വിദ്യാർഥിനിയായി മൂന്നുമാസം കോളജ് കാമ്പസിൽ; പൊലീസ് ഉദ്യോഗസ്ഥ തെളിയിച്ചത് റാഗിങ് കേസ്

കോളേജില്‍ നേരിട്ടെത്തി അന്വേഷണം നടത്തിയെങ്കിലും ഭയംകാരണം വിദ്യാര്‍ഥികള്‍ വിവരങ്ങള്‍ കൈമാറിയിരുന്നില്ല

Update: 2022-12-13 06:27 GMT
Editor : Lissy P | By : Web Desk

ഭോപ്പാൽ: തോളിൽ ഒരു ബാഗുമായി എന്നും കോളജിലെത്തും. സുഹൃത്തുക്കളുമായി കാന്റീനിൽ സമയം ചെലവഴിക്കും. അവരുമായി കൂട്ടുകൂടും.. എന്നാൽ ക്യാമ്പസിലെ റാഗിങ്ങിന്റെ തെളിവുകൾ ശേഖരിക്കുന്ന ഒരു രഹസ്യ പൊലീസ് ഉദ്യോഗസ്ഥയായിരുന്നു അതെന്ന് ആരും തിരിച്ചറിഞ്ഞില്ല. 

ഇൻഡോറിലെ മഹാത്മാഗാന്ധി മെമ്മോറിയൽ മെഡിക്കൽ കോളേജിൽ അടുത്തിടെ നടന്ന റാഗിങിലെ പ്രതികളെ തിരിച്ചറിഞ്ഞ സംഭവത്തിൽ നിർണായക പങ്ക് വഹിച്ചത് മധ്യപ്രദേശ് സാന്യോഗിതാഗഞ്ച് പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ  24 കാരിയായ ശാലിനി ചൗഹാനാണ്. മൂന്നുമാസമാണ് അന്വേഷണത്തിന്റെ ഭാഗമായി ശാലിനി ചൗഹാൻ കോളജിൽ വിദ്യാർഥിയുടെ വേഷത്തിലെത്തിയത്. ഈ സമയത്തിനുള്ളിൽ ഒന്നാം വർഷ വിദ്യാർഥികളെ ക്രൂരമായ റാഗിങ്ങിനിരയാക്കിയ 11 സീനിയർ വിദ്യാർത്ഥികളെ അവർ തിരിച്ചറിഞ്ഞു.

Advertising
Advertising

ജൂലായിലാണ് മെഡിക്കൽ കോളേജിലെ സീനിയർ വിദ്യാർഥികൾ ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്യുന്നതായുള്ള പരാതി പൊലീസിന് ലഭിച്ചത്. പേര് വെളിപ്പെടുത്താത്ത ഒരു വിദ്യാര്‍ഥി യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യുജിസി) ഹെല്‍പ്പ് ലൈനിലൂടെയാണ്  പരാതി നല്‍കിയത്. ചില വാട്സാപ്പ് സംഭാഷണങ്ങളുടെ സ്‌ക്രീൻ ഷോട്ടുകളും സീനിയർ വിദ്യാർഥികൾ ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്യാനായി വിളിപ്പിച്ച സ്ഥലങ്ങളുടെ ലൊക്കേഷൻ വിവരങ്ങളും മാത്രമാണ് പരാതിയിലുണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസിൽ നേരിട്ട് അന്വേഷണത്തിനെത്തി.

എന്നാൽ വിദ്യാർഥികളാരും മൊഴിനൽകാൻ തയ്യാറായില്ല. സീനിയർ വിദ്യാർഥികളെ പേടിച്ചാണ് പലരും തുറന്ന് പറയാന് മടിച്ചത്. പല രീതിയിൽ അന്വേഷണം നടത്തിയെങ്കിലും പ്രതികളെ പിടികൂടാൻ സാധിച്ചില്ലെന്ന് രഹസ്യ ഓപ്പറേഷന് നേതൃത്വം നൽകിയ സീനിയർ ഇൻസ്‌പെക്ടർ തഹ്സീബ് ഖാസി എൻ.ഡി.ടി.വിയോട് പറഞ്ഞു.

തുടർന്നാണ് കോളേജ് കേന്ദ്രീകരിച്ച് രഹസ്യ ഓപ്പറേഷനിലൂടെ അന്വേഷണം നടത്താൻ തീരുമാനിച്ചത്. ഇതിനായി പ്രത്യേക സംഘത്തെ തന്നെ നിയോഗിക്കുകയും ചെയ്തു. ശാലിനിയായിരുന്നു നഴ്‌സിങ് വിദ്യാർഥിയുടെ വേഷത്തിൽ കോളജിലേക്ക് എത്തിയത്. ഇവർക്ക് പുറമെ മറ്റ്  രണ്ട് കോണ്‍സ്റ്റബിള്‍മാരെ കാന്റീന്‍ ജീവനക്കാരായും കോളേജിലെത്തിച്ചു.

ക്യാമ്പസിലും പരിസരത്തും സമയം ചെലവഴിക്കുകയും കാന്റീനിലും അടുത്തുള്ള ചായക്കടകളിലും വിദ്യാർത്ഥികളുമായി സംസാരിക്കുകയും ചെയ്തു. തുടർന്ന് മറ്റ് വിദ്യാർഥികളുമായി ഇവർ സൗഹൃദമുണ്ടാക്കി. പിന്നീടാണ് ജൂനിയർ വിദ്യാർത്ഥികൾ അവർ അനുഭവിക്കുന്ന പീഡനത്തെ തുടർന്ന് മനസ് തുറന്നത്. ലൈംഗികവൈകൃതങ്ങൾക്കടക്കം ഇവർ ജൂനിയർ വിദ്യാർഥികളെ ഇരയാക്കിയിരുന്നതായും വ്യക്തമായി. തുടർന്നാണ് ജൂനിയേഴ്സിനെ റാഗ് ചെയ്യുന്ന 11 സീനിയർ വിദ്യാർഥികളെ തിരിച്ചറിയാനും അവർക്കെതിരെ നടപടിയെടുത്തത്.

പ്രതികളിൽ ഒമ്പതുപേരും മധ്യപ്രദേശ് സ്വദേശികളാണെന്ന് ഇൻസ്പെക്ടർ ഇൻ-ചാർജ് തഹ്സീബ് ഖ്വാസി അറിയിച്ചു. ഒരാൾ ബംഗാൾ സ്വദേശിയും മറ്റൊരാൾ ബിഹാർ സ്വദേശിയുമാണ്. പ്രതികളെ മൂന്ന് മാസത്തേക്ക് കോളേജിൽ നിന്നും ഹോസ്റ്റലിൽ നിന്നും ഈ വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തു.

വിദ്യാർഥികൾക്ക് തന്നെ സംശയം തോന്നിയിട്ടില്ലെന്ന് ശാലിനി പറയുന്നു. അങ്ങനെ എന്തെങ്കിലും സാഹചര്യങ്ങൾ വരുമ്പോൾ വിഷയം മാറ്റുമെന്നും അവരിൽ നിന്ന് ഒഴിഞ്ഞുമാറുമെന്നും പൊലീസ് ഉദ്യോഗസ്ഥ പറഞ്ഞു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News