കർണാടക കോൺഗ്രസ് എംഎൽഎ സതീഷ് സെയ്‌ലിന്റെ സ്ഥാപനത്തിൽ ഇഡി റെയ്ഡ്

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കർണാടക, ഗോവ, മുംബൈ എന്നിവിടങ്ങളിലായി 15 സ്ഥലങ്ങളിലെങ്കിലും പരിശോധന നടത്തിയതായി ഇഡി വൃത്തങ്ങൾ അറിയിച്ചു.

Update: 2025-08-13 16:26 GMT

ബംഗളൂരു: അനധികൃത ഇരുമ്പയിര് കയറ്റുമതി കേസിൽ കർണാടക കോൺഗ്രസ് എംഎൽഎ സതീഷ് കൃഷ്ണ സെയ്ലുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ബുധനാഴ്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘം റെയ്ഡ് നടത്തി. കള്ളപ്പണം വെളുപ്പിക്കൽ കേസ് അന്വേഷണ ഭാഗമായാണിത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) കർണാടക, ഗോവ, മുംബൈ എന്നിവിടങ്ങളിലായി 15 സ്ഥലങ്ങളിലെങ്കിലും പരിശോധന നടത്തിയതായി ഇഡി വൃത്തങ്ങൾ അറിയിച്ചു.

ഉത്തര കന്നട ജില്ലയിലെ കാർവാർ നിയമസഭാ മണ്ഡലം പ്രതിനിധാനം ചെയ്യുന്ന എംഎൽഎയാണ് സെയിൽ. കാർവാറിലെ ബെലെകേരി തുറമുഖത്ത് വനം ഉദ്യോഗസ്ഥർ പിടിച്ചെടുത്ത ഇരുമ്പയിര് അനധികൃതമായി ഖനനം ചെയ്‌തെടുത്ത് കയറ്റുമതി ചെയ്തതായാണ് സെയിലിനെതിരായ ആരോപണം. ഇത് സർക്കാർ ഖജനാവിന് ഏകദേശം 38 കോടി രൂപയുടെ നഷ്ടമുണ്ടാക്കി, എന്നാൽ നിയമവിരുദ്ധമായി കയറ്റുമതി ചെയ്ത അയിരിന്റെ യഥാർഥ മൂല്യം നൂറ് കോടിയിലധികം വരുമെന്നാണ് ഇഡി വാദം.

2010-ൽ കർണാടക ലോകായുക്ത നടത്തിയ അന്വേഷണത്തിൽ ബെല്ലാരിയിൽ നിന്ന് ബെലെക്കേരി തുറമുഖത്തേക്ക് അനധികൃതമായി കടത്തിയ എട്ട് ലക്ഷം ടൺ ഇരുമ്പയിര് കണ്ടെത്തിയതിനെ തുടർന്നാണ് ഈ കേസ് ആരംഭിച്ചത്. കേസിൽ എംഎൽഎയുടെ ഏഴ് വർഷത്തെ തടവ് ശിക്ഷ കർണാടക ഹൈക്കോടതി കഴിഞ്ഞ വർഷം താൽക്കാലികമായി റദ്ദാക്കിയിരുന്നു. ബെലെക്കേരി തുറമുഖത്ത് നിന്ന് ഇരുമ്പയിര് അനധികൃതമായി കയറ്റുമതി ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ സതീഷ് കൃഷ്ണ സെയിലും കൂട്ടാളികളും കുറ്റക്കാരാണെന്ന് പ്രത്യേക കോടതി മുമ്പ് കണ്ടെത്തിയിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News