പരിസ്ഥിതി സംരക്ഷണത്തിനായി ജീവിതകാലം മുഴുവൻ പൊരുതിയ മഹത് വ്യക്തിയുടെ അന്ത്യയാത്രക്ക് എത്തിയത്ത് 50 പേർ മാത്രം. മലയാള മനോരമ ഫോട്ടോ എഡിറ്റർ ആർ.എസ് ഗോപന്റെ വാക്കുകൾ
പൂനെ നവിപേടിലുള്ള ശ്മശാനത്തിലേക്ക് പ്രഫ. മാധവ് ഗാഡ്ഗിൽ മണ്ണിനോടു യാത്രപറയുന്ന നിമിഷങ്ങൾ ക്യാമറയിൽ പകർത്താൻ പോകുമ്പോൾ തിക്കിലും തിരക്കിലുംപെട്ട് എങ്ങനെ അദ്ദേഹത്തിന്റെ അടുത്തെത്തും എന്നതായിരുന്നു ആശങ്ക. മഹാരാഷ്ട്രയിലെ വിഐപികൾ, മന്ത്രിമാർ, എംഎൽഎമാർ.. പത്മഭൂഷൺ ജേതാവായ ഈ മണ്ണിന്റെ മഹാന് ആദരാഞ്ജലി അർപ്പിക്കാൻ തിരക്കുകൂട്ടുന്നുണ്ടാവുമല്ലോ. മറാഠ മാധ്യമങ്ങൾ ക്യാമറയും മറ്റുമായി തിരക്കുകൂട്ടുന്നുണ്ടാവുമെന്നാണ് പ്രതീക്ഷിച്ചത്.
അവിടെ ചെന്നപ്പോൾ ഞാൻ അത്ഭുതപ്പെട്ടു. എനിക്കു സ്ഥലം തെറ്റിയതാവുമെന്നാണ് ആദ്യം കരുതിയത്. ആകെ നാൽപതോ അമ്പതോ പേർ മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ. കൊടിവച്ച കാറുകളിൽ ആരും അദ്ദേഹത്തെ കാണാൻ വന്നിട്ടില്ല. രാഷ്ട്രീയക്കാരുടെ തിരക്കില്ല. പത്മഭൂഷൻ ജേതാവിന് അന്ത്യയാത്ര ചൊല്ലാൻ, ഉപചാരമർപ്പിക്കാൻ ഒരു മന്ത്രിപോലുമില്ല. എന്തിന് സ്ഥലം എംഎൽഎ പോലുമില്ല. മറാഠ ഉൾപ്പെടെ മറ്റ് മാധ്യമങ്ങളിലെ ആരെയും അവിടെ കാണാനില്ല.
മാധവ് ഗാഡ്ഗിലിന് അന്ത്യോപചാരം അർപ്പിക്കുന്ന പരിസ്ഥിതി സ്‌നേഹികൾ ചിത്രം: ആർ.എസ് ഗോപൻ/ മനോരമ
വളരെക്കുറച്ച് മനുഷ്യ സ്നേഹികളുടെ ഇടയിൽ, വെറും മണ്ണിൽ വെള്ളപുതച്ചു കിടക്കുന്ന സഹ്യന്റെ പുത്രൻ– അതായിരുന്നു ആ കാഴ്‌ച. ഔദ്യോഗിക ബഹുമതിയോടെയുള്ള സംസ്കാരമാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ ഉപചാരമർപ്പിക്കാനെത്തിയ പൊലീസുകാർ വഴിതെറ്റി വേറെ എങ്ങോട്ടോ ആണ് ആദ്യം പോയത്. അരമണിക്കൂറാണ് എല്ലാവരും കാത്തുനിന്നത്. പൊലീസുകാർ എങ്ങനെയൊക്കെയോ വഴികണ്ടുപിടിച്ചു വരുന്നതുവരെ, അനാഥമൃതദേഹത്തെ ഓർമിപ്പിച്ച് മണ്ണിൽ കിടക്കുകയായിരുന്നു മാധവ് ഗാഡ്ഗിൽ.
രണ്ടുവർഷം മുമ്പ് ‘യുഎൻ ചാമ്പ്യൻ ഓഫ് എർത്ത്’ ബഹുമതി നൽകി ആദരിച്ച മനുഷ്യന് ആ മണ്ണിൽ ആരുടെയും ശല്യമില്ലാതെ ഉറങ്ങിക്കിടക്കാനാവും ഇഷ്ടം. എങ്കിലും മനുഷ്യർക്ക് ഇത്രപോലും നന്ദിയില്ലാതെ പോയല്ലോ എന്നു ചിന്തിച്ച്, ചുറ്റും നോക്കുമ്പോൾ അവിടെയാകെ നിശബ്ദത, കാറ്റിൽപോലും തലയാട്ടാതെ മരങ്ങൾ ഉപചാരപൂർവം നിൽക്കുന്നു.
മനുഷ്യനേക്കാൾ നന്ദി മരങ്ങൾക്കുണ്ട്. ആ മരങ്ങളുടെ പശ്ചാത്തലത്തിൽ മാധവ് ഗാഡ്ഗിലിനെ അവസാനമായി പകർത്തി തിരിച്ചു നടന്നപ്പോൾ ഫ്രെയിം നിറഞ്ഞു, മനസ്സും. വൻമരങ്ങൾ വീഴുമ്പോൾ ചുറ്റുമുള്ള മരങ്ങൾ ഇങ്ങനെ ഇലയനക്കാതെ ഔദ്യോഗിക ബഹുമതി അർപ്പിക്കാറുണ്ടാവും അല്ലേ?
കടപ്പാട്: മനോരമ ഓൺലൈൻ