യു.പിയിൽ ട്രെയ്നിൽ നമസ്കാരം; വിദ്വേഷ പ്രചരണവുമായി ബി.ജെ.പി; അന്വേഷണം ആരംഭിച്ച് പൊലീസ്

ബി.ജെ.പി മുൻ എം.എൽ.എ ദീപ്‌ലാല്‍ ഭാരതിയാണ് ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച് വിദ്വേഷ പ്രചരണം ആരംഭിച്ചത്.

Update: 2022-10-23 13:22 GMT
Advertising

ലഖ്നൗ: യു.പിയിൽ ട്രെയ്നിനുള്ളിൽ നമസ്കരിച്ചയാളുകൾക്കെതിരെ വിദ്വേഷ പ്രചരണവുമായി ബി.ജെ.പി. ഉത്തർപ്രദേശിലെ കുശിന​ഗർ ജില്ലയിലെ ഖദ്ദ റെയിൽവേ സ്റ്റേഷനിൽ വച്ച് പകർത്തിയ ദൃശ്യങ്ങൾ പ്രചരിപ്പിച്ചാണ് വിദ്വേഷ പ്രചരണവുമായി ബിജെപി- സംഘ്പരിവാർ കേന്ദ്രങ്ങൾ രം​ഗത്തെത്തിയിരിക്കുന്നത്. പ്രതിഷേധം ഉയർന്നതോടെ നമസ്കാരത്തിൽ അന്വേഷണം ആരംഭിച്ചതായി സംസ്ഥാന പൊലീസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും അറിയിച്ചു.

ഒക്ടോബർ 20നാണ് സംഭവം. ബി.ജെ.പി മുൻ എം.എൽ.എ ദീപ്‌ലാല്‍ ഭാരതിയാണ് നാല് മുസ്‌ലിംകള്‍ ട്രെയ്നിലെ സ്ലീപ്പർ കോച്ചിന്റെ തറയിൽ നമസ്കരിക്കുന്ന വീഡിയോ പകർത്തി പ്രചരിപ്പിച്ച് വിദ്വേഷ പ്രചരണം ആരംഭിച്ചത്. സത്യാ​ഗ്രഹ എക്സ്പ്രസ് ഖദ്ദ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടപ്പോഴായിരുന്നു സംഭവം. ദീപ്‌ലാലും ട്രെയ്നിലെ യാത്രക്കാരനായിരുന്നു. റെയിൽവേ പൊലീസിന് പരാതി നൽകിയ ഇയാൾ നമസ്കരിച്ചവർക്കെതിരെ കേസെടുക്കണം എന്നും ആവശ്യപ്പെട്ടു.

ഇത്തരമൊരു പ്രവൃത്തി മറ്റു വിശ്വാസികളെ പ്രകോപിപ്പിക്കുന്നതാണെന്ന് പറഞ്ഞ ദീപ്‌ലാല്‍ ഭാരതി, താനും ഇതേ ട്രെയിനിലാണ് യാത്ര ചെയ്തിരുന്നതെന്നും പറഞ്ഞു. തെറ്റായ രീതിയാണിത്. നമസ്കാരം മൂലം അസൗകര്യം നേരിട്ടതിനാൽ മറ്റൊരു കോച്ചിൽ പോയി ഇരിക്കേണ്ടി വന്നെന്നാണ് മുൻ എം.എൽ.എയുടെ വാദം. ഇത് ചെയ്തവർക്കെതിരെ നടപടിയെടുക്കണം എന്നും ദീപ്‌ലാല്‍ ഭാരതി ആവശ്യപ്പെട്ടു.

വീഡിയോ വൈറലാവുകയും സോഷ്യൽമീഡിയയിൽ വിദ്വേഷ പ്രചരണം ആരംഭിക്കുകയും ചെയ്തതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. സംഭവത്തിൽ അന്വേഷണം നടത്തി തുടർനടപടി സ്വീകരിക്കുമെന്ന് റെയിൽവേ എസ്.പി അവധേഷ് സിങ് പറഞ്ഞു. ആർ.പി.എഫ് വാരണാസി സോണും പൊതുജനങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും അന്വേഷണത്തെയും നടപടിയെയും കുറിച്ച് അവരെ അറിയിക്കുകയും ചെയ്യുന്നുണ്ടെന്നും എസ്.പി കൂട്ടിച്ചേർത്തു.

