ഇസ്രായേൽ അംബാസഡറുമായി കൂടിക്കാഴ്ച; ശശി തരൂരിനെതിരെ കോൺഗ്രസിൽ അമർഷം

വിദേശകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി യോഗത്തിനായി തരൂർ ഡൽഹിയിൽ എത്തിയപ്പോഴായിരുന്നു അംബാസഡറുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയത്

Update: 2025-07-05 01:46 GMT

ന്യൂഡൽഹി: ഇസ്രായേൽ അംബാസഡറുമായി ശശി തരൂർ എംപി വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയതിൽ കോൺഗ്രസിൽ അമർഷം. വിദേശ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി യോഗത്തിനായി തരൂർ ഡൽഹിയിൽ എത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച. സമിതി ചെയർമാൻ എന്ന നിലയിൽ കൂടിക്കാഴ്ച നടത്തിയതിൽ തെറ്റില്ലെന്നാണ് തരൂരിന്റെ നിലപാട്.

ഫലസ്തീനിലും ഇറാനിലും ആക്രമണം നടത്തുന്ന ഇസ്രയേലിനെതിരെ കേന്ദ്രസർക്കാർ കടുത്ത നിലപാട് സ്വീകരിക്കണമെന്നു സോണിയ ഗാന്ധി ആവശ്യപ്പെട്ടതിന് തൊട്ടു പിന്നാലെയാണ് ശശി തരൂർ കൂടിക്കാഴ്ച നടത്തിയത്. കോൺഗ്രസിന്റെ പ്രഖ്യാപിത നിലപാടിന് എതിരാണ് തരൂരിന്റെ ചെയ്തികളെന്നാണു ഹൈക്കമാൻഡ് വിലയിരുത്തൽ. ഇൻഡോ -പാക് യുദ്ധത്തിൽ പോലും ഇന്ത്യയ്ക്ക് അനുകൂല നിലപാട് സ്വീകരിച്ച രാജ്യമാണ് ഇറാൻ എന്ന് ചൂണ്ടിക്കാട്ടിയാണ് ദേശീയ മാധ്യമങ്ങളിൽ സോണിയ ഗാന്ധി ലേഖനം എഴുതിയിരുന്നത്.

Advertising
Advertising

ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാനായി വിദേശ സന്ദർശനം നടത്തിയ മറ്റു എംപിമാരും അംബാസഡർ റൂവാൻ അസറിന്റെ വസതിയിലെ കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു. തരൂർ സൃഷ്ടിക്കുന്ന ഉൾപാർടി പോരുകളെയും മോദി സ്തുതിയെയും അവഗണിക്കുക എന്നതാണ് കോൺഗ്രസ് നയം. മഹാത്മാഗാന്ധിയുടെയും ജവഹർലാൽ നെഹ്റുവിന്റെയും കാലം മുതൽക്കേ ഫലസ്തീൻ അനുകൂല നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്. ഇന്ദിര ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കാലത്ത് കൂടുതൽ അടുക്കുകയും ചെയ്തു. പ്രിയങ്ക ഗാന്ധി ഫലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ചപ്പോൾ ബിജെപി പ്രതിഷേധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇസ്രായേൽ അംബാസഡറുമായുള്ള തരൂരിന്റെ കൂടിക്കാഴ്ച ഉറ്റുനോക്കുന്നത്. തരൂരിന്റെ തുടർനീക്കങ്ങൾ കോൺഗ്രസ് നേതൃത്വം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News