അദാനിയുടെ ധാരാവി ചേരി പുനർനിർമാണം: 50,000ൽ അധികം ആളുകളെ മാലിന്യക്കൂമ്പാരത്തിലേക്ക് മാറ്റാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ
50,000 മുതൽ ഒരു ലക്ഷം വരെയാണ് ധാരാവിയിലെ ജനസംഖ്യ. അവരെ മുംബൈയിലെ ഏറ്റവും വലിയ മാലിന്യനിക്ഷേപ കേന്ദ്രങ്ങളിലൊന്നായ ദേവ്‌നാർ ഡംപിങ് ഗ്രൗണ്ടിലേക്ക് മാറ്റാനാണ് തീരുമാനം.
മുംബൈ: ധാരാവി ചേരി പുനർനിർമാണത്തിന്റെ മറവിൽ ചേരിനിവാസികളെ ദേവ്‌നാർ ഡംപിങ് ഗ്രൗണ്ടിലേക്ക് മാറ്റാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ. 50,000 മുതൽ ഒരു ലക്ഷം ആളുകളെ മുംബൈയിലെ ഏറ്റവും വലിയ മാലിന്യനിക്ഷേപ കേന്ദ്രങ്ങളിലൊന്നായ ദേവ്‌നാർ ഡംപിങ് ഗ്രൗണ്ടിലേക്ക് മാറ്റാനാണ് തീരുമാനം. കഴിഞ്ഞ ഒക്ടോബറിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന്റെ ഒരു ദിവസം മുമ്പാണ് മഹാരാഷ്ട്ര സർക്കാർ ഈ തീരുമാനമെടുത്തത്. കേന്ദ്ര മലിനീകരണ നിയന്ത്രണബോർഡിന്റെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണ് ഈ തീരുമാനമെന്ന് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ 2021ലെ ഗൈഡ്‌ലൈൻ പ്രകാരം പ്രവർത്തനം അവസാനിപ്പിച്ച മാലിന്യസംഭരണ മേഖലയിൽ ആശുപത്രികളോ വീടുകളോ സ്‌കൂളുകളോ നിർമിക്കാൻ പാടില്ല. ഈ ഭൂമിയുടെ അതിർത്തിയിൽ നിന്ന് 100 മീറ്റർ വിട്ട് മാത്രമേ നിർമാണ പ്രവർത്തനങ്ങൾ പാടുള്ളൂവെന്നും ഗൈഡ്‌ലൈനിൽ പറയുന്നുണ്ട്.
എന്നാൽ ദേവ്‌നാർ ഇപ്പോഴും സജീവമായി പ്രവർത്തിക്കുന്ന മാലിന്യസംഭരണ കേന്ദ്രമാണ്. വിഷവാതകങ്ങൾ പുറംതള്ളാനും മാലിന്യങ്ങളിൽ നിന്നുള്ള വിഷവസ്തുക്കൾ ഭൂഗർഭ ജലത്തിലും മണ്ണിലും കലരാനും സാധ്യതയുണ്ട്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് 2024ൽ ഹരിത ട്രൈബ്യൂണലിന് സമർപ്പിച്ച റിപ്പോർട്ട് പ്രകാരം ദേവ്‌നാറിൽ ഓരോ മണിക്കൂറിലും 6,202 കിലോ മീഥെയിൻ ആണ് പുറംതള്ളപ്പെടുന്നത്. ഇന്ത്യയിലെ 22 മീഥെയിൻ ഹോട്ട് സ്‌പോട്ടുകളിൽ ഒന്നാണ് ദേവ്‌നാർ. ഇത്രയും അപകടകരമായ സ്ഥലത്തേക്ക് ധാരാവി ചേരി നിവാസികളെ തള്ളിവിടാൻ സർക്കാരിനെ പ്രേരിപ്പിച്ചത് എന്താണ് എന്നത് സംബന്ധിച്ച് നിരവധി ചോദ്യങ്ങൾ ഉയരുന്നുണ്ട്.
ഏകദേശം 600 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ധാരാവിയിൽ 296 ഏക്കർ സ്ഥലം ധാരാവി പുനർനിർമാണ പദ്ധതിക്കായി (ഡിആർപി) നീക്കിവച്ചിട്ടുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയെ മെച്ചപ്പെട്ട ഭവനങ്ങളും സൗകര്യങ്ങളുമുള്ള ഒരു ആധുനിക നഗര കേന്ദ്രമാക്കി മാറ്റുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ എസ്.വി.ആർ ശ്രീനിവാസാണ് പദ്ധതിയുടെ സിഇഒ.
