'ആദ്യം നിങ്ങളുടെ ഭാര്യയെ സിന്ദൂരം അണിയിക്കൂ'; മോദിക്കെതിരെ ആഞ്ഞടിച്ച് മമത ബാനര്‍ജി

വ്യാജവാഗ്ദാനങ്ങള്‍ നല്‍കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നും മമത പരിഹസിച്ചു

Update: 2025-05-30 04:54 GMT
Editor : Jaisy Thomas | By : Web Desk

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പശ്ചിമബംഗാളിലെ റാലിയില്‍ മോദി നടത്തിയ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് മമതയുടെ പ്രതികരണം. പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ, തുടർന്നുണ്ടായ പാകിസ്താനുമായുള്ള സൈനിക സംഘർഷം എന്നിവയ്ക്ക് ശേഷം കേന്ദ്ര സർക്കാരിന്‍റെ നയതന്ത്ര ഇടപെടലുകളുടെ ഭാഗമായി പ്രതിപക്ഷ അംഗങ്ങൾ വിദേശത്ത് തുടരുമ്പോഴും, ഇന്ത്യയുടെ സൈനിക ആക്രമണങ്ങളെ രാഷ്ട്രീയ നേട്ടങ്ങൾക്കായി മോദി ഉപയോഗിക്കുകയാണെന്ന് മമത ആരോപിച്ചു.

"നിങ്ങൾ നുണകളുടെ മാലിന്യം പ്രചരിപ്പിക്കുകയാണ്. അവർ രാജ്യത്തെ കൊള്ളയടിക്കുകയാണ്'' വ്യാജവാഗ്ദാനങ്ങള്‍ നല്‍കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നും മമത പരിഹസിച്ചു. ഓപ്പറേഷന്‍ സിന്ദൂറിനെ തെരഞ്ഞെടുപ്പ് നേട്ടത്തിന് ഉപയോഗിക്കുന്നതുപോലെ സാംസ്‌കാരിക പ്രചാരണങ്ങളെ മോദി രാഷ്ട്രീയവത്കരിക്കുകയാണെന്നും കള്ളത്തരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും അവര്‍ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയ നേട്ടം കൈവരിക്കാനാണ് സൈനിക നടപടിക്ക് കേന്ദ്രസര്‍ക്കാര്‍ ഓപ്പറേഷന്‍ സിന്ദൂർ എന്ന് പേരു നല്‍കിയതെന്നും മമത ആരോപിച്ചു.

Advertising
Advertising

എല്ലാ സ്ത്രീകള്‍ക്കും അന്തസുണ്ട്. അവര്‍ അവരുടെ ഭര്‍ത്താക്കന്മാരില്‍നിന്നാണ് സിന്ദൂരം സ്വീകരിക്കുക. നിങ്ങള്‍ എല്ലാവരുടെയും ഭര്‍ത്താവല്ലല്ലോ. നിങ്ങള്‍ എന്തുകൊണ്ട് നിങ്ങളുടെ ഭാര്യക്ക് ആദ്യം സിന്ദൂരം നല്‍കുന്നില്ല? ഇത്തരം കാര്യങ്ങള്‍ പറയേണ്ടിവന്നതില്‍ ഖേദമുണ്ട്. പക്ഷേ, നിങ്ങള്‍ ഞങ്ങളെ അതിന് നിര്‍ബന്ധിതരാക്കി, മമത ചോദിച്ചു.

നേരത്തെ അലിപുര്‍ദുവാറില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെയും മമത ബാനര്‍ജിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദി വിമര്‍ശിച്ചിരുന്നു. പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ‘നിര്‍മ്മാം സര്‍ക്കാര്‍’ (ക്രൂരമായ സര്‍ക്കാര്‍) ആണെന്നും സര്‍ക്കാര്‍ ക്രമം, അഴിമതി, ഭരണപരമായ പരാജയം എന്നിവ വളര്‍ത്തുന്നുവെന്നുമായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചും പരാമര്‍ശം നടത്തിയിരുന്നു. ബംഗാളി സ്ത്രീകള്‍ പങ്കെടുക്കുന്ന ആചാരമായ സിന്ദൂര്‍ ഖേലയോടു ചേര്‍ത്തായിരുന്നു ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പരാമര്‍ശം. ദുര്‍ഗാപൂജാവേളയില്‍ ഭര്‍തൃമതികളായ ബംഗാളി സ്ത്രീകള്‍ പരസ്പരം സിന്ദൂരം പുരട്ടുന്ന ആചാരമാണ് സിന്ദൂര്‍ഖേല. പരാമര്‍ശത്തിന് മണിക്കൂറുകള്‍ക്ക് പിന്നാലെയായിരുന്നു മമത ബാനര്‍ജിയുടെ പ്രതികരണം. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News