'എവിടെ നിങ്ങളുടെ രാജധർമ്മം? ഇരട്ട എഞ്ചിൻ തകര്‍ത്തത് മണിപ്പൂരിലെ നിഷ്കളങ്ക ജീവിതങ്ങളെ'; മോദിയുടെ സന്ദർശനം പ്രഹസനമെന്ന് കോൺഗ്രസ്‌

മോദി നടത്തുന്ന റോഡ് ഷോ ദുരിതാശ്വാസ ക്യാമ്പുകളിലെ ആളുകളുടെ നിലവിളി കേള്‍ക്കാതെ രക്ഷപ്പെടാനുള്ള ഭീരുത്വം മാത്രമാണെന്നും ഖാര്‍ഗെ

Update: 2025-09-13 08:17 GMT
Editor : Lissy P | By : Web Desk

ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണിപ്പൂർ സന്ദർശനം പ്രഹസനമെന്ന് കോൺഗ്രസ്. പരിക്കേറ്റ ഒരു ജനതയോടുള്ള കടുത്ത അപമാനമാണിതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എക്സില്‍ കുറിച്ചു.

ഇംഫാലിലും ചുരാചന്ദ്പൂരിലും ഇന്ന് നിങ്ങൾ നടത്തുന്ന റോഡ് ഷോ ദുരിതാശ്വാസ ക്യാമ്പുകളിലെ ആളുകളുടെ നിലവിളി കേള്‍ക്കാതെ രക്ഷപ്പെടാനുള്ള  ഭീരുത്വം മാത്രമാണെന്നും ഖാര്‍ഗെ വിമര്‍ശിച്ചു.മണിപ്പൂരില്‍ 864 ദിവസം അക്രമങ്ങൾ നടന്നിട്ടും പ്രധാനമന്ത്രി രണ്ട് വർഷത്തിലേറെയായി മണിപ്പൂർ സന്ദർശിച്ചില്ല.

അക്രമങ്ങളിൽ ഏകദേശം 300 പേർ കൊല്ലപ്പെടുകയും 67,000 പേർക്ക് ഭവനരഹിതരാകുകയും 1,500 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ കാലയളവിൽ മോദി 46 വിദേശ യാത്രകൾ നടത്തിയിട്ടുണ്ടെന്നും സ്വന്തം പൗരന്മാരോട് രണ്ട് വാക്ക് സഹതാപം പ്രകടിപ്പിക്കാൻ ഒരിക്കല്‍ പോലും മണിപ്പൂരിലെത്തിയില്ലെന്നും ഖാര്‍ഗെ വിമര്‍ശിച്ചു. 2022 ജനുവരിയിലെ തെരഞ്ഞെടുപ്പിന് വേണ്ടിയാണ് ഒടുവില്‍ മണിപ്പൂര്‍ സന്ദര്‍ശിച്ചത്. എവിടെ നിങ്ങളുടെ രാജധര്‍മ്മം. നിങ്ങളുടെ ഇരട്ട എഞ്ചിൻ മണിപ്പൂരിലെ നിഷ്കളങ്ക ജീവിതങ്ങളെ തകർത്തുവെന്നും അദ്ദേഹം പറഞ്ഞു.

Advertising
Advertising

പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ പ്രധാനമന്ത്രി മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കും കഴിവില്ലെന്നും അക്രമം തുടര്‍ന്നിട്ടും സര്‍ക്കാറിന് രക്ഷപ്പെടാനായി രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയായിരുന്നുവെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി.

സംഘർഷം ആരംഭിച്ച് രണ്ടുവർഷം കഴിയുമ്പോഴാണ് മോദി മണിപ്പൂരിലെത്തുന്നത്.പ്രദേശത്ത് കനത്തമഴ തുടരുന്നതിനാല്‍ ഹെലികോപ്ടര്‍ യാത്ര റദ്ദാക്കി റോഡ് മാര്‍ഗമാണ് മോദി ചുരാചന്ദ്പൂരിലെത്തുന്നത്. 

മണിപ്പൂരിലെത്തുന്ന മോദി കുക്കി-മെയ്തെയ് വിഭാഗങ്ങളെ സന്ദർശിക്കും.നിരവധി വികസന പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനവും ചെയ്യും. കുക്കികളുമായി സംവദിക്കുകയും പീസ് ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ 7,300 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും ചെയ്യും. മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് സംസ്ഥാന തലസ്ഥാനമായ ഇംഫാലിലും ചുരാചന്ദ്പൂർ ജില്ലയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News