ജ്യോതി മൽഹോത്ര കേരളത്തിലുമെത്തി;പാകിസ്താനു വേണ്ടി ചാരവൃത്തി കേസിൽ പിടിയിലായ യൂട്യൂബർ ആരാണ് ?

വടക്കേ ഇന്ത്യയിൽ പ്രവർത്തിക്കുന്ന പാകിസ്താൻ ചാര ശൃഖംലയുടെ പ്രധാന കണ്ണിയായി അന്വേഷണ സംഘം കരുതുന്നത് ജ്യോതിയെയാണ്

Update: 2025-05-18 06:30 GMT

തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് പാകിസ്താന് ചാരവൃത്തി ചെയ്യുന്നുവെന്ന് ആരോപിച്ച് ട്രാവൽ യൂട്യൂബറായ ജ്യോതി മൽഹോത്രയെ ഹരിയാനയിലെ ഹിസാർ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. 'ട്രാവൽ വിത്ത് ജോ' എന്ന യൂട്യൂബ് ചാനലിൽ മൂന്നു ലക്ഷത്തിലധികം കാഴ്ചക്കാരുള്ള യൂട്യൂബറാണ് ജ്യോതി. വടക്കേ ഇന്ത്യയിൽ പ്രവർത്തിക്കുന്ന പാകിസ്താൻ ചാര ശൃഖംലയുടെ പ്രധാന കണ്ണിയായി അന്വേഷണ സംഘം കരുതുന്നത് ജ്യോതിയെയാണ്.

നിരവധി സ്ഥലങ്ങൾ സന്ദർശിച്ചിട്ടുള്ള വ്യക്തിയാണ് ജ്യോതി. തന്റെ യാത്രകളുടെ ഭാഗമായി ഏഴ് ദിവസം കേരളത്തിലും തങ്ങിയിട്ടുണ്ട് ഈ യൂട്യൂബർ. ബഡ്ജറ്റ് ഫ്രണ്ട്ലി കേരള യാത്രാ പ്ലാനെന്ന പേരിൽ തന്റെ ഏഴ് ദിവസത്തെ കേരള സന്ദർശനത്തിന്റെ വീഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. കേരളത്തിലെ തിരുവനന്തപുരം,ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, കൊച്ചി എന്നിങ്ങനെ കേരളത്തിലെ വിവിധയിടങ്ങൾ ജ്യോതി സന്ദർശിച്ചതായി മൂന്നു മാസം മുമ്പ് പോസ്റ്റ് ചെയ്ത വീഡിയോയിൽ കാണാം.

Advertising
Advertising

ജ്യോതി രണ്ട് തവണ പാകിസ്താൻ സന്ദർശിച്ചിട്ടുള്ളതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 'ഇന്ത്യക്കാരിയായ പെൺകുട്ടി പാകിസ്താനിൽ' എന്ന പേരിൽ വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. 2023 ൽ പാകിസ്താനിലേക്ക് നടത്തിയ യാത്രയിലാണ് പാകിസ്താൻ ഹൈകമ്മീഷനിലെ ജീവനക്കാരനായ ദാനിഷിനെ പരിചയപ്പെടുന്നത്. ദാനിഷ് ജ്യോതിയെ പാകിസ്താൻ ഇന്റലിജൻസ് ഓപറേറ്റീവ്സിന് പരിചപ്പെടുത്തുകയും ജ്യോതിയുമായി നിരന്തരം ആശയവിനിമയം നടത്തുകയും ചെയ്തതായി എഫ്ഐആറിൽ പറയുന്നു.

2023 ൽ തന്നെയാണ് രണ്ടാമത്തെ പാകിസ്താൻ സന്ദർശനവും നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. റന ഷഹബാസ്, ഷാക്കിർ, അലി എഹ്വാൻ എന്നിവരെ പരിചയപ്പെടുന്നതും ബന്ധം സ്ഥാപിക്കുന്നതും രണ്ടാമത്തെ സന്ദർശനവേളയിലാണ്. സംശയം തോന്നാതിരിക്കാൻ വ്യാജ പേരുകളിലാണ് ഇവരുടെ നമ്പറുകൾ സേവ് ചെയ്തത്. പിന്നീട് ഇവരിലൊരാൾക്കൊപ്പം ബാലിയും ഇന്ത്യോനേഷ്യയും സന്ദർശിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

ഹരിയാന, പഞ്ചാബ് കേന്ദ്രമായി പ്രവർത്തിക്കുന്ന ചാരശൃംഖലയിലെ മുഖ്യ കണ്ണിയാണ് ജ്യോതിയെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യത്തിന്റെ തന്ത്ര പ്രധാനമായ വിവരങ്ങൾ പാകിസ്താന് കൈമാറിയെന്നും സാമ്പത്തികമായി സഹായിച്ചുവെന്നും ചാരവൃത്തി നടത്തിയെന്നും ആരോപിച്ച് ജ്യോതിയടക്കം ആറു പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 1923 ലെ ഔദ്യോഗിക രഹസ്യ നിയമത്തിലെ 3,4,5, ബിഎൻഎസ് സെക്ഷൻ 151 എന്നിവയാണ് ജ്യോതിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News