പ്രണയവിവാഹത്തിന് പിന്നാലെ 16കാരനെ തട്ടിക്കൊണ്ടുപോയ സംഭവം; തമിഴ്‌നാട് എഡിജിപി അറസ്റ്റിൽ

മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെയാണ് അറസ്റ്റ്

Update: 2025-06-17 03:26 GMT
Editor : ലിസി. പി | By : Web Desk

ചെന്നൈ: പ്രണയവിവാഹത്തിന് പിന്നാലെ 16കാരനെ തട്ടിക്കൊണ്ടുപോയ കേസിൽ തമിഴ്‌നാട് സായുധ പൊലീസ് വിഭാഗം എഡിജിപി എച്ച്.എം ജയറാം അറസ്റ്റിൽ. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെയാണ് അറസ്റ്റ്. കേസിൽ എം.എൽ.എയും പുരട്ചി ഭാരതം പാർട്ടിയുടെ തലവനുമായ പൂവൈ ജഗൻ മൂർത്തിയോട് അന്വേഷണത്തിനായി പൊലീസിന് മുന്നിൽ ഹാജരാകാനും കോടതി നിർദേശിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയത് എഡിജിപിയുടെ കാറിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ...തേനി സ്വദേശിയായ യുവതിയും തിരുവള്ളൂർ സ്വദേശിയായ 22 കാരനും  തമ്മിലുള്ള പ്രണയവിവാഹത്തിന് പിന്നാലെയാണ് തട്ടിക്കൊണ്ടുപോകൽ നടന്നത്. സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. യുവതിയുടെ വീട്ടുകാരെ എതിർപ്പിനെ മറികടന്ന് കഴിഞ്ഞമാസം ഇവർ വിവാഹിതരായി. യുവതിയുടെ പിതാവ് യുവാവിനെ തട്ടിക്കൊണ്ടുപോകാനായി പദ്ധതിയിട്ടിരുന്നു.

Advertising
Advertising

എന്നാൽ ഇതിന് സാധിക്കാതെ വന്നതോടെ യുവാവിന്റെ സഹോദരനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സർവീസിൽ നിന്ന് പിരിച്ചുവിട്ട മുൻ പൊലീസ് കോൺസ്റ്റബിളായ മഹേശ്വരി,എംഎൽഎ ജഗൻ മൂർത്തി,എഡിജിപി ജയറാം എന്നിവരുടെ അറിവോടെയാണ് തട്ടിക്കൊണ്ടുപോകലെന്നാണ് പൊലീസ് പറയുന്നത്.

അമ്മ പൊലീസിൽ പരാതി നൽകിയതോടെ 16കാരനെ വിട്ടയക്കുകയും ചെയ്തു. കുട്ടിയെ തട്ടിക്കൊണ്ടുപോയി വിട്ടയച്ചത് എഡിജിപി ജയറാമിന്റെ കാറിലായിരുന്നുവെന്ന് അന്വേഷണസംഘം പിന്നീട് കണ്ടെത്തുകയായിരുന്നു. പൊലീസ് വാഹനം ഓടിച്ചത് സർവീസിലുള്ള കോൺസ്റ്റബിളായിരുന്നുവെന്നും കാറിൽ  എംഎൽഎയും ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.തട്ടിക്കൊണ്ടുപോകലിന് പിന്നിൽ വലിയ സാമ്പത്തിക ഇടപാടുകൾ നടന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തിൽ എം.ജഗൻമൂർത്തി എംഎൽഎ മുൻകൂര്‍ ജാമ്യാപേക്ഷ നൽകിയിരുന്നു. ഇത് പരിഗണിക്കുന്നതിടെ രൂക്ഷമായ വിമർശനമാണ് ജഡ്ജി എംഎൽഎക്കെതിരെ ഉന്നയിച്ചത്. പൊലീസ് അന്വേഷണത്തെ എന്തിനാണ് ഭയപ്പെടുന്നതെന്നും, എംഎൽഎ എപ്പോഴും മാതൃകയായിരിക്കണമെന്നും സ്വന്തമായി കോടതികൾ നടത്തരുതെന്നും ജഡ്ജി വിമർശിച്ചു. രാഷ്ട്രീയ ഭാരവാഹികൾ നിയമ നടപടികൾ ഒഴിവാക്കാൻ തങ്ങളുടെ സ്വാധീനം ദുരുപയോഗം ചെയ്യരുതെന്നും കോടതി മുന്നറിയിപ്പ് നൽകി.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News