'മോദിജി കൂടുതല്‍ ശക്തനാവാന്‍ കാരണം കോണ്‍ഗ്രസ്': രൂക്ഷവിമര്‍ശനവുമായി മമത ബാനര്‍ജി

'കോൺഗ്രസിന് ഒരു തീരുമാനം എടുക്കാൻ കഴിയുന്നില്ലെങ്കിൽ രാജ്യം കഷ്ടപ്പെടും. എന്തിന് രാജ്യം അനുഭവിക്കണം?'

Update: 2021-10-30 11:35 GMT
Advertising

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും കൂടുതല്‍ ശക്തരാക്കിയത് കോണ്‍ഗ്രസാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അവര്‍ക്ക് കൂടുതല്‍ പ്രചാരം നല്‍കിയത് കോണ്‍ഗ്രസാണ്. അടുത്ത വർഷം ഗോവയിൽ നടക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ഒന്നിക്കേണ്ടതിന്‍റെ ആവശ്യകത തിരിച്ചറിയുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടെന്നും മമത ബാനര്‍ജി കുറ്റപ്പെടുത്തി. ഗോവയില്‍ തൃണമൂല്‍ കോണ്‍ഗ്രസിനായി ക്യാമ്പെയിന്‍ ചെയ്യാന്‍ എത്തിയതായിരുന്നു മമത ബാനര്‍ജി.

ബിജെപിയെ നേരിടാനും ഇന്ത്യയുടെ ഫെഡറൽ ഘടന ശക്തിപ്പെടുത്താനും പ്രാദേശിക പാർട്ടികള്‍ ഒന്നിക്കേണ്ടതിന്‍റെ പ്രാധാന്യം മമത ബാനര്‍ജി ഊന്നിപ്പറഞ്ഞു- "മോദിജി കൂടുതൽ ശക്തനാകാൻ പോകുന്നതിന് കാരണം കോൺഗ്രസാണ്. കോൺഗ്രസ് ബിജെപിയുടെ ടിആർപിയാണ് (ടെലിവിഷന്‍ റേറ്റിങ് പോയിന്‍റ്). കോൺഗ്രസിന് ഒരു തീരുമാനം എടുക്കാൻ കഴിയുന്നില്ലെങ്കിൽ രാജ്യം കഷ്ടപ്പെടും. എന്തിന് രാജ്യം അനുഭവിക്കണം? അവർക്ക് മതിയായ അവസരമുണ്ട്".

പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്താണ് സംഭവിച്ചതെന്ന് മമത ചൂണ്ടിക്കാട്ടി. തൃണമൂലുമായി സഖ്യമുണ്ടാക്കാനുള്ള അവസരം കോൺഗ്രസ് നിരസിച്ചു. പകരം ഇടതു പാര്‍ട്ടികളോടും ഇന്ത്യൻ സെക്കുലർ ഫ്രണ്ടിനോടും ചേർന്ന് പ്രവർത്തിച്ചു. ബിജെപിയോ തൃണമൂലോ ഉണ്ടാകില്ല, മഹാസഖ്യം മാത്രമേ നിലനിൽക്കൂ എന്ന് ബംഗാള്‍ കോൺഗ്രസ് അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി പ്രഖ്യാപിക്കുകയുണ്ടായി. തെരഞ്ഞെടുപ്പിൽ അവര്‍ ദയനീയമായ തോൽവിയിലേക്ക് കൂപ്പുകുത്തി. ഇടതുപക്ഷത്തിനോ മഹാസഖ്യത്തിനോ ഒരു സീറ്റ് പോലും ലഭിച്ചില്ലെന്ന വസ്തുത മമത ബാനര്‍ജി ഓര്‍മിപ്പിച്ചു.

ബിജെപിയുടെ സഖ്യകക്ഷിയായിരുന്ന വിജയ് സർദേശായിയുടെ ഗോവ ഫോർവേഡ് പാർട്ടിയുമായി തൃണമൂല്‍ ധാരണയുണ്ടാക്കിയിട്ടുണ്ട്. നേരത്തെ സഖ്യത്തിനായി ഗോവ ഫോർവേഡ് പാർട്ടി കോണ്‍ഗ്രസിനെ സമീപിച്ചെങ്കിലും അവര്‍ സഖ്യത്തിന് തയ്യാറായില്ല. തുടര്‍ന്നാണ് തൃണമൂല്‍-ഗോവ ഫോർവേഡ് പാർട്ടി ധാരണയായത്.

"ഞാൻ കോൺഗ്രസിനെ കുറിച്ച് ചർച്ച ചെയ്യുന്നില്ല. കാരണം അത് എന്റെ പാർട്ടിയല്ല. ജനങ്ങളുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കുന്നവരാണ് ഞങ്ങള്‍. മറ്റൊരു പാർട്ടിയെയും കുറിച്ച് ഞാൻ സംസാരിക്കുന്നില്ല. അവർ തീരുമാനിക്കട്ടെ. ബിജെപിക്കെതിരെ മത്സരിക്കുന്നതിനുപകരം അവർ (കോൺഗ്രസ്) ബംഗാളിൽ എനിക്കെതിരെ മത്സരിച്ചു. നിങ്ങൾക്ക് എന്തു തോന്നുന്നു... ഞങ്ങൾ അവർക്ക് പൂക്കൾ സമ്മാനിക്കുമോ?"- കോണ്‍ഗ്രസുമായുള്ള ബന്ധത്തെ കുറിച്ച് മമത ബാനര്‍ജി പറഞ്ഞു.

പ്രാദേശിക പാർട്ടികൾക്ക് സീറ്റ് നൽകുമെന്ന് മമത വ്യക്തമാക്കി. പ്രാദേശിക പാർട്ടികൾ ശക്തമാകുന്നത് കാണാൻ താൻ ആഗ്രഹിക്കുന്നു. ഫെഡറൽ ഘടന ശക്തമായിരിക്കണം. എല്ലാ സംസ്ഥാനങ്ങളും ശക്തമായിരിക്കണം. എല്ലാ സംസ്ഥാനങ്ങളും ശക്തമാണെങ്കിൽ, കേന്ദ്രവും ശക്തമാകുമെന്ന് മമത ബാനര്‍ജി പറഞ്ഞു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News