Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
Photo | Special Arrangement
ബംഗളൂരു: ഒൻപത് വയസുകാരനെ ക്രൂരമായി മര്‍ദിച്ച അധ്യാപകന്‍ അറസ്റ്റിൽ. കർണാടകയിലെ ചിത്രദുർഗ ജില്ലയിലെ നായകനഹട്ടിയിലെ ശ്രീഗുരു തിപ്പേരുദ്രസ്വാമി റെസിഡൻഷ്യൽ വേദ സ്‌കൂളിലെ അധ്യാപകനായ വീരേഷ് ഹിരാമത്താണ് അറസ്റ്റിലായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെ സ്കൂൾ മാനേജ്മെന്റ് അധ്യാപകനെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു. മറ്റൊരാളുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് മുത്തശ്ശിയെ വിളിച്ചതിനായിരുന്നു മർദനം. എന്തിന് വിളിച്ചു? ആരോട് ചോദിച്ചു വിളിച്ചു എന്നീ ചോദ്യങ്ങൾ ഉന്നയിച്ചായിരുന്നു ക്രൂര മർദനം. ചവിട്ടേറ്റ് കുട്ടി ദയനീയമായി നിലവിളിക്കുമ്പോഴും അട്ടഹാസം മുഴക്കിയായിരുന്നു മർദനം.
എട്ട് മാസങ്ങൾക്ക് മുൻപായിരുന്നു സംഭവമെങ്കിലും അടുത്തിടെയാണ് വെളിച്ചത്തുവന്നത്. സംഭവത്തിന് പിന്നാലെ വിദ്യാർഥി ടിസി വാങ്ങി സ്കൂളിൽ നിന്ന് പോയിരുന്നു. ഒളിവിൽ പോയ അധ്യാപകനെ കലാബുറഗിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
എന്നാൽ ഈ വിദ്യാലയം ഇനി പ്രവർത്തിക്കേണ്ട എന്ന നിലപാടിലാണ് നാട്ടുകാർ. സ്കൂൾ ഓഫീസിലേക്ക് സംഘടിച്ചെത്തിയ നാട്ടുകാർ സ്കൂൾ ട്രസ്റ്റിയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. ചിത്രദുർഗ ജില്ലയിൽ ഗുരു തിപ്പെ രുദ്രസ്വാമി ക്ഷേത്രത്തിന് കീഴിൽ റസിഡൻഷ്യൽ സ്കൂളായി പ്രവർത്തിക്കുന്ന ഇവിടെ ആദ്യ ഘട്ടത്തിൽ മുപ്പതോളം കുട്ടികളുണ്ടായിരുന്നു. എന്നാൽ പ്രധാന അധ്യാപകന്റെ ക്രൂരത ഭയന്ന് പലരും സ്ഥലംവിട്ടു. ഇപ്പോൾ പത്തിൽ താഴെ കുട്ടികൾ മാത്രമാണ് ഇവിടെ താമസിച്ച് പഠിക്കുന്നത്. പ്രധാനാധ്യാപാകൻ തങ്ങളെയും ഭീഷണിപ്പെടുത്താറുണ്ടെന്ന് മറ്റ് കുട്ടികൾ പറഞ്ഞു.