Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ബല്ലിയയില്‍ പ്രായപൂർത്തിയാകാത്ത ദലിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. വീട്ടില്‍ കെട്ടിത്തൂക്കിയ നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അയല്‍വാസികളായ നാലുപേരെ പ്രതിചേര്‍ത്ത് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തെന്നാണ് എഫ്‌ഐആർ. ഒരു വര്‍ഷം മുന്‍പ് നടന്ന പീഡനകേസിലെ മുഖ്യ സാക്ഷിയായിരുന്നു കൊല്ലപ്പെട്ട പെണ്‍കുട്ടി. പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്ന കേസിലെ പ്രതിയാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയവരില്‍ ഒരാള്‍. പ്രതിയ്ക്ക് അനുകൂലമായി മൊഴി നല്‍കണമെന്ന് പെണ്‍കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
മൃതദേഹം പൊലീസ് കസ്റ്റഡിയിലെടുത്ത് പോസ്റ്റ്‌മോർട്ടത്തിനയച്ചതായി നർഹി സ്റ്റേഷൻ ഹൗസ് ഓഫീസർ നദീം അഹമ്മദ് ഫരീദി പറഞ്ഞു.