ജോലി രാജിവെച്ച് രാഷ്ട്രീയത്തിലിറങ്ങിയ സിവിൽ സർവീസ് ഒന്നാം റാങ്ക് ജേതാവ് ഷാ ഫൈസൽ വീണ്ടും സർവീസിൽ പ്രവേശിച്ചു

2009ലെ സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയാണ് ഷാ ഫൈസൽ ഐഎഎസ് സ്വന്തമാക്കിയത്.

Update: 2022-08-14 06:52 GMT
Advertising

ന്യൂഡൽഹി: സിവിൽ സർവീസിൽനിന്ന് രാജിവെച്ച് കശ്മീരിൽ രാഷ്ട്രീയ പ്രവർത്തനത്തിനിറങ്ങിയ ഷാ ഫൈസൽ വീണ്ടും സർവീസിൽ പ്രവേശിച്ചു. തിരികെ കയറാനുള്ള ഷാ ഫൈസലിന്റെ അപേക്ഷ സ്വീകരിച്ച കേന്ദ്രസർക്കാർ അദ്ദേഹത്തെ സാംസ്‌കാരിക മന്ത്രാലയത്തിൽ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിച്ചു. 2009ലെ സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയാണ് ഷാ ഫൈസൽ ഐഎഎസ് സ്വന്തമാക്കിയത്.

ജമ്മു കശ്മീർ ഊർജ വികസന കോർപറേഷൻ മാനേജിങ് ഡയറക്ടറായിരിക്കെ വിദേശപഠനത്തിനുപോയ ഫൈസൽ 2019ൽ തിരിച്ചു സർവീസിൽ കയറേണ്ടതായിരുന്നുവെങ്കിലും അത് ചെയ്യാതെ കശ്മീരി ജീവിതങ്ങളാണ് തനിക്ക് വിഷയമെന്ന് പറഞ്ഞ് സിവിൽ സർവീസ് രാജിവെച്ച് രാഷ്ട്രീയത്തിൽ ചേരുകയാണെന്ന സൂചന നൽകി. അതേവർഷം ജെഎൻയുവിലെ ഇടത് വിദ്യാർഥി നേതാവ് ഷെഹല റാഷിദുമൊത്ത് ജമ്മു കശ്മീർ പിപ്പിൾസ് മൂവ്‌മെന്റ് എന്ന പുതിയ രാഷ്ട്രീയ പാർട്ടിയുണ്ടാക്കി.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയപ്പോൾ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനമാണ് ഷാ ഫൈസൽ ഉന്നയിച്ചത്. കശ്മീരികൾക്ക് ചെറുത്തുനിൽപല്ലാതെ വഴിയില്ലെന്ന് നിരവധി അഭിമുഖങ്ങളിൽ ഷാ ഫൈസൽ പറഞ്ഞു. ഇതിനിടെ ഡൽഹിയിൽ നിന്ന് ഇസ്തംബൂളിലേക്ക് പോകാനിരുന്ന ഷാ ഫൈസലിനെ തടഞ്ഞ് വീട്ടുതടങ്കലിലാക്കി. 2020 ജൂണിലാണ് തടങ്കലിൽനിന്ന് മോചിപ്പിച്ചത്.

ഇതിന് പിന്നാലെ പാർട്ടിയിൽനിന്ന് രാജിവെക്കുകയാണെന്നും രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്നും ഷാ ഫൈസൽ പ്രഖ്യാപിച്ചു. തുടർന്നാണ് അദ്ദേഹം സർവീസിൽ തിരിച്ചുകയറാൻ ശ്രമങ്ങളാരംഭിച്ചത്. കേന്ദ്രത്തെ വിമർശിച്ചുകൊണ്ടുള്ള തന്റെ പഴയ ട്വീറ്റുകളെല്ലാം മായ്ച്ചുകളഞ്ഞ ഷാ ഫൈസൽ കശ്മീരിൽ കേന്ദ്രസർക്കാർ പുതുതായി തുടങ്ങിയ പദ്ധതികളെയെല്ലാം പ്രശംസിച്ചു തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും എല്ലാ പ്രസംഗങ്ങളും പ്രഖ്യാപനങ്ങളും റീ ട്വീറ്റ് ചെയ്തു. വിവേക് അഗ്നിഹോത്രിയുടെ വിവാദമായ 'കശ്മീർ ഫയൽസ്' സിനിമ ജനങ്ങൾ കാണണമെന്ന് ആവശ്യപ്പെട്ടും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News