ക്യാൻസലേഷൻ ചാര്‍ജായി ഇന്‍ഡിഗോ ഈടാക്കിയത് 8,111 രൂപ; പകൽക്കൊള്ളയെന്ന് യാത്രക്കാരൻ

നഗ്നമായ കൊള്ളയടി എന്നാണ് യാത്രക്കാരൻ വിശേഷിപ്പിച്ചത്

Update: 2025-05-13 06:10 GMT
Editor : Jaisy Thomas | By : Web Desk

ഡൽഹി: ഇന്ത്യാ-പാക് സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്‍ഡിഗോ നിരവധി വിമാനങ്ങൾ റദ്ദാക്കിയത് മൂലം യാത്രക്കാര്‍ക്ക് കനത്ത നഷ്ടമാണ് ഉണ്ടായത്. വിമാനങ്ങൾ റദ്ദാക്കിയതിന് ശേഷം ക്യാന്‍സലേഷൻ ചാര്‍ജിന്‍റെ പേരിൽ കമ്പനി പകൽക്കൊള്ളയാണ് നടത്തുന്നതെന്ന പരാതിയുമായി ഉപഭോക്താക്കൾ രംഗത്തെത്തി. നിരവധി പേരാണ് സോഷ്യൽമീഡിയയിൽ അനുഭവം പങ്കിട്ടത്.

ചണ്ഡീഗഡ്-മുംബൈ വിമാനം റദ്ദാക്കിയതിന്‍റെ പേരിൽ ഇൻഡിഗോ 8,111 രൂപ ക്യാൻസലേഷൻ ചാര്‍ജായി ഈടാക്കിയെന്നാണ് അൻജുഷ് വി ഭാട്യ എന്നയാളുടെ പരാതി. ഇതിന്‍റെ സ്ക്രീൻ ഷോട്ട് അദ്ദേഹം എക്സിൽ പങ്കുവച്ചിട്ടുണ്ട്. നഗ്നമായ കൊള്ളയടി എന്നാണ് യാത്രക്കാരൻ ഇതിനെ വിശേഷിപ്പിച്ചത്. വിമാനം റദ്ദാക്കിയ സാഹചര്യത്തിൽ മറ്റ് വിമാനക്കമ്പനികൾ ബുക്കിംഗ് തുകയുടെ ഏതാണ്ട് മുഴുവൻ തുകയും തിരികെ നൽകുമ്പോഴാണ് ഇൻഡിഗോയുടെ കൊള്ളയെന്ന് ഉപഭോക്താവ് കുറിച്ചു. 10000ത്തോളം രൂപ മുടക്കിയാണ് ചണ്ഡീഗഡിൽ നിന്നും മുംബൈയിലേക്കുള്ള ഇൻഡിഗോ ഫ്ലൈറ്റ് ഇയാൾ ബുക്ക് ചെയ്തത്. 2050 രൂപയാണ് റീഫണ്ട് തുകയായി ഉപഭോക്താവിന് ലഭിച്ചത്. മറ്റ് വിമാനക്കമ്പനികൾ 100 ശതമാനവും തിരികെ നൽകുമ്പോൾ ഇൻഡിഗോ 80 ശതമാനം ക്യാൻസലേഷൻ നിരക്കായി ഈടാക്കിയതെന്ന് യാത്രക്കാരൻ ചൂണ്ടിക്കാട്ടുന്നു. ഇത് അനുവദനീയമാണോ? എന്ന് ചോദിച്ചുകൊണ്ട് അദ്ദേഹം തന്‍റെ പോസ്റ്റിൽ സിവിൽ ഏവിയേഷൻ മന്ത്രാലയത്തെ ടാഗ് ചെയ്തു.

Advertising
Advertising

ഇൻഡിഗോയും എയർ ഇന്ത്യയും വിമാനങ്ങൾ റദ്ദാക്കാൻ തുടങ്ങിയതിനുശേഷം സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്ന നിരവധി പരാതികളിൽ ഒന്നായിരുന്നു ഇത്. വിഭോര്‍ അഗര്‍വാൾ എന്നയാൾക്കും സമാന അനുഭവം നേരിട്ടു. പറ്റ്നയിൽ നിന്നും ചണ്ഡീഗഡിലേക്കുള്ള വിമാനം 3 ദിവസത്തേക്ക് മാറ്റി ഷെഡ്യൂൾ ചെയ്തതിന് 8,558 രൂപയാണ് ക്യാൻസലേഷൻ ചാര്‍ജായി ഇൻഡിഗോ ഈടാക്കിയത്. വിമാനക്കമ്പനി റദ്ദാക്കിയ ഫ്ലൈറ്റിന്‍റെ മുഴുവൻ തുകയും ലഭിക്കാൻ താനെന്തിനാണ് ഇത്രയധികം കഷ്ടപ്പെടുന്നതെന്നും സിവിൽ ഏവിയേഷൻ മന്ത്രാലയം ഇക്കാര്യം പരിശോധിക്കണമെന്നും വിഭോര്‍ ആവശ്യപ്പെട്ടു.

മെയ് 9 ന് ഇൻഡിഗോ ശ്രീനഗർ, ജമ്മു, അമൃത്സർ, ലേ, ചണ്ഡീഗഢ്, ധർമ്മശാല, ബിക്കാനീർ, ജോധ്പൂർ, കിഷൻഗഢ്, രാജ്കോട്ട് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും മെയ് 10 ന് അർധരാത്രി വരെ റദ്ദാക്കിയതായി അറിയിച്ചിരുന്നു.മെയ് 13-ന് ജമ്മു, അമൃത്സർ, ചണ്ഡീഗഢ്, ലേ, ശ്രീനഗർ, രാജ്കോട്ട് വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളും എയർലൈൻ റദ്ദാക്കിയിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News