അപകീർത്തിക്കേസിൽ ശിവസേന എംപി സഞ്ജയ് റാവത്തിന് 15 ദിവസം തടവുശിക്ഷ

ബിജെപി നേതാവിന്റെ ഭാര്യയുടെ പരാതിയിലാണ് നടപടി.

Update: 2024-09-26 10:23 GMT

മുംബൈ: അപകീർത്തിക്കേസിൽ മഹാരാഷ്ട്രയിലെ ശിവസേന (യുബിടി) നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് റാവത്തിന് തടവുശിക്ഷ. മുംബൈ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി 15 ദിവസത്തെ തടവാണ് വിധിച്ചത്. ബിജെപി നേതാവ് കിരിത് സോമയ്യയുടെ ഭാര്യ മേധ സോമയ്യയുടെ പരാതിയിലാണ് നടപടി.

ഐപിസി വകുപ്പ് 500 പ്രകാരം റാവത്ത് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി, 25,000 രൂപ പിഴയും വിധിച്ചു. തനിക്കും ഭർത്താവിനുമെതിരെ റാവത്ത് അടിസ്ഥാന രഹിതവും അപകീർത്തികരവുമായ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചു എന്നാണ് പരാതി.

മീരാ ഭയന്ദർ മുനിസിപ്പൽ കോർപ്പറേഷൻ്റെ അധികാരപരിധിയിൽ പൊതു ടോയ്‌ലറ്റുകളുടെ നിർമാണവും അറ്റകുറ്റപ്പണികളുമായും ബന്ധപ്പെട്ടുണ്ടായ 100 കോടിയുടെ അഴിമതിയിൽ തങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നായിരുന്നു റാവത്തിന്റെ ആരോപണമെന്ന് മേധ പറഞ്ഞു. റാവത്തിന്റെ പ്രസ്താവനകൾ അപകീർത്തികരമാണ്. പൊതുസമൂഹത്തിന് മുന്നിൽ തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിലാണ് പരാമർശങ്ങൾ നടത്തിയതെന്നും പരാതിയിൽ പറയുന്നു.

Advertising
Advertising

അതേസമയം, ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും ഉത്തരവിനെതിരെ മുംബൈ സെഷൻസ് കോടതിയിൽ അപ്പീൽ നൽകുമെന്നും റാവത്തിൻ്റെ അഭിഭാഷകനും സഹോദരനുമായ സുനിൽ റാവത്ത് പറഞ്ഞു. അതേസമയം, മജിസ്‌ട്രേറ്റ് ആരതി കുൽക്കർണി റാവത്തിൻ്റെ ശിക്ഷ 30 ദിവസത്തേക്ക് തടയുകയും കോടതിയിൽ നിന്ന് പുറത്തുപോകാൻ 15,000 രൂപ ബോണ്ട് കെട്ടിവയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

കോടതിക്ക് പുറത്ത് മാധ്യമങ്ങളോട് സംസാരിച്ച സഞ്ജയ് റാവത്ത്, മേധയ്‌ക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത് താൻ മാത്രമല്ലെന്നും രേഖകളുടെ അടിസ്ഥാനത്തിലാണ് താൻ പ്രസ്താവന നടത്തിയതെന്നും പറഞ്ഞു. ജുഡീഷ്യറിയെ കാവിവൽക്കരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ജുഡീഷ്യറിയിൽ തനിക്ക് ഇപ്പോഴും വിശ്വാസമുണ്ടെന്നും ഉടൻ സെഷൻസ് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News