മഹാരാഷ്ട്ര ആവര്‍ത്തിക്കാതിരിക്കാന്‍ ചടുലനീക്കം; ബി.ജെ.പിയെ ഞെട്ടിച്ച് നിതീഷ് കുമാര്‍

മുൻ കേന്ദ്രമന്ത്രി ആർ.സി.പി സിങ്ങിനെ മുന്നില്‍ നിര്‍ത്തി ബി.ജെ.പി ചരടുവലി തുടങ്ങിയതായി നിതീഷ് കുമാര്‍ സംശയിച്ചു

Update: 2022-08-09 12:16 GMT

മഹാരാഷ്ട്രയില്‍ ഉദ്ധവ് സര്‍ക്കാരിനെ അട്ടിമറിച്ചും രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളില്‍ മിന്നുംജയം സ്വന്തമാക്കിയും വിജയാഹ്ളാദത്തിലായിരുന്ന ബി.ജെ.പിയെ ഞെട്ടിച്ചാണ് ബിഹാറില്‍ നിതീഷ് കുമാര്‍ അപ്രതീക്ഷിത നീക്കം നടത്തിയത്. നിതീഷ് കുമാര്‍ ഗവര്‍ണറെ സന്ദര്‍ശിച്ച് രാജി സമര്‍പ്പിച്ചതോടെ ബിഹാറില്‍ ജെ.ഡി.യു - ബി.ജെ.പി സഖ്യ സര്‍ക്കാര്‍ നിലംപൊത്തി. ഇനി ആര്‍.ജെ.ഡി - കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനാണ് നീക്കം.

ആർ.സി.പി സിങിനെ മുന്‍നിര്‍ത്തി വിമത നീക്കമെന്ന് സംശയം

മഹാരാഷ്ട്രയില്‍ ശിവസേനയ്ക്കുള്ളില്‍ വിള്ളലുണ്ടാക്കി ഉദ്ധവ് സര്‍ക്കാരിനെ വീഴ്ത്തിയ തന്ത്രം ബി.ജെ.പി ബിഹാറിലും ആവര്‍ത്തിക്കുമോ എന്ന് നിതീഷ് കുമാര്‍ ഭയന്നു എന്നാണ് റിപ്പോര്‍ട്ട്. മുൻ കേന്ദ്രമന്ത്രി ആർ.സി.പി സിങ്ങിനെ മുന്നില്‍ നിര്‍ത്തി ബി.ജെ.പി ചരടുവലി തുടങ്ങിയതായി സംശയമുയര്‍ന്നു. സിങ് മറ്റൊരു ഏക്നാഥ് ഷിന്‍ഡെയാകുമോ എന്ന് നിതീഷ് ക്യാമ്പില്‍ ആശങ്ക ഉയര്‍ന്നു. ഇതോടെ നിതീഷ് കുമാര്‍ ആർ.സി.പി സിങ്ങിന് രാജ്യസഭാ സ്ഥാനാര്‍ഥിത്വം വീണ്ടും നല്‍കിയില്ല. അഴിമതി ആരോപണങ്ങളിൽ വിശദീകരണം ചോദിക്കുകയും ചെയ്തു. പിന്നാലെ ആർ.സി.പി സിങ് ജെ.ഡി.യു വിട്ടു.

Advertising
Advertising

കേന്ദ്രത്തോട് നിസ്സഹകരിച്ച് തുറന്നപോര്

ജാതി സെന്‍സസ്, അഗ്നിപഥ് തുടങ്ങിയ വിഷയങ്ങളില്‍ നിതീഷ് കുമാറിന് ബി.ജെ.പിയുമായി ഭിന്നതയുണ്ട്. കേന്ദ്ര സര്‍ക്കാരുമായി ഇതിനകം തന്നെ നിതീഷ് കുമാര്‍ നിസ്സഹകരണം തുടങ്ങിയിരുന്നു. ഏറ്റവുമൊടുവില്‍ പ്രധാനമന്ത്രി പങ്കെടുത്ത നിതി ആയോഗ് യോഗത്തില്‍ ഉള്‍പ്പെടെ നിതീഷ് കുമാര്‍ എത്തിയില്ല. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും നിതീഷ് വിട്ടുനിന്നതും വലിയ വാര്‍ത്തയായി. 2020ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പല തവണ അഭിപ്രായ വ്യത്യാസം ഉണ്ടായെങ്കിലും എന്‍.ഡി.എ സഖ്യം വിട്ട് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നിതീഷ് കുമാറിന്‍റെ നീക്കം ബി.ജെ.പിക്ക് കനത്ത ആഘാതമായി. അമിത് ഷാ നേരിട്ട് അനുരഞ്ജനശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