ധാരാവി റീഡെവലപ്‌മെന്റ് പ്രൊജക്ട് ലിമിറ്റഡ് (ഡിആർപിപിഎൽ) എന്ന പദ്ധതി ഇപ്പോൾ നവഭാരത് മെഗാ ഡെവലപേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് (എൻഎംഡിപിഎൽ) എന്നാണ് അറിയപ്പെടുന്നത്. ഇതിൽ 80 ശതമാനം ഓഹരിയും അദാനി പ്രൈവറ്റ് ലിമിറ്റഡിന്റെ കയ്യിലാണ്. ബാക്കി 20 ശതമാനം ഹൗസിങ് ഡിപ്പാർട്‌മെന്റിന്റെ ചേരി പുനരധിവാസ അതോറിറ്റിയുടെ കയ്യിലാണ്. എൻഎംഡിപിഎല്ലിന്റെ ചെയർമാനും എസ്.വി.ആർ ശ്രീനിവാസ് ആണ്. ബിഎംസി കമ്മീഷണർ ഭൂഷൺ ഗഗ്രാനിയാണ് എൻഎംഡിപിഎൽ ഡയറക്ടർ.
മറ്റുള്ള ഒമ്പത് ഡയറക്ടർമാരിൽ ഒരാൾ അദാനി എന്റർപ്രൈസസ് ഡയറക്ടറായ പ്രണവ് അദാനിയാണ്. ബാക്കി എട്ട് ഡയറക്ടർമാർ വിവിധ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഡയറക്ടമാരോ എക്‌സിക്യൂട്ടീവുമാരോ ആണ്.
ഈ വർഷം രണ്ടാം പകുതിയോടെ ചേരി പുനർനിർമാണ് പ്രവർത്തനങ്ങൾ തുടങ്ങുമെന്ന് ശ്രീനിവാസ് പറഞ്ഞു. നിർമാണം പൂർത്തിയാക്കാൻ ഏഴ് വർഷമാണ് അനുവദിച്ചിരിക്കുന്ന സമയപരിധി. ധാരാവിയിലും പുറത്തുമായാണ് ഇവരെ പുനരധിവസിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു. 2000 ജനുവരി ഒന്നിന് മുമ്പ് നിർമിച്ച വീടുള്ളവർക്കാണ് ധാരാവി പ്രൊജക്ടിൽ പുതിയ വീടിന് അർഹതയുണ്ടാവുക.
യോഗ്യരായ 1.5 ലക്ഷം ഗുണഭോക്താക്കൾക്ക് ധാരാവിയിൽ സൗജന്യ വീടുകൾ ലഭിക്കുമ്പോൾ അയോഗ്യരായ നാല് ലക്ഷത്തോളം വരുന്ന ചേരി നിവാസികളിൽ 50,000-ഒരു ലക്ഷം ഗുണഭോക്താക്കൾക്ക് ദേവ്‌നാറിൽ കുറഞ്ഞ വാടകനിരക്കിൽ വീടുകൾ അനുവദിക്കുമെന്നാണ് സർക്കാരിന്റെ പ്രഖ്യാപനം. ശേഷിക്കുന്ന 'അയോഗ്യരായ' താമസക്കാർക്കായി കുർള ഡയറി, വഡാല, കഞ്ചുർമാർഗിനും മുളുണ്ടിനും ഇടയിലുള്ള ഉപ്പുപാടങ്ങൾ എന്നിവിടങ്ങളിൽ സർക്കാർ ഭൂമി നീക്കിവച്ചിട്ടുണ്ട്.
2024 സെപ്റ്റംബർ 27ന് ദേവ്‌നാറിലെ 124 ഏക്കർ സ്ഥലം ബിഎംസി സംസ്ഥാന സർക്കാരിന്റെ പുനരധിവാസ പദ്ധതിക്കായി കൈമാറിയിട്ടുണ്ട്. അതിന് ശേഷം പ്രദേശത്ത് മാലിന്യം തള്ളിയിട്ടില്ല. ഗുണഭോക്താക്കളുടെ സർവേ പൂർത്തിയായ ശേഷം ഭൂമി എൻഎംഡിപിഎല്ലിന് കൈമാറുമെന്ന് ഹൗസിങ് ഡിപ്പാർട്‌മെന്റ് അധികൃതർ പറഞ്ഞു. എൻഎംഡിപിഎല്ലിന് അനുവദിച്ച 124 ഏക്കർ സ്ഥലത്ത് നിലവിൽ 80 ലക്ഷം മെട്രിക് ടൺ മാലിന്യശേഖരമുണ്ട്. മൊത്തം ഖരമാലിന്യത്തിന്റെ 40 ശതമാനത്തോളം വരുമിത്.
