Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റം തടയുന്നതും വിദേശികളുടെ ഇന്ത്യയിലേക്കുള്ള പ്രവേശനം, യാത്ര, സന്ദര്‍ശനം, ഇടപെടലുകള്‍ എന്നിവ നിയന്ത്രിക്കുന്നതിനും വേണ്ടി ഇമിഗ്രേഷന്‍ ആന്റ് ഫോറിനേഴ്‌സ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. പ്രതിപക്ഷത്തിന്റെ എതിര്‍പ്പും ബില്‍ സംയുക്ത പാര്‍ലമെന്റ് സമിതിക്ക് വിടണമെന്ന ആവശ്യവും അവഗണിച്ച് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് ബില്‍ അവതരിപ്പിച്ചത്.
വിദേശികള്‍ ഇന്ത്യയിലേയ്ക്ക് വരുന്നതും യാത്ര ചെയ്യുന്നതും മടങ്ങിപ്പോകുന്നതും കേന്ദ്രസര്‍ക്കാര്‍ വ്യവസ്ഥ ചെയ്യുന്ന പോയിന്റുകളിലൂടെയാകണം. രാജ്യത്ത് എത്രകാലം തുടരാമെന്നുള്ളതും കേന്ദ്രം തീരുമാനിക്കും. ഇന്ത്യന്‍ വംശജരായ വിദേശികള്‍ക്കു പോലും ഇന്ത്യയിലേക്ക് വരാന്‍ പ്രതിബന്ധങ്ങള്‍ തീര്‍ക്കുന്നതാണ് പുതിയ ബില്ലിലെ വ്യവസ്ഥകള്‍.
സാധുതയില്ലാത്ത പാസ്പോര്‍ട്ട്, വിസ എന്നിവയില്ലാതെ ഇന്ത്യയിലെത്തുന്ന വിദേശികള്‍ക്ക് അഞ്ചുവര്‍ഷം വരെ തടവും അഞ്ചു ലക്ഷം രൂപ പിഴയും ശിക്ഷ വിധിക്കും. വ്യാജ രേഖ ഉപയോഗിച്ചെത്തിയാല്‍ രണ്ടു മുതല്‍ ഏഴ് വര്‍ഷം വരെ തടവും ഒരു ലക്ഷം മുതല്‍ 10 ലക്ഷം വരെ രൂപ വരെ പിഴയും ഈടാക്കും. വിസാ കാലാവധി കഴിഞ്ഞ് ഇന്ത്യയില്‍ താമസിക്കുകയോ വിസ വ്യവസ്ഥകള്‍ ലംഘിക്കുകയോ നിരോധനമുള്ള മേഖലകളില്‍ പ്രവേശിക്കുകയോ ചെയ്യുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ ശിക്ഷയും മൂന്ന് ലക്ഷം രൂപ പിഴയും വിധിക്കും. വ്യക്തമായ രേഖകളില്ലാതെ വിദേശികളെ വാഹനങ്ങളില്‍ കൊണ്ടുപോകുന്ന ട്രാവല്‍ ഓപ്പറേറ്റര്‍മാര്‍ക്ക് അഞ്ചു ലക്ഷം രൂപ വരെ പിഴയും വാഹനം കണ്ടുകെട്ടുകയും ചെയ്യും.
വ്യവസ്ഥകള്‍ വിദേശ സഞ്ചാരികളുടെ വരവ് നിലയ്ക്കാന്‍ കാരണമാകുമെന്നും ഭരണഘടനാ ലംഘനമാണെന്നും ദുരുപയോഗം ചെയ്യപ്പെടാമെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷം എതിര്‍ത്തു. ബില്‍ പിന്‍വലിക്കുകയോ ജെപിസിക്ക് വിടുകയോ ചെയ്യണമെന്ന് കോണ്‍ഗ്രസ് അംഗം മനീഷ് തിവാരിയും തൃണമൂല്‍ കോണ്‍ഗ്രസ് അംഗം പ്രൊഫ. സൗഗത റോയിയും ആവശ്യപ്പെട്ടു.