മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ ശിവരാജ് പാട്ടീൽ അന്തരിച്ചു

ലാത്തൂരിൽ നിന്ന് ഏഴ് തവണ ലോക്‌സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്

Update: 2025-12-12 04:00 GMT

മുംബൈ: കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായിരുന്ന ശിവരാജ് പാട്ടീൽ (90) അന്തരിച്ചു. ലാത്തൂരിലെ വസതിയിലായിരുന്നു അന്ത്യം. ലാത്തൂരിൽ നിന്ന് ഏഴ് തവണ ലോക്‌സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2004 മുതൽ 2008 വരെ ഒന്നാം യുപിഎ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്നു. 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ശിവരാജ് പാട്ടീൽ രാജിവെച്ചത്.

മഹാരാഷട്രയിലെ ലാത്തൂരിൽ വിശ്വനാഥ റാവുവിന്റെയും ഭാഗീരഥി ഭായിയുടെയും മകനായി 1935 ഒക്ടോബർ 12ന് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഹൈദരാബാദിലെ ഉസ്മാനിയ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിഎസ്‌സിയും ബോംബെ യൂണിവേഴ്‌സിറ്റിയിൽ നിന്ന് നിയമബിരുദവും നേടി.

Advertising
Advertising

1972ൽ കോൺഗ്രസ് ടിക്കറ്റിൽ മഹാരാഷ്ട്ര നിയമസഭയിലെത്തി. പിന്നീട് മന്ത്രിയും സ്പീക്കറുമായി. 1980ലാണ് ലാത്തൂരിൽ നിന്ന് ആദ്യമായി ലോക്‌സഭാംഗമാകുന്നത്. 2004 വരെ ഏഴ് തവണ തുടർച്ചയായി തിരഞ്ഞെടുക്കപ്പെട്ടു. 1980 മുതൽ 1989 വരെ കേന്ദ്ര മന്ത്രിയായി. 1996-1996 കാലയളവിൽ ലോക്‌സഭാ സ്പീക്കറായിരുന്നു. 2010 മുതൽ 2015 വരെ പഞ്ചാബ് ഗവർണറായി സേവനമനുഷ്ഠിച്ചു.

ദേശീയ രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യമായിരുന്നു ശിവരാജ് പാട്ടീൽ. പൊതുപ്രസംഗത്തിലോ സ്വകാര്യ സംഭാഷണങ്ങളിലോ ആർക്കെതിരെയും വ്യക്തിപരമായ പരാമർശങ്ങൾ നടത്താത്ത നേതാവായിരുന്നു പാട്ടീലെന്ന് കോൺഗ്രസ് നേതാക്കൾ അനുസ്മരിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News