ഇത്രയധികം ആളുകളെ എന്തുകൊണ്ടാണ് ഒരു സജീവ മാലിന്യനിക്ഷേപ കേന്ദ്രത്തിലേക്ക് മാറ്റുന്നത് എന്നതിന് പദ്ധതിയിലെ ഓരോ പങ്കാളിയും വ്യത്യസ്ത രീതിയിലാണ് പ്രതികരിച്ചത്. മുംബൈയിൽ ഭൂമി ലഭിക്കാനുള്ള ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയായിരുന്നു ഡിആർപി സിഇഒ ശ്രീനിവാസിന്റെ പ്രതികരണം. ധാരാവി പുനരധിവാസത്തിനായി ഏകദേശം 200-300 ഏക്കർ ഭൂമി വേണം. ഭൂമിയുടെ പരിമിതി പരിഗണിച്ചാണ് ദേവ്‌നാറിലെ ഭൂമി തിരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
എൻഎംഡിപിഎൽ ആണ് സ്ഥലം തിരഞ്ഞെടുത്തത് എന്നായിരുന്നു സംസ്ഥാന സർക്കാരിന്റെയും ചേരി പുനരധിവാസ അതോറിറ്റി (എസ്ആർഎ)യുടെയും വിശദീകരണം. തങ്ങൾക്ക് 20 ശതമാനം പങ്കാളിത്തം മാത്രമാണുള്ളത്. ഭൂമി തിരഞ്ഞെടുക്കാനുള്ള ഉത്തരവാദിത്തം എൻഎംഡിപിഎല്ലിനാണ്. ഇത് അംഗീകരിക്കുക മാത്രമാണ് ഹൗസിങ് ഡിപ്പാർട്‌മെന്റ് ചെയ്തത്. ഭൂമി തങ്ങളുടേതല്ലാത്തതിനാൽ മാനദണ്ഡങ്ങൾ പരിഗണിക്കുന്നതിൽ തങ്ങൾക്ക് കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നുവെന്നും എസ്ആർഎ സിഇഒ മഹേന്ദ്ര കല്യാൺകർ പറഞ്ഞു.
എൻഎംഡിപിഎൽ സമർപ്പിച്ച പ്രൊപ്പോസൽ അംഗീകരിക്കുക മാത്രമാണ് തങ്ങൾ ചെയ്തത് എന്നായിരുന്നു ഹൗസിങ് ഡിപ്പാർട്‌മെന്റ് അഡീഷണൽ ചീഫ് സെക്രട്ടറി വൽസ നായർ സിങ്ങിന്റെ വിശദീകരണം. ഭൂമി തിരഞ്ഞെടുക്കുന്നതും വിതരണം ചെയ്യുന്നതും പദ്ധതി നടപ്പാക്കുന്ന ഏജൻസികളാണെന്നും അതിൽ സർക്കാർതലത്തിൽ ഇടപെടലുണ്ടായിട്ടില്ലെന്നും അവർ പറഞ്ഞു. ദേവ്‌നാറിലെ ഭൂമി തിരഞ്ഞെടുത്തത് സംബന്ധിച്ച് പ്രതികരിക്കാൻ അദാനി ഗ്രൂപ്പ് തയ്യാറായില്ല.
പുനരധിവാസ പദ്ധതിക്കായി ദേവ്‌നാറിലെ മാലിന്യഭൂമി തിരഞ്ഞെടുക്കുമ്പോൾ അവിടത്തെ മാലിന്യങ്ങൾ ആര് നീക്കം ചെയ്യും എന്നതാണ് ഉയരുന്ന പ്രധാനപ്പെട്ട ചോദ്യം. സർക്കാർ ഭൂമി കൈമാറാൻ നിർദേശിച്ച് മൂന്നു മാസത്തിന് ശേഷമാണ് ബിഎംസി കൈമാറിയത്. മാലിന്യം സംസ്‌കരിച്ച ശേഷമാണ് കൈമാറാൻ ആവശ്യപ്പെട്ടിരുന്നതെങ്കിലും അത് ചെയ്യാതെയാണ് ബിഎംസ് സർക്കാരിന് കൈമാറിയത്.
