പൊട്ടും കടകവളയും ധരിക്കാമെങ്കിൽ ഹിജാബിന് മാത്രമെന്താണ് വിലക്ക്; സുപ്രിംകോടതിയിൽ ചോദ്യമുന്നയിച്ച് വിദ്യാർഥികൾ

യു.എസ്, കാനഡ, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളിലെ ഭരണഘടനാ കോടതികളുടെ വിധികൾ ഉദ്ധരിച്ച കാമത്ത് ഭരണഘടന ഉറപ്പ് നൽകുന്ന ആവിഷ്‌കാര സ്വാതന്ത്ര്യത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശവും ഉൾപ്പെടുമെന്ന് വിശദീകരിച്ചു.

Update: 2022-09-08 06:40 GMT
Advertising

ന്യൂഡൽഹി: ഇതര മതസ്ഥരായ വിദ്യാർഥികൾക്ക് പൊട്ടും കടകവളയും കുരിശും ധരിക്കാമെങ്കിൽ മുസ്‌ലിം വിദ്യാർഥികൾ ഹിജാബ് ധരിക്കുന്നതിന് മാത്രമെന്താണ് വിലക്ക് ഏർപ്പെടുത്തിയതെന്ന് വിദ്യാർഥികൾ സുപ്രിംകോടതിയിൽ. ഹിജാബ് വിലക്കിനെതിരായ ഹരജികൾ ബുധനാഴ്ച കോടതി പരിഗണിച്ചപ്പോഴാണ് ആയിഷത്ത് ശിഫയുടെ അഭിഭാഷകനായ ദേവദത്ത് കാമത്ത് ഈ ചോദ്യമുന്നയിച്ചത്. 'ടൈംസ് ഓഫ് ഇന്ത്യ'യാണ് ഇത് റിപ്പോർട്ട് ചെയ്തത്.

യു.എസ്, കാനഡ, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളിലെ ഭരണഘടനാ കോടതികളുടെ വിധികൾ ഉദ്ധരിച്ച കാമത്ത് ഭരണഘടന ഉറപ്പ് നൽകുന്ന ആവിഷ്‌കാര സ്വാതന്ത്ര്യത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശവും ഉൾപ്പെടുമെന്ന് വിശദീകരിച്ചു.

യുക്തിരഹിതമായ വാദങ്ങൾ ഉന്നയിക്കരുതെന്നായിരുന്നു ഇതിനോട് ജസ്റ്റിസ് ഹേമന്ത് ഗുപ്തയുടെ പ്രതികരണം. കുരിശും രുദ്രാക്ഷവുമെല്ലാം യൂണിഫോമിന്റെ അടിയിലാണ് ധരിക്കുന്നത്. അവരുടെ മതചിഹ്നങ്ങൾ പരിശോധിക്കാൻ ആരും അവരോട് യൂണിഫോം മാറ്റാൻ ആവശ്യപ്പെടുന്നില്ല. മുസ്‌ലിം വിദ്യാർഥികൾ ഹിജാബ് ധരിക്കുന്നതിനെ ആരും എതിർക്കുന്നില്ല. നിശ്ചിത യൂണിഫോമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കരുതെന്ന് മാത്രമാണ് പറയുന്നത്. നിശ്ചയിക്കപ്പെട്ട യൂണിഫോമിന് പുറമെ ഹിജാബ് ധരിക്കുന്നത് അനുവദിക്കാമോ എന്നതാണ് തങ്ങൾക്ക് മുമ്പിലുള്ള ചോദ്യമെന്നും ജസ്റ്റിസ് ഹേമന്ത് ഗുപ്ത പറഞ്ഞു.

പോസ്റ്റീവ് മതേതരത്വമാണ് നമ്മുടെ രാജ്യത്ത് നിലനിൽക്കുന്നത്. നിയമവിധേയമായി മതാചാരങ്ങൾ അനുസരിച്ച് ജീവിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. മുസ്‌ലിം വിദ്യാർഥികൾ ഹിജാബ് ധരിക്കുന്നതുകൊണ്ട് ആരുടെയും അവകാശങ്ങൾ ഹനിക്കപ്പെടുന്നില്ല. അതേസമയം അത് വിലക്കുന്നത് ആർട്ടിക്കിൾ 25 പ്രകാരം ഭരണഘടനാവിരുദ്ധമാണെന്നും ദേവദത്ത് കാമത്ത് പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News