Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
മഹാരാഷ്ട്ര: മഹാരാഷ്ട്രയിൽ നിർണായക രാഷ്ട്രീയ നീക്കം. രണ്ട് പതിറ്റാണ്ടിന് ശേഷം ഉദ്ധവ്-രാജ് താക്കറെമാർ ഒന്നിച്ചു. വരാനിരിക്കുന്ന മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ഉദ്ധവ് താക്കറെ വിഭാഗം ശിവസേനയും രാജ് താക്കറെയുടെ മഹാരാഷ്ട്ര നവ നിർമാണ സേനയും ഒരുമിച്ച് മത്സരിക്കാൻ തീരുമാനം. സംയുക്ത വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനം.
മഹാരാഷ്ട്രയിൽ ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിലും വലിയ മുന്നേറ്റം നടത്താൻ മഹായൂതി സഖ്യത്തിന് സാധിച്ചിരുന്നു. ഇത് കാരണം വലിയ പ്രതിസന്ധിയിലായിരുന്നു മഹാസഖ്യം. എന്നാൽ രാജ് താക്കറെയും കൂടെ ചേരുമ്പോൾ ശിവ് സേന ഉദ്ധവ് വിഭാഗം കൂടുതൽ ശക്തിയാർജിക്കും. ഇത് മഹാസഖ്യത്തെ ശക്തിപ്പെടുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
2003-ൽ ബാൽ താക്കറെ ഉദ്ധവ് താക്കറെയെ പാർട്ടിയുടെ വർക്കിംഗ് പ്രസിഡന്റായി നിയമിച്ചതിനെത്തുടർന്ന് 2005-ൽ ശിവസേനയിൽ നിന്ന് ഇറങ്ങി പോയതാണ് രാജ് താക്കറെ. തുടർന്ന് 2006-ൽ രാജ് താക്കറെ മഹാരാഷ്ട്ര നവ നിർമാൺ സേന (എംഎൻഎസ്) എന്ന സ്വന്തം പാർട്ടി രൂപീകരിച്ചിരുന്നു. 20 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്.
ഈ വർഷം ജൂലൈയിൽ ഇരുവരും ഒരേവേദിയിൽ പ്രത്യക്ഷപ്പെട്ട് മഞ്ഞുരുക്കത്തിനുള്ള സൂചനകൾ നൽകിയിരുന്നു. തുടർന്നുണ്ടായ ചർച്ചകളാണ് ഒന്നിക്കുന്നതിലേക്ക് നയിച്ചത്. ഏകദേശം രണ്ട് പതിറ്റാണ്ടുകളായി നീണ്ടുനിന്ന രാഷ്ട്രീയ വൈരാഗ്യത്തിനും വ്യക്തിപരമായ അകൽച്ചയ്ക്കും ശേഷം താക്കറെ സഹോദരങ്ങളുടെ ചരിത്രപരമായ പുനഃസമാഗമമാണ് ഈ പ്രഖ്യാപനം.
വരാനിരിക്കുന്ന മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ഉദ്ധവ് താക്കറെ വിഭാഗത്തിന് മേൽക്കൈയ്യുണ്ട്. അതിന്റെ കൂടെ രാജ് താക്കറെ കൂടെ വരുമ്പോൾ ഏക്‌നാഥ് ഷിൻഡെ നയിക്കുന്ന വിഭാഗത്തിന് ശിവസേനയുടെ പാരമ്പര്യത്തിന്മേലുള്ള പിടി കൂടുതൽ ദുർബലമാകാൻ സാധ്യതയുണ്ട്.
അതേസമയം, മഹാരാഷ്ട്രയിലെ പുതിയ രാഷ്ട്രീയ നീക്കത്തെ പരിഹസിച്ച് ബിജെപി. സെലെൻസ്‌കിയും പുടിനും സംസാരിക്കുന്നത് പോലെയാണ് പുറത്തുവരുന്ന വാർത്തകളെന്നു മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. റഷ്യയും യുക്രൈനും ഒന്നിക്കുന്നു എന്ന രീതിയിലാണ് പ്രചാരണം നടക്കുന്നത്. ഐക്യം നഷ്ടപ്പെട്ട രണ്ടു പാർട്ടികളാണ് ഒന്നിച്ചത്. ജനങ്ങൾ അവരെ വിശ്വസിക്കില്ല. പ്രീണന രാഷ്ട്രീയം കളിച്ചുകൊണ്ട് അവർക്ക് വോട്ട് ബാങ്ക് നഷ്ടപ്പെട്ടു. രണ്ട് പാർട്ടികളും ഒന്നിച്ചാൽ തെരഞ്ഞെടുപ്പിൽ ഒരു ഫലവും ഉണ്ടാകില്ലെന്നും ഫഡ്‌നാവിസ് പറഞ്ഞു.