അമിത് ഷായുടെ ജീവിതം സ്‌കൂളിൽ പഠിപ്പിക്കണമെന്ന് ആവശ്യം; എൻസിഇആർടിയുടെ പരിഗണനക്ക് വിട്ട് കേന്ദ്രം

ഖൊരക്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അമിത് ഷാ യൂത്ത് ബ്രി​ഗേഡ് ആണ് അമിത് ഷായുടെ ജീവിതം സ്‌കൂളിൽ പഠിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന് കത്ത് നൽകിയത്.

Update: 2025-02-18 10:43 GMT

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ജീവിതം സ്‌കൂളിൽ പഠിപ്പിക്കണമെന്ന ആവശ്യം നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയ്‌നിങ് (എൻസിഇആർടി)യുടെ പരിഗണനക്ക് വിട്ട് കേന്ദ്ര സർക്കാർ. അമിത് ഷായുടെ വ്യക്തിജീവിതത്തെ കുറിച്ചും രാഷ്ട്രീയ ജീവിതത്തെ കുറിച്ചും പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പിക്കണമെന്നാണ് ആവശ്യം. ഉത്തർപ്രദേശിലെ ഖൊരക്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അമിത് ഷാ യൂത്ത് ബ്രിഗേഡ് എന്ന സംഘടനയാണ് ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് 'ദി ടെലഗ്രാഫ്' റിപ്പോർട്ട് ചെയ്തു.

Advertising
Advertising

അമിത് ഷാ യൂത്ത് ബ്രിഗേഡിന്റെ അധ്യക്ഷൻ എസ്.കെ ശുക്ലയാണ് ഇത്തരമൊരു ആവശ്യവുമായി ഡിപ്പാർട്‌മെന്റ് ഓഫ് സ്‌കൂൾ എജ്യുക്കേഷനിൽ കത്ത് നൽകിയത്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന കത്ത് നൽകിയിരുന്നുവെന്ന് എസ്.കെ ശുക്ല പറഞ്ഞു. ഡിസംബർ 18 നാണ് കത്ത് നൽകിയത്.

കത്ത് എൻസിഇആർടിയുടെ പരിഗണനക്ക് വിട്ടത് ഒരു നിർദേശമല്ലെന്നും സ്വാഭാവിക നടപടിക്രമം മാത്രമാണെന്നുമാണ് കേന്ദ്ര സർക്കാർ വൃത്തങ്ങളുടെ പ്രതികരണം. വിദ്യാഭ്യാസ മന്ത്രാലയത്തിന് ഇത്തരം നിരവധി കത്തുകൾ ലഭിക്കാറുണ്ട്. എൻസിഇആർടി ഒരു സ്വയംഭരണ സ്ഥാപനമാണ്. അവർക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാം. കത്ത് പരിഗണനക്കായി അയക്കുകയെന്ന നടപടിക്രമം മാത്രമാണ് വിദ്യാഭ്യാസ വകുപ്പ് ചെയ്തിട്ടുള്ളതെന്നും കേന്ദ്ര വിദ്യാഭ്യാസ വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

പാഠ്യപദ്ധതിക്ക് പുറത്തുള്ള നിരവധി വിഷയങ്ങളിൽ എൻസിഇആർടി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച് സ്‌കൂൾ കുട്ടികളുടെ അധികവായനക്കായി നൽകാറുണ്ട്. പ്രശസ്തരായ വ്യക്തികളുടെ ജീവിതവും ഇത്തരത്തിൽ പുസ്തകമാക്കാറുണ്ട്. എന്നാൽ ഇപ്പോഴും രാഷ്ട്രീയത്തിൽ സജീവമായിരിക്കുന്ന ഒരാളുടെ ജീവിതം പുസ്തകമാക്കിയിട്ടില്ല. അധികവായനക്കായുള്ള പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് വിദഗ്ധരാണ് തീരുമാനമെടുക്കാറുള്ളത്. അമിത് ഷായെ കുറിച്ചുള്ള പുസ്തകം പ്രസിദ്ധീകരിക്കണമെന്ന ആവശ്യവും വിദഗ്ധർ പരിശോധിച്ച് തീരുമാനമെടുക്കും - മുൻ എൻസിഇആർടി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് 'ദി ടെലഗ്രാഫ്' റിപ്പോർട്ട് ചെയ്തു.

ആവശ്യമുന്നയിച്ച് കത്ത് നൽകിയ എസ്.കെ ശുക്ല നേരത്തെ അമിത് ഷായുടെ ജീവിതത്തെ ആസ്പദമാക്കി പുസ്തകമെഴുതിയിട്ടുണ്ട്. 'മൻസ നഗർ സേ സൻസദ് തക്' എന്നാണ് പുസ്തകത്തിന്റെ പേര്. അമിത് ഷാ രാജ്യത്തിന് നൽകിയ സംഭാവനകളെ കുറിച്ച് കുറഞ്ഞ ആളുകൾക്ക് മാത്രമേ അറിയൂ എന്ന് ശുക്ല പറഞ്ഞു. പുസ്തകം പ്രസിദ്ധീകരിച്ച് വിദ്യാർഥികൾക്ക് നൽകിയാൽ കൂടുതൽ യുവാക്കൾക്ക് ഷായുടെ ജീവിതത്തെ കുറിച്ച് അറിയാൻ സാധിക്കും. ത്യാഗനിർഭരമാണ് അമിത് ഷായുടെ ജീവിതം. സമ്പന്ന കുടുംബത്തിൽ ജനിച്ച അദ്ദേഹം എല്ലാ സുഖസൗകര്യങ്ങളും ത്യജിക്കുകയായിരുന്നു. വളരെ ലളിതമായ ജീവിതമാണ് നയിക്കുന്നത്. ബിജെപിയെ ലോകത്തിലെ തന്നെ വലിയ രാഷ്ട്രീയ പാർട്ടിയായി വളർത്തിയത് അദ്ദേഹമാണ്. ആഭ്യന്തര മന്ത്രിയെന്ന നിലയിൽ രാജ്യത്തെ ശക്തവും സുരക്ഷിതവുമാക്കി മാറ്റുന്നതിലും നിയമവ്യവസ്ഥ ശക്തമാക്കുന്നതിലും അമിത് ഷാ വലിയ പങ്കുവഹിച്ചെന്നും ശുക്ല പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News