രമണത്തിന്‍റെ ആഘാതത്തിലാണ് ഞാനെന്നും എംപി പറഞ്ഞു.