ബിരിയാണി കഴിച്ചു മടങ്ങുന്ന എഞ്ചിനീയറിങ് വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയി ഒന്നര ലക്ഷം രൂപ കവർന്നതായി പരാതി

12 പേരടങ്ങുന്ന സംഘത്തെ പിടികൂടാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു

Update: 2025-12-24 03:54 GMT
Editor : Lissy P | By : Web Desk

ബംഗളൂരു: ബംഗളൂരുവിൽ അർധരാത്രി ബിരിയാണി കഴിച്ചു മടങ്ങുകയായിരുന്ന എഞ്ചിനീയറിങ്ങിന് വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയി ഒന്നരലക്ഷം രൂപ കൊള്ളയടിച്ചതായി പരാതി.

ഹോസ്‌കോട്ടിലെ പ്രശസ്തമായ ഹോട്ടലിൽ പോയി മടങ്ങുന്ന വഴിയാണ് നാല് വിദ്യാർഥികളെ 10-12 പേരടങ്ങുന്ന ഒരു സംഘം തട്ടിക്കൊണ്ടുപോയി കവർച്ച ചെയ്തത്. ടോൾ പ്ലാസയ്ക്ക് സമീപത്ത് വെച്ച് കൊള്ളസംഘം തടഞ്ഞുനിർത്തുകയും മർദിക്കുകയും മൊബൈൽ ഫോണുകളും ഇരുചക്രവാഹനങ്ങളും അപഹരിക്കുകയും ചെയ്തു. പണം ആവശ്യപ്പെട്ട് വിദ്യാർഥികളെ ബന്ദികളാക്കുകയും ചെയ്തു.

സംഘാംഗങ്ങൾ വിദ്യാർഥികളുടെ പക്കലുണ്ടായിരുന്ന 40,000 രൂപ കൈക്കലാക്കിയതായും ഫോൺപേ വഴി അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് 1.10 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തതായും പൊലീസ് പറഞ്ഞു.

Advertising
Advertising

'മെഡഹള്ളിക്ക് സമീപമുള്ള ഒരു ഷെഡിലേക്ക് വിദ്യാർഥികളെ കൊണ്ടുപോയി, അവിടെ നിന്ന് പണവും മൊബൈൽ ഫോണുകളും കൊള്ളയടിച്ചു.പണം കിട്ടിയതിന് പിന്നാലെ വിദ്യാർഥികൾക്ക് അവരുടെ ഇരുചക്ര വാഹനങ്ങൾ പിന്നീട് തിരികെ നല്‍കുകയും ചെയ്തു.എന്നാല്‍ ആദ്യം വിദ്യാര്‍ഥികള്‍ പരാതി നല്‍കാന്‍ തയ്യാറായിരുന്നില്ല.സംഭവത്തെക്കുറിച്ച് പൊലീസ് അറിഞ്ഞ് അവരെ സമീപിച്ചതിന് ശേഷമാണ് പരാതി നല്‍കിയതെന്ന് ബെംഗളൂരു പൊലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗ്  പറഞ്ഞു.

വിദ്യാർഥികളിൽ ഒരാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തട്ടിക്കൊണ്ടുപോകൽ, കവർച്ച എന്നീ കുറ്റങ്ങൾ ചുമത്തി തിങ്കളാഴ്ച ആവലഹള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതികളെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. കെ.ജി. ഹള്ളി സ്വദേശിയായ അർഫത്ത് അഹമ്മദ് (24) എന്നയാളെ കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവരെ അറസ്റ്റ് ചെയ്യാനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News