ഡല്‍ഹിയില്‍ ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചുകൊന്ന സംഭവം; രാജ്യസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ്

ബിനോയ് വിശ്വം എം.പിയാണ് നോട്ടീസ് നല്‍കിയത്.

Update: 2021-08-04 03:49 GMT
Advertising

ദലിത് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അതിക്രമം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ്. ബിനോയ് വിശ്വം എം.പിയാണ് നോട്ടീസ് നല്‍കിയത്. ഡൽഹിയിൽ ഒമ്പത് വയസുള്ള ദലിത് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. 

ഡൽഹി നങ്കലിലാണ് ഒമ്പത് വയസ്സുള്ള ദലിത് പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മാതാപിതാക്കളുടെ സമ്മതമില്ലാതെ കുട്ടിയുടെ മൃതദേഹം സംസ്കരിക്കുകയായിരുന്നു. സംഭവത്തിൽ പുരോഹിതന്‍ രാധേശ്യാം ഉള്‍പ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്‍തു. പെണ്‍കുട്ടിയുടെ മരണത്തില്‍ വ്യാപക പ്രതിഷേധമാണ് രാജ്യ തലസ്ഥാനത്തുണ്ടായത്. 

കേസില്‍ തെളിവ് നശിപ്പിക്കാൻ പൊലീസ് കൂട്ടുനിന്നെന്നാണ് കുടുംബത്തിന്‍റെ ആരോപണം. പെൺകുട്ടിയുടെ മൃതദേഹം ദഹിപ്പിക്കുന്നതിൽ പൊലീസ് പ്രതികൾക്കൊപ്പം നിന്നു. ദഹിപ്പിക്കവെ വെള്ളമൊഴിക്കാൻ ശ്രമിച്ച പ്രദേശവാസികളെ തടഞ്ഞു. മണിക്കൂറുകളോളം പൊലീസ് തങ്ങളെ സ്റ്റേഷനിൽ ബന്ദിയാക്കിവെച്ചെന്നും മാതാപിതാക്കള്‍ ആരോപിച്ചു. പൊലീസിന് മുന്നിലിട്ട് പിതാവിനെ പ്രതികളുടെ ആളുകൾ മർദിച്ചെന്നും മാതാവ് വ്യക്തമാക്കിയിരുന്നു. 

സംഭവത്തില്‍ ദലിത് നേതാവ് ചന്ദ്രശേഖര്‍ ആസാദ് ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഹാഥ്റസിനെ ഓര്‍മിപ്പിക്കുന്ന സംഭവമാണ് നങ്കലില്‍ നടന്നതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. പോസ്റ്റുമോര്‍ട്ടം നടത്തി ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കത്തിച്ചുകളഞ്ഞ കൊലയാളികള്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. പോക്​സോ, എസ്​.സി/എസ്​.ടി നിയമങ്ങൾ പ്രകാരമാണ്​ അറസ്റ്റിലായ പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയത്. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News