'റോഡിൽ കണ്ടത് ചെരിപ്പുകൾ മാത്രം,ഒരു വെള്ളക്കുപ്പി പോലും കണ്ടില്ല'; വിജയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി സെന്തിൽ ബാലാജി

വിജയ് സമയത്ത് വന്നിരുന്നെങ്കില്‍ ദുരന്തം ഉണ്ടാവില്ലായിരുന്നെന്നും സംഭവത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും കരൂര്‍ എംഎല്‍എ പറഞ്ഞു

Update: 2025-10-02 04:30 GMT
Editor : Lissy P | By : Web Desk

സെന്തില്‍ ബാലാജി,അപകടസ്ഥലത്ത് കൂട്ടിയിട്ടിരിക്കുന്ന ചെരിപ്പുകള്‍ photo| X,youtube

കരൂർ: നടനും ടിവികെ അധ്യക്ഷനുമായ വിജയ്‍യുടെ റാലിയില്‍ തിക്കിലും തിരക്കിലുംപെട്ട്   41 പേർ കൊല്ലപ്പെട്ട സംഭവത്തിൽ രൂക്ഷവിമര്‍ശനവുമായി കരൂരിലെ ഡിഎംകെ എംഎല്‍എയുമായ വി.സെന്തിൽ ബാലാജി.എന്തുകൊണ്ടാണ് പറഞ്ഞ സമയത്തിനും ഏഴ് മണിക്കൂര്‍ വൈകി വിജയ് വേദിയിലെത്തിയതെന്ന് സെന്തില്‍ ബാലാജി ചോദിച്ചു. വിജയ് സമയത്ത് വന്നിരുന്നെങ്കില്‍ ദുരന്തം ഉണ്ടാവില്ലായിരുന്നു. സംഭവത്തെ രാഷ്ട്രീയവത്കരിക്കരുത്. ഏത് പാര്‍ട്ടിക്കാരാണെങ്കിലും അവരതിന് ഉത്തരവാദികളാണെന്നും മുന്‍ മന്ത്രി കൂടിയായ സെന്തില്‍ ബാലാജി മാധ്യമങ്ങളോട് പ്രതികരിച്ചു,

Advertising
Advertising

"ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടതുണ്ട്. ഏഴ് മണിക്കൂർ വൈകിയതിന് ശേഷം ടിവികെ മേധാവി എന്തിനാണ് വേദിയിലേക്ക് വന്നത്?  ദുരന്തത്തിന് പിറ്റേ ദിവസം വേലുസാമിപുരത്ത്   റോഡിൽ ഏകദേശം 1,000 മുതൽ 2,000 വരെ ചെരിപ്പുകൾ കിടക്കുന്നത് ഞാന്‍ കണ്ടു. പക്ഷേ, ഒരു വെള്ളക്കുപ്പി പോലും അവിടെ നിങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞോ? ആളുകള്‍ വെള്ളം കുടിച്ചിരുന്നെങ്കില്‍ കുറഞ്ഞത് കുപ്പികളെങ്കിലും ആ ചെരിപ്പുകള്‍ക്കൊപ്പം ഉണ്ടായിരിക്കണം...,"സെന്തില്‍ ബാലാജി പറഞ്ഞു.

'ടിവികെ മേധാവി വിജയ് ആസൂത്രണം ചെയ്തതുപോലെ യോഗത്തിൽ എത്തിയിരുന്നെങ്കിൽ, ഇത്തരം സംഭവങ്ങൾ  ഉണ്ടാകുമായിരുന്നില്ല.ഞാന്‍ ജനങ്ങളുമായി സംസാരിച്ചപ്പോഴും  അത് തന്നെയാണ് മനസിലായത്.ഇത്തരം യോഗങ്ങള്‍ നടത്തുന്ന സമയത്ത് അവിടെയെത്തുന്ന ജനങ്ങള്‍ക്ക് വെള്ളവും ബിസ്കറ്റും നല്‍കേണ്ടത് രാഷ്ട്രീയപാര്‍ട്ടികളുടെ ഉത്തരവാദിത്തമാണ്.. മരിച്ച 41 പേരിൽ 39 പേരും കരൂരിൽ നിന്നുള്ളവരാണ്. ഈ സംഭവത്തെ രാഷ്ട്രീയവത്കരിക്കരുത്.ഭാവിയിൽ ഏത് രാഷ്ട്രീയപാർട്ടിയുടെ പരിപാടിയാണെങ്കിലും ഒരുമിച്ച് നിന്ന് ഇത്തരം സംഭവങ്ങൾ തടയാൻ നടപടി സ്വീകരിക്കണം'. നേതൃത്വത്തിന്റെ അഭാവം മൂലമാണ് ഇത് സംഭവിച്ചതെന്ന് ടിവികെ നേതാക്കൾക്ക് മനസിലാക്കണമെന്നും സെന്തിൽ ബാലാജി പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ചയാണ് കരൂരിലെ വേലുസാമിപുരത്ത് വിജയ് പങ്കെടുത്ത റാലിയിൽ തിക്കും തിരക്കുമുണ്ടായി 41 പേർ കൊല്ലപ്പെട്ടത്. നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.  ദുരന്തത്തിന് കാരണം മുന്‍ മന്ത്രിയും കരൂര്‍ എംഎല്‍എയുമായ സെന്തിൽ ബാലാജിയും പൊലീസാണെന്നും വ്യാപക വിമര്‍ശനമുണ്ടായിരുന്നു. സെന്തില്‍ ബാജിക്കെതിരെ കുറിപ്പെഴുതിവെച്ച് ടിവികെ പ്രാദേശിക നേതാവ് കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തിരുന്നു.

വിജയ് പ്രസംഗിച്ചുകൊണ്ടിരിക്കുന്ന സമയത്ത് സെന്തില്‍ ബാലാജിയെയും വിമര്‍ശിച്ചിരുന്നു.ആ സമയത്താണ് അവിടെ വൈദ്യുതി മുടങ്ങിയത്. വൈദ്യുതി മുടങ്ങിയത് ദുരന്തത്തിന്‍റെ ആക്കം കൂട്ടിയിരുന്നു.  ടിവികെയെ അപമാനിക്കാൻ സെന്തിൽ ബാലാജി ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹത്തിന്‍റെ സമ്മര്‍ദം മൂലമാണ് വിജയ്‌യുടെ കരൂര്‍ പരിപാടിക്ക് അധികൃതര്‍ മതിയായ സുരക്ഷ നല്‍കാതിരുന്നതെന്നും മരിച്ച അയ്യപ്പന്‍റെ ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News