നേരത്തെ, ലഖ്നൗ ലുലു മാളിൽ ചിലർ നമസ്‌കരിക്കുന്നതിന്റെ വീഡിയോ വൈറലായതിനെ തുടർന്ന് നിരവധി അറസ്റ്റുകൾ നടന്നിരുന്നു. മാളിനു മുന്നിൽ പ്രതിഷേധവുമായെത്തിയ ഹിന്ദുത്വ സംഘടനകൾ തങ്ങൾ‍ക്കും പ്രാർഥന നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ലുലുമാളിലെ നമസ്കാരം വെറും നാടകമായിരുന്നെന്ന് പിന്നീട് തെളിഞ്ഞു.

18 സെക്കൻഡിലാണ് നമസ്കാരം പൂർത്തിയായത്. വീഡിയോ എടുത്ത് പ്രചരിപ്പിക്കാനും കലാപമുണ്ടാക്കാനും മാത്രമായിരുന്നു ഇവർ ലക്ഷ്യമിട്ടതെന്നും വ്യക്തമായിരുന്നു. എട്ട് പേര്‍ ഒരുമിച്ച് മാളില്‍ കയറുകയും ഇവരിൽ ആറ് പേർ നമസ്കരിക്കുകയും രണ്ട് പേർ വീഡിയോ പകർത്തുകയും ചെയ്യുന്ന സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇവർ കടകളില്‍ കയറുകയോ ഏതെങ്കിലും തരത്തിലുള്ള ഷോപ്പിങ് നടത്തുകയോ വിനോദങ്ങളിൽ എര്‍പ്പെടുകയോ ചെയ്തിരുന്നില്ലെന്ന് വീഡിയോയില്‍ വ്യക്തമായിരുന്നു.

മാളിൽ കയറിയ ഇവര്‍ നമസ്‌കരിക്കാന്‍ സൗകര്യപ്രദമായ സ്ഥലം നോക്കി. ആദ്യം മാളിന്റെ ബേസ്‌മെന്റിലും പിന്നീട് ഗ്രൗണ്ട് ഫ്ലോറിലും ഒന്നാം നിലയിലും നമസ്‌കരിക്കാന്‍ ശ്രമിച്ചു. ഇവിടെ നിന്നും എട്ടു പേരേയും സുരക്ഷാ ജീവനക്കാര്‍ മാറ്റുകയായിരുന്നു. പിന്നീട് ഇവര്‍ താരതമ്യേന തിരക്ക് കുറഞ്ഞ രണ്ടാം നിലയില്‍ എത്തി. അവിടെ ഇവരില്‍ ആറ് പേര്‍ നിസ്‌കരിച്ചുവെന്നും രണ്ട് പേര്‍ ഫോട്ടോ എടുക്കുകയും വീഡിയോ റെക്കോര്‍ഡ് ചെയ്തുവെന്നും സി.സി.ടി.വിയില്‍ വ്യക്തമായിരുന്നു.

ഇവര്‍ക്ക് നിസ്‌കാരം നടത്തുന്ന രീതികളെക്കുറിച്ച് അറിവില്ലായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ രാജേഷ് കുമാര്‍ ശ്രീവാസ്തവ പറഞ്ഞിരുന്നു. സാധാരണ നിലയില്‍ നിസ്‌കാരത്തിനായി ഏഴ് മുതല്‍ എട്ട് മിനിറ്റ് വരെ സമയം എടുക്കാറുണ്ട്. എന്നാല്‍, സംഘം 18 സെക്കന്‍ഡില്‍ നിസ്‌കാരം പൂര്‍ത്തിയാക്കി. ഫോട്ടോ എടുത്ത് പൂര്‍ത്തിയായ ശേഷം ഇവര്‍ ഉടന്‍ തന്നെ മാള്‍ വിട്ടുവെന്നും സി.സി.ടി.വിയിലുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News