കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയാ ഗാന്ധി തുടരും

പാര്‍ട്ടി പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാനം

Update: 2022-03-13 15:43 GMT
Advertising

കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയാ ഗാന്ധി തുടരും. പാര്‍ട്ടി പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാനം. സംഘടനാ തെരഞ്ഞെടുപ്പ് വരെ സോണിയ അധ്യക്ഷയായി തുടരും. ഇക്കാര്യം യോഗത്തിനു ശേഷം എഐസിസി നേതൃത്വം വിശദീകരിച്ചു.

തെരഞ്ഞെടുപ്പ് തോൽവിയുടെ റിപ്പോർട്ട്‌ സംസ്ഥാനങ്ങളിലെ ജനറൽ സെക്രട്ടറിമാർ അവതരിപ്പിച്ചെന്ന് കെ സി വേണുഗോപാൽ യോഗത്തിനു ശേഷം വിശദീകരിച്ചു. ആത്മാർഥമായ ചർച്ചകൾ യോഗത്തിൽ നടന്നു. തിരുത്തൽ നടപടികൾ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കും. തോൽവി അതീവ ഗുരുതരമെന്ന് വിലയിരുത്തി. സംഘടനയിൽ മാറ്റം വരുത്തേണ്ട കാര്യങ്ങൾ ആലോചിക്കാൻ പ്രത്യേക യോഗം ചേരും. സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ വിശ്വാസം രേഖപ്പെടുത്തി. സംഘടനാ ദൗർബല്യങ്ങൾ പരിഹരിക്കാൻ അധ്യക്ഷക്ക് പൂർണ സ്വാതന്ത്ര്യം നൽകിയെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

എല്ലാ അംഗങ്ങളും അഭിപ്രായം തുറന്ന് പറഞ്ഞെന്ന് രണ്‍ദീപ് സുര്‍ജേവാല വിശദമാക്കി. പാർലമെന്‍റ് സമ്മേളനത്തിനുശേഷം നേതാക്കളുടെ ചിന്തൻ ശിബിർ സംഘടിപ്പിക്കും. വരുന്ന തെരഞ്ഞെടുപ്പുകളെ നേരിടാൻ പാർട്ടിയെ സജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങിയതിനു പിന്നാലെയാണ് പാര്‍ട്ടിയുടെ പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നത്. നാലര മണിക്കൂറോളം യോഗം നീണ്ടുനിന്നു. എഐസിസി ആസ്ഥാനത്തായിരുന്നു യോഗം. പാര്‍ട്ടിക്ക് ഗുണകരമായ നിര്‍ണായക തീരുമാനമെടുത്തു എന്നാണ് യോഗത്തിനു ശേഷം ഉമ്മന്‍ചാണ്ടി പറഞ്ഞത്. 

സോണിയാ ഗാന്ധി സ്ഥാനമൊഴിയണമെന്ന ആവശ്യം യോഗത്തില്‍ കാര്യമായി ഉയര്‍ന്നില്ല എന്നാണ് റിപ്പോര്‍ട്ട്. പ്രവർത്തക സമിതിയിൽ ജി23 നേതാക്കള്‍ കടുത്ത നിലപാട് ഒഴിവാക്കി. സോണിയാ ഗാന്ധി മാറണമെന്ന് പ്രവർത്തക സമിതിയിൽ ജി23 നേതാക്കൾ ആവശ്യപ്പെട്ടില്ല. യോഗം നടക്കുമ്പോള്‍ സോണിയയ്ക്ക് പിന്തുണയുമായി നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എഐസിസി ആസ്ഥാനത്ത് തടിച്ചുകൂടിയിരുന്നു.


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News