Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ബംഗളൂരു: ജോലിസ്ഥലത്ത് ജാതി അധിക്ഷേപം നേരിട്ടതായി ഇന്‍ഡിഗോ പൈലറ്റിന്റെ പരാതി. ഇന്‍ഡിഗോയില്‍ ട്രെയിനി പൈലറ്റായി ജോലി ചെയ്യുന്ന ശരണ്‍ കുമാറെന്ന യുവാവിനെ മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ജാതി അധിക്ഷേപം നടത്തിയെന്നാണ് ആരോപണം. പൈലറ്റിന്റെ പരാതിയില്‍ ബംഗളൂരു പൊലീസ് കേസെടുത്തു.
ആരോപണ വിധേയരായ മൂന്ന് ഉദ്യാഗസ്ഥര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്‍ഡിഗോ ഉദ്യോഗസ്ഥരായ തപസ് ഡേ, മനിഷ് സാഹ്നി, ക്യാപ്റ്റന്‍ രാഹുല്‍ പാട്ടീല്‍ എന്നിവര്‍ക്കെതിരെയാണ് എസ്സി/എസ്ടി നിയമപ്രകാരം പൊലീസ് കേസെടുത്തത്. 'വിമാനം പറത്താന്‍ യോഗ്യനല്ലെന്നും ചെരുപ്പ് തുന്നാന്‍ പോകൂ' എന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞതായാണ് യുവാവിന്റെ പരാതി.
ഏപ്രില്‍ 28ന് ഇന്‍ഡിഗോയുടെ ഗുരുഗ്രാമിലെ ആസ്ഥാനത്തെ ഓഫീസില്‍നടന്ന ഒരു യോഗത്തിനിടെയായിരുന്നു സംഭവം. യോഗത്തിനിടെ അരമണിക്കൂറോളം അധിക്ഷേപം നടത്തിയെന്നും പിന്നീട് ആവര്‍ത്തിച്ച് പീഡിപ്പിച്ചെന്നും അന്യായമായി ശമ്പളം വെട്ടിക്കുറച്ചെന്നും പരാതിയില്‍ പറഞ്ഞു.
എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് ഇന്‍ഡിഗോ പ്രതികരിച്ചു. യുവാവിന്റെ ആരോപണങ്ങളെ നിയമനടപടിയിലൂടെ നേരിടുമെന്നും ഇന്‍ഡിഗോ അറിയിച്ചു.