മാലിന്യം ആര് സംസ്‌കരിക്കും എന്നതിന് ഇത് തങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമിയല്ല എന്നായിരുന്നു ബിഎംസി കമ്മീഷണർ ഗഗ്രാനിയുടെ വാദം. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് റവന്യൂവകുപ്പ് തദ്ദേശ വകുപ്പിന് ഈ ഭൂമി കൈമാറിയത്. ഖരമാലിന്യ സംസ്‌കരണമായിരുന്നു ഉദ്ദേശ്യം. ഇപ്പോൾ സർക്കാർ നിർദേശപ്രകാരം ഭൂമി തിരികെ നൽകുകയും ചെയ്തുവെന്ന് അവർ പറഞ്ഞു. മാലിന്യം നീക്കുന്നത് സംബന്ധിച്ച് പ്രതികരിക്കാൻ എൻഎംഡിപിഎൽ അധികൃതരും തയ്യാറായില്ല.
ദേവ്‌നാറിലെ നിർദിഷ്ട ഭവന പദ്ധതിയിൽ മറ്റൊരു ചോദ്യചിഹ്നം ഉയർത്തുന്നത് വരാനിരിക്കുന്ന രണ്ട് വൈദ്യുത നിലയങ്ങളുടെ സാമീപ്യമാണ്: 2018ൽ സംസ്ഥാനം അംഗീകരിച്ച വേസ്റ്റ് ടു എനർജി (ഡബ്ല്യുടിഇ) പ്ലാന്റും 2023ൽ അംഗീകരിച്ച ബയോ-സിഎൻജി പ്ലാന്റും. പ്രതിദിനം 600-700 മെട്രിക് ടൺ മാലിന്യം സംസ്‌കരിക്കാനാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. നേരത്തെ എൻഎംഡിപിഎൽ 305 ഏക്കർ ഭൂമിയാണ് ആവശ്യപ്പെട്ടിരുന്നത്. പവർ പ്ലാന്റ് സ്ഥാപിക്കാനും അതിന്റെ പ്രവർത്തനത്തിനും 74 ഏക്കർ ഭൂമി ആവശ്യമുണ്ടെന്നും ഭൂമി മൊത്തമായി വിട്ടുതരാനാവില്ലെന്നുമായിരുന്നു അന്ന് ബിഎംസി അറിയിച്ചത്.
ചേരിനിവാസികളെ പുനരധിവസിപ്പിക്കാൻ ഉദ്ദേശിക്കുന്ന ഭൂമിയുടെ 50 മീറ്റർ മാത്രം അകലെയാണ് പവർ പ്ലാന്റ് സ്ഥാപിക്കാൻ പോകുന്നത്. ജനവാസമേഖലയിൽ നിന്ന് 300-500 മീറ്ററെങ്കിലും മാറിയാണ് അത്തരം പ്ലാന്റുകൾ സ്ഥാപിക്കേണ്ടത് എന്നാണ് കേന്ദ്ര ഭവന നഗര വികസന മന്ത്രാലയത്തിന്റെ ഗൈഡ്‌ലൈനിൽ പറയുന്നത്. ഡബ്ല്യുടിഇ പ്ലാന്റുകൾ വൻതോതിൽ പുക പുറംതള്ളുന്നതിനാൽ പ്രദേശത്തെ വായു മലിനമാകാനും ഇത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകാനുമുള്ള സാധ്യത കൂടുതലാണ്.
ഇത്തരം ഗുരുതര പ്രശ്‌നങ്ങൾ നിലനിൽക്കുന്ന മേഖലയിൽ ഇതുവരെ പാരിസ്ഥിതികാഘാത പഠനം നടത്തിയിട്ടില്ല എന്നാണ് ചേരി പുനരധിവാസ അതോറിറ്റിയും മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോർഡും പറയുന്നത്. പാരിസ്ഥിതികാഘാത പഠനത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ പാരിസ്ഥിതികാനുമതി നൽകുന്നത്. നിർമാണം തുടങ്ങുന്നതിന് മുമ്പ് പാരിസ്ഥിതികാഘാത പഠനം പൂർത്തിയാക്കി അനുമതി വാങ്ങുമെന്നായിരുന്നു ഇത് സംബന്ധിച്ച ചോദ്യത്തിന് ശ്രീനിവാസിന്റെ പ്രതികരണം.