ഹണിമൂൺ കൊലപാതകം: കൊലപാതകത്തിന് ശേഷം രാജാ രഘുവംശിയുടെ സംസ്കാരച്ചടങ്ങില്‍ പങ്കെടുത്ത് യുവതിയുടെ കാമുകൻ, പിതാവിനെ ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

സംസ്കാരച്ചടങ്ങിൽ പങ്കെടുത്ത നിരവധി ആളുകൾക്കൊപ്പം കുശ്വാഹയും ഉണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു

Update: 2025-06-10 06:58 GMT
Editor : Jaisy Thomas | By : Web Desk

ഇൻഡോര്‍: മേഘാലയയിൽ ഹണിമൂൺ ആഘോഷത്തിനിടെ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യയടക്കം അഞ്ച് പേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. കൊലപ്പെട്ട രാജാ രഘുവംശിയുടെ ഭാര്യ സോനത്തിന്‍റെ കാമുകൻ രാജ് കുശ്വാഹയുമായി ചേര്‍ന്നാണ് യുവതി കൊലപാതകം ആസൂത്രണം ചെയ്തത്. കൊലപാതകത്തിന് ശേഷം രാജ് കുശ്വാഹ രാജാ രഘുവംശിയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുകയാണ്.

സംസ്കാരച്ചടങ്ങിൽ പങ്കെടുത്ത നിരവധി ആളുകൾക്കൊപ്പം കുശ്വാഹയും ഉണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. രാജയുടെ പിതാവിനെ ചേര്‍ത്തുനിര്‍ത്തി കുശ്വാഹ ആശ്വസിപ്പിക്കുന്നുമുണ്ട്. പിതാവിനെ മൃതദേഹത്തിനരികിലേക്ക് കൊണ്ടുപോകുന്നതും രാജ് ആണ്. ജൂൺ 2നാണ് മേഘാലയയിലെ ഒരു മലയിടുക്കിൽ നിന്ന് രാജയുടെ മൃതദേഹം കണ്ടെത്തുന്നത്. താമസിയാതെ, മൃതദേഹം അദ്ദേഹത്തിന്‍റെ ജന്മനാടായ ഇൻഡോറിലേക്ക് സംസ്കാരത്തിനായി കൊണ്ടുവന്നു. മേയ് 23 നാണ് ദമ്പതികളെ കാണാതാകുന്നത്. രാജയുടെ മൃതദേഹം കണ്ടെത്തിയെങ്കിലും സോനത്തിനെ കണ്ടെത്താനായില്ല. ഒടുവിൽ കഴിഞ്ഞ ദിവസം യുവതി ഉത്തര്‍പ്രദേശിലെ ഗാസിപൂരിൽ കീഴടങ്ങുകയായിരുന്നു. അബോധാവസ്ഥയിലായിരുന്ന സോനം തങ്ങളെ ഒരു സംഘം ആക്രമിച്ചു കൊള്ളയടിച്ചുവെന്നാണ് പൊലീസിനോട് പറഞ്ഞത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. തുടര്‍ന്ന് മേഘാലയ പൊലീസിന് കൈമാറുകയായിരുന്നു.

Advertising
Advertising

സോനത്തിന്‍റെ കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള പ്ലൈവുഡ് നിർമ്മാണ യൂണിറ്റിലെ ബില്ലിങ് വിഭാഗത്തിലാണ് കുശ്വാഹ ജോലി ചെയ്തിരുന്നത്. കോളേജിൽ നിന്ന് ബിരുദം നേടിയ ശേഷം സോനം എച്ച്ആർ വിഭാഗത്തിലാണ് ജോലി ചെയ്തത്.ഏകദേശം രണ്ട് വർഷം മുമ്പാണ് ഇവര്‍ പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും. സോനത്തിന്‍റെ വീടിനടുത്താണ് കുശ്വാഹ താമസിച്ചിരുന്നത്. എന്നാൽ അടുത്തിടെ കൊലപാതകം നടത്തിയെന്ന് സംശയിക്കുന്ന മറ്റ് പ്രതികൾ താമസിച്ചിരുന്ന നന്ദ്ബാഗ് പ്രദേശത്തേക്ക് താമസം മാറി.കൊലപാതകത്തിലെ മറ്റ് മൂന്ന് പ്രതികളായ വിശാൽ ചൗഹാൻ, ആകാശ് രജ്പുത്, ആനന്ദ് കുർമി എന്നിവരെ കുശ്വാഹ വാടകയ്‌ക്കെടുത്തതാണെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു. കൊലപാതകം നടന്ന സ്ഥലത്തിന് സമീപം രാജയുടെയും മൂന്ന് അക്രമികളുടെയും പിന്നിൽ സോനത്തിനെ കണ്ടതായി ഒരു പ്രാദേശിക ഗൈഡ് പൊലീസിനോട് പറഞ്ഞതാണ് കേസിൽ വഴിത്തിരിവായത്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News