വിഎച്ച്പി, ഹിന്ദുസേനാ ഭീഷണി; കൊമേഡിയൻ മുനവ്വർ ഫാറൂഖിയുടെ പരിപാടിക്ക് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചു

പരിപാടി സാമുദായിക സൗഹാർദം തകർക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. കഴിഞ്ഞ മാസം ബെംഗളൂരുവിൽ നടക്കേണ്ടിയിരുന്ന ഷോയും ഒഴിവാക്കിയിരുന്നു.

Update: 2022-08-27 04:10 GMT
Advertising

ന്യൂഡൽഹി: വിശ്വ ഹിന്ദു പരിഷത്, ഹിന്ദുസേന എന്നീ സംഘടനകളുടെ ഭീഷണിയെ തുടർന്ന് സ്റ്റാൻഡ്-അപ് കൊമേഡിയൻ മുനവ്വർ ഫാറൂഖിയുടെ പരിപാടിക്ക് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചു. നാളെ നഗരത്തിൽ കേദാർനാഥ് ഓഡിറ്റോറിയത്തിൽ നടത്താനിരുന്ന പരിപാടിക്കാണ് അനുമതി നിഷേധിച്ചത്. ഹിന്ദു ദേവൻമാരെയും ദേവതകളെയും അധിക്ഷേപിച്ച് മുനവ്വർ ഫാറൂഖിയുടെ പരിപാടിക്ക് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് വിഎച്ച്പിയും ഹിന്ദുസേനയും ഡൽഹി പൊലീസ് കമ്മീഷണർക്കും ഡൽഹി മുൻസിപ്പൽ കോർപറേഷനും കത്ത് നൽകിയിരുന്നു.

പരിപാടി സാമുദായിക സൗഹാർദം തകർക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. കഴിഞ്ഞ മാസം ബെംഗളൂരുവിൽ നടക്കേണ്ടിയിരുന്ന ഷോയും ഒഴിവാക്കിയിരുന്നു. പ്രവാചകനിന്ദയുടെ പേരിൽ ഇപ്പോൾ അറസ്റ്റിലായ ബിജെപി നേതാവ് രാജാ സിങ്ങിന്റെയും അനുയായികളുടെയും കനത്ത ഭീഷണികൾക്കിടെയാണ് ഹൈദരാബാദിൽ മുനവ്വർ ഫാറൂഖി പരിപാടി നടത്തിയത്.

പരിപാടിയുടെ സെറ്റ് കത്തിക്കുമെന്ന് രാജാ സിങ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രവാചകനെയും മുസ്‌ലിംകളെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പ്രകോപനപരമായ വീഡിയോ അദ്ദേഹം യൂട്യൂബിൽ അപ്‌ലോഡ് ചെയ്തത്.

ഹിന്ദു ദൈവങ്ങൾക്കും ആഭ്യന്തരമന്ത്രി അമിത് ഷാക്കുമെതിരെ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് ഒരു വലതുപക്ഷ നേതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2021 ൽ ഇൻഡോർ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് മുനവ്വർ ഫാറൂഖി വിവാദങ്ങളിൽ നിറഞ്ഞത്. ഈ കേസിൽ കോടതി പിന്നീട് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു. മുനവ്വർ ഫാറൂഖിയുടെ പല തമാശകൾ ഹിന്ദു മതത്തെ അപമാനിക്കുന്നതാണെന്ന് ആരോപിച്ച് ഹിന്ദുത്വ സംഘടനകൾ അദ്ദേഹത്തിനെതിരെ നിരന്തരം ഭീഷണി ഉയർത്തിയിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News