എം.കെ ഫൈസിയുടെ അറസ്റ്റ് ന്യൂനപക്ഷ വേട്ടയുടെ തുടർച്ച: ജമാഅത്തെ ഇസ്‌ലാമി

സാമ്പത്തിക അന്വേഷണങ്ങളുടെ മറവിൽ മതന്യൂനപക്ഷങ്ങളെയും പ്രതിപക്ഷ പാർട്ടി നേതാക്കളെയും വേട്ടയാടുന്ന പ്രവണത വർധിച്ചുവരികയാണെന്ന് ജമാഅത്തെ ഇസ്‌ലാമി അമീർ സയ്യിദ് സാദത്തുല്ല ഹുസൈനി പറഞ്ഞു.

Update: 2025-03-06 15:22 GMT

ന്യൂഡൽഹി: സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) ദേശീയ പ്രസിഡന്റ് എം.കെ. ഫൈസിയെ കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമപ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തതിൽ ആശങ്ക രേഖപ്പെടുത്തി ജമാഅത്തെ ഇസ്‌ലാമി. മതന്യൂനപക്ഷങ്ങൾ, പ്രതിപക്ഷ പാർട്ടികൾ, പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നേതാക്കളെ ലക്ഷ്യംവെക്കുന്നതും സാമ്പത്തിക അന്വേഷണങ്ങളുടെ മറവിൽ രാഷ്ട്രീയ വിയോജിപ്പുകളെ വ്യാപകമായി അടിച്ചമർത്തുകയും ചെയ്യുന്ന പ്രവണതയാണ് സമീപ വർഷങ്ങളിൽ കണ്ടുവരുന്നത്. അതിന്റെ തുടർച്ചയായാണ് എം.കെ ഫൈസിയുടെ അറസ്റ്റിനെ കാണുന്നതെന്ന് ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീർ സയ്യിദ് സാദത്തുല്ല ഹുസൈനി പറഞ്ഞു.

Advertising
Advertising

ഫൈസിയുടെ അറസ്റ്റിന്റെ സമയവും രീതിയും തുടർന്ന് ജാമ്യമില്ലാ വാറണ്ടുകൾ പുറപ്പെടുവിച്ചതും വളരെ ആസൂത്രിതമായ സമീപനത്തെയാണ് സൂചിപ്പിക്കുന്നത്. എന്നാൽ വിദ്വേഷ പ്രസംഗങ്ങളിലും അക്രമ പ്രവർത്തനങ്ങളിലും പരസ്യമായി ഏർപ്പെട്ടിരിക്കുന്ന നിരവധി ഗ്രൂപ്പുകൾക്കെതിരെ ഇത്തരം നടപടികളൊന്നും ഉണ്ടാവുന്നില്ല. നിയമത്തിന്റെ ഈ തിരഞ്ഞെടുത്ത പ്രയോഗം രാജ്യത്തിന്റെ നിയമ-ജനാധിപത്യ സ്ഥാപനങ്ങളിലുള്ള പൊതുജനവിശ്വാസത്തെ ദുർബലപ്പെടുത്തുകയും അധികാരത്തിന്റെ ദുരുപയോഗത്തെക്കുറിച്ച് നിർണായകമായ ചോദ്യങ്ങൾ ഉയർത്തുകയും ചെയ്യുന്നു. വ്യക്തികളെയും സംഘടനകളെയും ലക്ഷ്യമിട്ടുള്ള എല്ലാ തരം അനീതികളെയും പക്ഷപാതത്തെയും തങ്ങൾ അപലപിക്കുന്നു. ഏതെങ്കിലും വ്യക്തിക്കോ സംഘടന്ക്കോ എതിരെ വ്യക്തമായ തെളിവുകൾ ഉണ്ടെങ്കിൽ, അന്വേഷണ ഏജൻസികളുടെ നടപടികൾ ന്യായമായും രാഷ്ട്രീയ പക്ഷപാതത്തിൽ നിന്ന് മുക്തമായി തുടരണം. ഭരണഘടനാ തത്വങ്ങൾക്കനുസൃതമായി നീതി നടപ്പാക്കപ്പെടുകയും വ്യക്തമായി ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ജമാഅത്തെ ഇസ്‌ലാമി അമീർ പ്രസ്താവനയിൽ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News