മഹാരാഷ്ട്രക്ക് സമാനമായി ബിഹാറിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അട്ടിമറിക്ക് ശ്രമിക്കുന്നു: രാഹുല്‍ ഗാന്ധി

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ബിജെപിയുടെയും ആർഎസ്എസിന്റെയും ഭാഷയിലാണ് സംസാരിക്കുന്നതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു

Update: 2025-07-09 08:26 GMT
Editor : rishad | By : Web Desk

പറ്റ്ന: വോട്ടർ പട്ടിക പരിഷ്കരണത്തിൽ ബിഹാറിൽ പ്രതിപക്ഷ പാർട്ടികൾ ആഹ്വാനം ചെയ്ത ബന്ദ് പുരോഗമിക്കുന്നു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ബിജെപിയുടെയും ആർഎസ്എസിന്റെയും ഭാഷയിലാണ് സംസാരിക്കുന്നതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. 

''മഹാരാഷ്ട്രക്ക് സമാനമായി ബിഹാറിലും അട്ടിമറിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ശ്രമിക്കുന്നത്. ആദ്യം  ലോക്‌സഭാ തെരഞ്ഞെടുപ്പുകൾ നടന്നു, തുടർന്ന് മഹാരാഷ്ട്രയിലും ഹരിയാനയിലും നിയമസഭാ തെഞ്ഞെടുപ്പുകളും നടന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ 'ഇന്‍ഡ്യ' സഖ്യത്തിനായിരുന്നു ഭൂരിപക്ഷം. ഏതാനും മാസങ്ങൾക്ക് ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 'ഇന്‍ഡ്യ' പരാജയപ്പെട്ടു. ഞങ്ങൾ അന്ന് ഒന്നും പറഞ്ഞില്ല, പക്ഷേ ഡാറ്റ വിലയിരുത്തിയപ്പോള്‍ മനസിലായി, അതിനിടയിൽ ഒരു കോടി പുതിയ വോട്ടർമാർ ചേർന്നെന്ന്, എത് എങ്ങനെ സംഭവിച്ചു?''- രാഹുല്‍ ഗാന്ധി ചോദിച്ചു. 

Advertising
Advertising

"വോട്ടർമാരെ ചേർത്ത മണ്ഡലങ്ങളിൽ ബിജെപി വിജയിച്ചു. ഞങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് പട്ടിക ആവശ്യപ്പെട്ടപ്പോൾ, അവർ മിണ്ടിയില്ല. ഇത് വരെയും ഞങ്ങൾക്ക് അത് കിട്ടിയിട്ടില്ല. ബിഹാറിലെ ജനങ്ങളോട് എനിക്ക് പറയാനുള്ളത്, മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നു എന്നാണ്, അതുതന്നെയാണ് ഇവിടെയും ചെയ്യാൻ ശ്രമിക്കുകയാണ്. പക്ഷേ ഇത് ബിഹാർ ആണെന്ന് അവർക്കറിയില്ല, ഇവിടെ അതിന് അനുവദിക്കില്ല''- രാഹുല്‍ ഗാന്ധി പ്രതിഷേധ റാലിയെ അഭിസംബോധനം ചെയ്തുകൊണ്ട് പറഞ്ഞു. 

അതിനിടെ ബിഹാറിൽ ആരൊക്കെ വോട്ട് ചെയ്യണമെന്ന് തീരുമാനിക്കുന്നത് രണ്ട് ഗുജറാത്തികളാണെന്ന് തേജസ്വി യാദവ് കുറ്റപ്പെടുത്തി.  മോദിയുടെയും അമിത് ഷായുടെയും പേരെടുത്ത് പറയാതെയായിരുന്നു വിമര്‍ശനം. ക്രമസമാധാന നില തകർന്ന ബിഹാറിൽ പാർട്ടി ഭരണമാണ് നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ആരോപിച്ചു. പ്രതിഷേധത്തിൽ സിപിഐ ജനറൽ സെക്രട്ടറി ഡി രാജ ഉൾപ്പെടെയുള്ള മറ്റ് പ്രതിപക്ഷ പാർട്ടി നേതാക്കളും പങ്കെടുത്തു.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News