'ഒപ്പിട്ട സത്യവാങ്മൂലത്തിനൊപ്പം വിവരങ്ങൾ സമർപ്പിക്കണം'; രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്ത്

വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ പേരുവിവരങ്ങൾ, വോട്ടർ പട്ടികയിൽ ഉൾപ്പെട്ട അനർഹരായവരുടെ വിവരങ്ങൾ തുടങ്ങിയവയെല്ലാം ഒപ്പിട്ട സത്യവാങ്മൂലത്തിനൊപ്പം സമർപ്പിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം.

Update: 2025-08-07 13:12 GMT

ന്യൂഡൽഹി: വോട്ടർ പട്ടികയിൽ വൻതോതിൽ ക്രമക്കേട് നടന്നുവെന്ന ആരോപണത്തിന് പിന്നാലെ രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്ത്. ഇന്ന് രാഹുൽ ഗാന്ധി നടത്തിയ വാർത്താ സമ്മേളനത്തിൽ കർണാടകയിലടക്കം വോട്ടർ പട്ടികയിൽ വലിയ ക്രമക്കേട് നടന്നതായി ആരോപണമുന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ കർണാടകയിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറാണ് രാഹുൽ ഗാന്ധിക്ക് കത്തയച്ചത്.

വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ പേരുവിവരങ്ങൾ, വോട്ടർ പട്ടികയിൽ ഉൾപ്പെട്ട അനർഹരായവരുടെ വിവരങ്ങൾ തുടങ്ങിയവയെല്ലാം ഒപ്പിട്ട സത്യവാങ്മൂലത്തിനൊപ്പം സമർപ്പിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം. ഇതിനായുള്ള സത്യവാങ്മൂലത്തിന്റെ മാതൃകയും തെരഞ്ഞെടുപ്പ് കമ്മീഷൻ രാഹുലിന് അയച്ചുനൽകി. വിഷയത്തിൽ തുടർനടപടികൾ സ്വീകരിക്കാനാണ് ഈ നടപടിയെന്നാണ് കത്തിൽ പറയുന്നത്.

Advertising
Advertising

വോട്ടർ പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് താൻ ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്ന് കമ്മീഷൻ പറഞ്ഞിട്ടില്ല എന്നായിരുന്നു കത്തിനെക്കുറിച്ച് രാഹുൽ ഗാന്ധിയുടെ പ്രതികരണം. ''ഞാൻ ഒരു രാഷ്ട്രീയക്കാരനാണ്. ഞാൻ ജനങ്ങളോട് എന്താണ് പറയുന്നത് അത് എന്റെ വാക്കാണ്. എല്ലാവരോടും പരസ്യമായാണ് ഞാൻ അത് പറയുന്നത്. അത് ഒരു സത്യപ്രതിജ്ഞയായി എടുക്കുക. ഇതെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഡാറ്റയാണ്. ആ ഡാറ്റയാണ് ഞങ്ങൾ പ്രദർശിപ്പിച്ചതും. ഇത് ഞങ്ങളുടെ ഡാറ്റയല്ല. രസകരമെന്ന് പറയട്ടെ, അവർ ഇതിലെ വിവരങ്ങളൊന്നും നിഷേധിച്ചിട്ടില്ല. രാഹുൽ ഗാന്ധി സംസാരിച്ച വോട്ടർ പട്ടികയിലെ വിവരങ്ങൾ തെറ്റാണെന്നും പറഞ്ഞിട്ടില്ല. എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അത് തെറ്റാണെന്ന് പറയാത്തത്. കാരണം അവർക്ക് സത്യം അറിയാം. രാജ്യത്താകെ ഇങ്ങനെ ചെയ്തിട്ടുണ്ടെന്നും അവർക്കറിയാം''- രാഹുൽ ഗാന്ധി പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. നാളെ കർണാടക തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തും. മാർച്ചിൽ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും പങ്കെടുക്കും. തിങ്കളാഴ്ച ഇൻഡ്യാ സഖ്യത്തിന്റെ നേതൃത്വത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്കും മാർച്ച് നടത്തും.

ജനാധിപത്യത്തെ സംരക്ഷിക്കാൻ വേണ്ടിയുള്ള പോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ല. തെരഞ്ഞെടുപ്പ് കമ്മീഷനിൽ രേഖാമൂലം പരാതി നൽകും. കർണാടകയിലെ വിഷയങ്ങൾ നിയമപരമായി സമീപിക്കാനാണ് തീരുമാനം. നിയമവിദഗ്ധരുമായി ചർച്ചകൾ പുരോഗമിക്കുകയാണ്. മറ്റു സംസ്ഥാനങ്ങളിലെ ആരോപണങ്ങളിലും തെളിവ് കൊണ്ടുവരുമെന്നും വേണുഗോപാൽ വ്യക്തമാക്കി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News