5 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയുടെ ആഭരണങ്ങൾ ഭർതൃവീട്ടുകാർ തട്ടിയെടുത്തു, വീട്ടിൽ നിന്ന് പുറത്താക്കി; വീഡിയോ
കഴിഞ്ഞ വർഷം മാർച്ചിലായിരുന്നു രഞ്ജന യാദവിന്‍റെയും അംബേദ്കർ നഗർ പ്രദേശത്തെ രമേശ് കുമാർ യാദവിന്‍റെയും വിവാഹം
ജലാൽപൂര്‍: കാലമിത്ര കഴിഞ്ഞിട്ടും നാട് പുരോഗമിച്ചിട്ടും ഈ നൂറ്റാണ്ടിലും സ്ത്രീധനമെന്ന വിപത്തിനെ തുടച്ചുനീക്കാൻ നമുക്ക് ഇനിയും സാധിച്ചിട്ടില്ല. സ്ത്രീധനവുമായി ബന്ധപ്പെട്ട പീഡനവും കൊലപാതകവും ആത്മഹത്യകളും അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ഉത്തര്‍പ്രദേശിലെ ജലാൽപൂരിൽ നിന്നും പുറത്തുവന്ന വാര്‍ത്ത അത്യധികം ഞെട്ടിക്കുന്നതാണ്. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഒരു യുവതിയെ ഭര്‍തൃവീട്ടുകാര്‍ വീട്ടിൽ നിന്നും ഇറക്കിവിടുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ വർഷം മാർച്ചിലായിരുന്നു രഞ്ജന യാദവിന്‍റെയും അംബേദ്കർ നഗർ പ്രദേശത്തെ രമേശ് കുമാർ യാദവിന്‍റെയും വിവാഹം. സ്ത്രീധനത്തിന്‍റെ പേരിൽ ഭര്‍തൃവീട്ടുകാര്‍ തന്നെ നിരന്തരം ഉപദ്രവിച്ചിരുന്നതായി രഞ്ജന പറയുന്നു. തന്‍റെ ആഭരണങ്ങൾ തട്ടിയെടുത്തെന്നും അഞ്ച് ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ടെന്നും ചൂണ്ടിക്കാട്ടി യുവതി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വിവാഹശേഷം ഭർത്താവിന്‍റെ വീട്ടിലേക്ക് പോയപ്പോൾ രഞ്ജനക്ക് സ്ത്രീധനമായി ഒരു ഫ്രിഡ്ജ്, കൂളർ, കിടക്ക തുടങ്ങി നിരവധി വസ്തുക്കൾ വീട്ടുകാര്‍ നൽകിയിരുന്നു. എന്നാൽ ഭര്‍തൃവീട്ടുകാര്‍ കൂടുതൽ സ്ത്രീധനം ചോദിച്ചുകൊണ്ടിരുന്നു. യുവതിയുടെ ആഭരണങ്ങളെല്ലാം കൈക്കലാക്കി. അഞ്ച് ലക്ഷം രൂപ നൽകിയില്ലെങ്കിൽ വീട്ടിൽ നിന്നും ഇറക്കിവിടുമെന്നും ഭീഷണിപ്പെടുത്തി. ഇത് ലഭിക്കാതെ വന്നപ്പോൾ രഞ്ജനയെ ഭര്‍തൃവീട്ടുകാര്‍ വീട്ടിൽ നിന്നും പുറത്താക്കുകയായിരുന്നു.
ഭർത്താവ് രമേശ് കുമാറും സഹോദരങ്ങളായ ശ്രീനാഥ്, രക്ഷറാം എന്നിവർ രഞ്ജനയെ പീഡിപ്പിച്ചിരുന്നതായാണ് വിവരം. യുവതിയെ ഒരാൾ വീട്ടിൽ നിന്നും വലിച്ചിറക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. രഞ്ജനെ വാതിലിൽ മുറുകെപ്പിടിച്ച് വിസമ്മതം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഭര്‍തൃമാതാപിതാക്കളെന്ന് തോന്നിക്കുന്ന രണ്ട് പേര്‍ യുവതിയെ പുറത്താക്കുന്നതാണ് വീഡിയോയിലുള്ളത്. ലോക്കൽ പൊലീസ് നിലവിൽ വിഷയം അന്വേഷിച്ചുവരികയാണ്. സ്ത്രീധന പീഡനത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രഞ്ജന നൽകിയ പരാതിയിൽ നടപടിയെടുക്കുമെന്ന് എസ്എച്ച്ഒ ജയ് പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു.
अम्बेडकरनगर: विवाहिता को ससुराल से बाहर निकाला, दहेज की मांग का आरोप
— भारत समाचार | Bharat Samachar (@bstvlive) March 17, 2025
🔸 ससुराल में दहेज न मिलने पर विवाहिता को घर से निकाला
🔸 पीड़िता का आरोप: जेठ और पति ने किया जबरन बाहर निकालने का प्रयास
🔸 वायरल हुआ वीडियो, जिसमें विवाहिता को खींचकर बाहर निकाला जाता है
🔸 2024 में जलालपुर… pic.twitter.com/UfJnVNii3H