ആ​ന്ധ്രയിൽ ടി.ഡി.പിയും ജനസേന പാർട്ടിയും എൻ.ഡി.എ​യിലേക്ക്

ലോക്സഭാ സീറ്റ് വിഭജനത്തിൽ ഉടൻ തീരുമാനമെടുക്കും

Update: 2024-03-09 16:30 GMT

ഹൈദരാബാദ്: ആന്ധ്ര പ്രദേശിൽ ചന്ദ്രബാബു നായിഡുവിന്റെ തെലുഗു ദേശം പാർട്ടിയും പവൻ കല്യാണിന്റെ ജനസേന പാർട്ടിയും എൻ.ഡി.എയിൽ ചേരാൻ തീരുമാനിച്ചതായി ബി.ജെ.പി അറിയിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ആന്ധ്ര പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിലും സഖ്യം തുടരും. സീറ്റ് പങ്കിടലുമായി ബന്ധപ്പെട്ട ചർച്ചകൾ രണ്ട് ദിവസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് ബി.ജെ.പി അറിയിച്ചു.

‘ആന്ധ്രപ്രദേശ് വളരെ മോശമായി നശിപ്പിക്കപ്പെട്ടു കഴിഞ്ഞു. ബി.ജെ.പിയും ടി.ഡി.പിയും ഒന്നിക്കുന്നത് രാജ്യത്തിനും സംസ്ഥാനത്തിനും വിജയകരമായ സാഹചര്യമാണ്’ -ചർച്ചകൾക്ക് ശേഷം മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വ്യക്തമാക്കി.

Advertising
Advertising

ലോക്സഭാ തെരഞ്ഞെടുപ്പിൽ എട്ട് സീറ്റ് വിട്ടുനൽകാമെന്നാണ് ബി.ജെ.പിക്ക് ചന്ദ്രബാബു നായിഡുവിന്റെ വാഗ്ദാനം. അതുപോലെ നിയമസഭ തെരഞ്ഞെടുപ്പിൽ 30 സീറ്റും പാർട്ടി വിട്ടുനൽകും.

ദിവസങ്ങളായി ബി.ജെ.പിയും ടി.ഡി.പിയും ജനസേന പാർട്ടിയും ഇതുസംബന്ധിച്ച് ചർച്ച തുടരുകയാണ്. ബി.ജെ.പിയെ പ്രതിനിധീകരിച്ച് ആഭ്യന്തര മന്ത്രി അമിത്ഷായും ജെ.പി. നദ്ദയുമാണ് ചർച്ചയിൽ പ​ങ്കെടുത്തത്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ വിശാഖപട്ടണവും വിജയവാഡയും വേണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. ഇതേ സീറ്റിലേക്ക് ഉന്നതരെ മത്സരിപ്പിക്കാനാണ് ടി.ഡി.പി തീരുമാനിച്ചിരുന്നത്.

25 ലോക്സഭ മണ്ഡലങ്ങളാണ് ആന്ധ്രയിൽ. നാലിൽ കൂടുതൽ സീറ്റ് ബി.ജെ.പിക്ക് വിട്ടുനൽകാനാവില്ലെന്നായിരുന്നു നേരത്തേ നായിഡുവിന്റെ നിലപാട്. അതുപോലെ 175 നിയമസഭ മണ്ഡലങ്ങളിൽ 15 എണ്ണം ബി.ജെ.പിക്ക് നൽകാമെന്നും വ്യക്തമാക്കുകയുണ്ടായി. എന്നാൽ, പിന്നീട് നായിഡു സീറ്റ് സംബന്ധിച്ച നിലപാടിൽ അയവുവരുത്തി.

2018ലാണ് ടി.ഡി.പിയും ബി.ജെ.പിയും തമ്മിൽ പിരിയുന്നത്. ആന്ധ്രപ്രദേശിന് കേന്ദ്രം പ്രത്യേക പദവി അനുവദിച്ചില്ല എന്ന കാരണത്താലായിരുന്നു ടി.ഡി.പി സഖ്യം വിട്ടത്. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News