ഇറാനിൽ നിന്ന് കൂടുതൽ ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിക്കുന്നു; ഇന്ന് രണ്ടു വിമാനങ്ങൾ ഡൽഹിയിലെത്തും

അമേരിക്ക ഇറാനിൽ ബോംബാക്രമണം നടത്തിയ ശേഷമാണ് ഒഴിപ്പിക്കൽ കൂടുതൽ ശക്തമാക്കിയത്

Update: 2025-06-22 08:01 GMT
Editor : Lissy P | By : Web Desk

ന്യൂഡല്‍ഹി: ഇറാനിൽ നിന്നും കൂടുതൽ ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിക്കുന്നു. കെർമൻ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസിലെ 130 ഇന്ത്യൻ വിദ്യാർഥികളെയാണ് ഒഴിപ്പിച്ചത്. അമേരിക്ക ഇറാനിൽ ബോംബാക്രമണം നടത്തിയ ശേഷമാണ് ഒഴിപ്പിക്കൽ കൂടുതൽ ശക്തമാക്കിയത്. കെർമനിൽ നിന്നും ആറ് ബസുകളിലായിട്ടാണ് വിദ്യാർഥികൾ മഷാദിലേക്ക് പുറപ്പെട്ടിരിക്കുന്നത്.

ഇറാനിൽ നിന്ന് ഇന്ന് രണ്ടു വിമാനങ്ങൾ ഡൽഹിയിൽ എത്തും . ആദ്യവിമാനം നാലരയ്ക്കും രണ്ടാമത്തേത് പതിനൊന്നരയക്കുമാണ് എത്തുന്നത്.ഇറാനിലെ ഇന്ത്യൻ എംബസിയാണ് യാത്രക്രമീകരിക്കുന്നത്.

ഇറാന്റെ മൂന്ന് ആണവനിലയങ്ങളിലാണ് അമേരിക്ക കനത്ത ആക്രമണം നടത്തിയത്. ഇന്ത്യൻ സമയം പുലർച്ചെ നാലിനാണ്  ഭൂമിക്കടിയിലെ ലക്ഷ്യകേന്ദ്രങ്ങൾ തകർക്കാനാകുന്ന GBU 57ബങ്കർ ബസ്റ്റർ ബോംബുകളുപയോഗിച്ച് യുഎസ് ഫോർദോ ആണവനിലയം ആക്രമിച്ചത്.നതാൻസ്, ഇസ്ഫഹാൻ ആണവനിലയങ്ങൾ യുദ്ധക്കപ്പലുകളിൽ നിന്ന് തൊടുത്ത ടോമഹോക് മിസൈലുകൾ ഉപയോഗിച്ചും ആക്രമിച്ചു.

Advertising
Advertising

ഫോർദോ, നതാൻസ്, ഇസ്ഫഹാൻ ആണവനിലയങ്ങൾ തകർത്തെന്നും കൂടുതൽ ആക്രമണത്തിന് ഇപ്പോൾ പദ്ധതിയില്ലെന്നും വൈറ്റ് ഹൗസിൽ നിന്ന് ആക്രമണം തത്സമയം നിരീക്ഷിച്ച ട്രംപ് പ്രതികരിച്ചു. ആക്രമണം സ്ഥിരീകരിച്ച ഇറാൻ ആണവമേഖലയിലെ പ്രവർത്തനം സ്തംഭിക്കില്ലെന്ന് അവകാശപ്പെട്ടു.ആണവവികിരണത്തിന് കാരണമാകുന്ന ഒന്നും നിലയങ്ങളിൽ ഇല്ലെന്നും എല്ലാം മൂന്ന് മാസം മുന്‍പ് മാറ്റിയെന്നുമാണ് ഇറാന്‍റെ അവകാശവാദം. മേഖലയിൽ ആണവ വികിരണമില്ലെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസിയും സ്ഥിരീകരിച്ചു.ക്യൂബ, ചിലി, വെനസുല, മെക്സിക്കോ രാജ്യങ്ങളും യുഎൻ സെക്രട്ടറി ജനറലും അമേരിക്കയുടെ ആക്രമണത്തെ അപലപിച്ച് രംഗത്തെത്തി.എന്നാല്‍ ആക്രമണത്തിന് പിന്നാലെ അമേരിക്കയെയും ട്രംപിനെയും അഭിനന്ദിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു രംഗത്തെത്തി.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News