15 വർഷത്തിന് ശേഷം ഡിസിസി പ്രസിഡന്റുമാരുടെ ദേശീയ സമ്മേളനം നടത്താനൊരുങ്ങി കോൺഗ്രസ്
പാർട്ടിയിൽ ഘടനാപരമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് സമ്മേളനം.
ന്യൂഡൽഹി: പാർട്ടി ജില്ലാ പ്രസിഡന്റുമാരുടെ ദേശീയ സമ്മേളനം നടത്താൻ കോൺഗ്രസ് തീരുമാനം. 2009ന് ശേഷം ആദ്യമായാണ് പാർട്ടി ജില്ലാ പ്രസിഡന്റുമാരുടെ സമ്മേളനം നടത്തുന്നത്. പാർട്ടിയിൽ ഘടനാപരമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് സമ്മേളനം.
സംഘടനയുടെ പ്രവർത്തനം താഴേത്തട്ടിൽ കൂടുതൽ സജീവമാക്കാനുള്ള ഒരുക്കത്തിലാണ് ദേശീയ നേതൃത്വം. പാർട്ടി പ്രവർത്തനത്തിന്റെ കേന്ദ്രമായി ജില്ലാ കമ്മിറ്റികളെ മാറ്റാനാണ് ആലോചിക്കുന്നത്. പാർട്ടിയിൽ തീരുമാനമെടുക്കുന്നതിനുള്ള ഘടന കൂടുതൽ വികേന്ദ്രീകൃതമാക്കുന്നതിന്റെ ആദ്യ ഘട്ടമായാണ് ഡിസിസി പ്രസിഡന്റുമാരുടെ സമ്മേളനം.
ഏപ്രിൽ എട്ട്, ഒമ്പത് തീയതികളിൽ അഹമ്മദാബാദിൽ നടക്കുന്ന എഐസിസി സമ്മേളനത്തിന് മുമ്പ് ഡിസിസി പ്രസിഡന്റുമാരുടെ സമ്മേളനം നടത്താനായിരുന്നു നേരത്തെ ആലോചിച്ചിരുന്നത്. എന്നാൽ പല ജില്ലകളിലും ഇപ്പോഴും പുതിയ പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പ് പൂർത്തിയായിട്ടില്ല. ഈ സാഹചര്യത്തിൽ സമ്മേളനം നീട്ടിവെക്കാനാണ് സാധ്യത.
കേരളം, കർണാടക, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പുതിയ ഡിസിസി പ്രസിഡന്റുമാരെ നിയമിക്കുന്നത്. ഹരിയാനയിൽ ഒരു പതിറ്റാണ്ടിലധികമായി ബ്ലോക്ക്, ജില്ലാ കമ്മിറ്റികൾ നിർജീവമാണ്.
2009ൽ നടത്തിയ ഡിസിസി പ്രസിഡന്റുമാരുടെ സമ്മേളനം വലിയ വിജയമായിരുന്നുവെന്ന് ഒരു മുതിർന്ന നേതാവ് പ്രതികരിച്ചു. താഴേത്തട്ടിൽ പ്രവർത്തനം സജീവമായതാണ് യുപിഎ സർക്കാരിനെ അധികാരത്തിൽ തിരിച്ചെത്താൻ സഹായിച്ചത്.
കഴിഞ്ഞ ഡിസംബറിൽ ചേർന്ന കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗത്തിൽ ജില്ലാ ഘടകങ്ങളെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത പ്രതിനിധികൾ ചൂണ്ടിക്കാട്ടിയിരുന്നു. പാർട്ടിയുടെ ഘടനയിൽ നിർണായക മാറ്റങ്ങൾ വരുത്തി താഴേത്തട്ടിൽ കൂടുതൽ സജീവമാകാനാണ് തീരുമാനം. ഡൽഹി കേന്ദ്രീകരിച്ച് തീരുമാനങ്ങളെടുക്കുന്നതിന് നിലവിൽ ആർഎസ്എസ്-ബിജെപി പ്രവർത്തന രീതിയെ നേരിടുന്നതിന് പര്യാപ്തമല്ലെന്ന് നേതൃത്വത്തിന്റെ വിലയിരുത്തൽ