ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ ഇ.ഡി സമന്‍സ് അയക്കുന്നത് നിര്‍ത്തും; മോദിയെ വിമര്‍ശിച്ച് കെജ്‌രിവാള്‍

പ്രതിപക്ഷ നേതാക്കളെ ബി.ജെ.പിയില്‍ ചേരാന്‍ മോദി നിര്‍ബന്ധിക്കുന്നുവെന്ന് കെജ്‌രിവാള്‍ പറഞ്ഞു

Update: 2024-03-07 06:31 GMT
Advertising

ഡല്‍ഹി: ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയക്കുന്നത് നിര്‍ത്തുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പ്രതിപക്ഷ നേതാക്കളെ ബി.ജെ.പിയില്‍ ചേരാന്‍ മോദി നിര്‍ബന്ധിക്കുന്നുവെന്നും കെജ്‌രിവാള്‍ പറഞ്ഞു. എട്ട് തവണ ഇ.ഡിയുടെ  സമന്‍സ് തള്ളിയ കെജ്‌രിവാള്‍ എക്‌സിലൂടെയാണ് പ്രധാനമന്ത്രിക്കെതിരെ രംഗത്തെത്തിയത്.

സമന്‍സ് ഒഴിവാക്കിയതിന് പ്രോസിക്യൂഷന്‍ നടപടി ആവശ്യപ്പെട്ട് അന്വേഷണ ഏജന്‍സി ഡല്‍ഹി കോടതിയില്‍ പുതിയ പരാതി നല്‍കിയതിന് പിന്നാലെയാണ് കെജ്‌രിവാളിന്റെ പ്രതികരണം. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് ഇ.ഡി നീക്കം.

ബി.ജെ.പി.യിലേക്കോ അതോ ജയിലിലേക്കോ? നിങ്ങള്‍ എവിടെ പോകുമെന്ന് ചോദിച്ചാണ് ഇ.ഡി റെയ്ഡുകള്‍ നടത്തുന്നത്. ബി.ജെ.പിയില്‍ ചേരാന്‍ വിസമ്മതിക്കുന്നവരെ ജയിലിലേക്ക് അയക്കും. കെജ്‌രിവാള്‍ വിമര്‍ശിച്ചു. സത്യേന്ദര്‍ ജെയിന്‍, മനീഷ് സിസോദിയ, സഞ്ജയ് സിംഗ് എന്നിവര്‍ ഇന്ന് ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ നാളെ ജാമ്യം ലഭിക്കും. ഇപ്പോള്‍ താന്‍ ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ ഇ.ഡി സമന്‍സ് അയക്കുന്നത് നിര്‍ത്തും' അദ്ദേഹം എക്‌സില്‍ പറഞ്ഞു.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കെജ്‌രിവാളിന് സമന്‍സ് അയച്ചിട്ടും ഹജരാകാത്തതില്‍ ഇ.ഡി കോടതിയെ സമീപിച്ചിരുന്നു. കെജ്‌രിവാളിനെ ചോദ്യം ചെയ്യണമെന്നാണ് ആവശ്യം. ഇ.ഡി സമന്‍സുകളെല്ലാം നിയമവിരുദ്ധമാണെന്ന് കെജ്‌രിവാള്‍ കുറ്റപ്പെടുത്തി. മാര്‍ച്ച് 12ന് ശേഷം വിഡിയോ കോണ്‍ഫറന്‍സ് വഴി തന്നെ ചോദ്യം ചെയ്യാമെന്നും അദ്ദേഹം ഇ.ഡിയെ അറിയിച്ചിരുന്നു.

Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News