മോദിയോട് കൊമ്പുകോര്‍ത്ത നിതീഷ്

2014ലെ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ബി.ജെ.പി ഉയര്‍ത്തിക്കാട്ടിയപ്പോള്‍, സഖ്യത്തിന്‍റെ ഭാഗമായിരുന്ന നിതീഷ് കുമാര്‍ ശക്തമായി എതിര്‍ത്തിരുന്നു. 2015ൽ നടന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ ആർ.ജെ.ഡി, കോൺഗ്രസ് പാർട്ടികളുമായി ജെ.ഡി.യു സഖ്യം രൂപീകരിച്ചു. നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി. എന്നാല്‍ രണ്ടു വര്‍ഷമേ ആ സഖ്യം നീണ്ടുനിന്നുള്ളൂ. 2020ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെ.ഡി.യു ബി.ജെ.പിയോടൊപ്പം മത്സരിച്ചു. നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രിയായി. പക്ഷേ ജെ.ഡി.യുവിന് വിജയിക്കാനായത് 45 സീറ്റില്‍ മാത്രമാണെന്നത് വലിയ ക്ഷീണമായി. ബി.ജെ.പിയാകട്ടെ 77 സീറ്റില്‍ വിജയിച്ചു. വലിയ ഒറ്റക്കക്ഷിയായത് ആര്‍.ജെ.ഡി ആയിരുന്നു.


ബി.ജെ.പി അപമാനിച്ചെന്ന് നിതീഷ് കുമാര്‍

ജെ.ഡി.യു.വും ബി.ജെ.പിയും തമ്മിലുള്ള ചേരിപ്പോരുകള്‍ക്കിടെ കഴിഞ്ഞ ദിവസമാണ് എം.പിമാരോടും എം.എല്‍.എമാരോടും ഉടന്‍ പട്‌നയിലെത്താന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആവശ്യപ്പെട്ടത്. ബി.ജെ.പി അപമാനിച്ചെന്നു ജെ.ഡി.യു യോഗത്തിൽ നിതീഷ് കുമാര്‍ പറഞ്ഞു. പിന്നാലെ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട് രാജിക്കത്ത് സമര്‍പ്പിച്ചു. ഭൂരിപക്ഷം എം.എല്‍.എമാരും എം.പിമാരും എന്‍.ഡി.എ സഖ്യം വിടണമെന്ന് ആവശ്യപ്പെട്ടെന്ന് രാജി സമര്‍പ്പിച്ച ശേഷം നിതീഷ് കുമാര്‍ പറഞ്ഞു.

ഇനി പുതിയ സഖ്യം, തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും

ആർജെഡി, കോണ്‍ഗ്രസ് സഖ്യത്തിന്റെ പിന്തുണയോടെ മന്ത്രിസഭ രൂപീകരിക്കാൻ ജെ.ഡി.യുവിന് കഴിയും. ബി.ജെ.പി സഖ്യം വിട്ടുവന്നാല്‍ പിന്തുണയ്ക്കാമെന്ന് ഇരു പാര്‍ട്ടികളും ഉറപ്പ് നല്‍കിയിരുന്നു. 243 അംഗ നിയമസഭയിൽ 122 പേരുടെ പിന്തുണയാണ് സർക്കാർ രൂപീകരിക്കാൻ വേണ്ടത്. ആർജെഡി, കോൺഗ്രസ് എന്നിവരുടെ പിന്തുണ കൂടാതെ മുൻ മുഖ്യമന്ത്രി ജിതിൻ റാം മാ‍ഞ്ചിയുടെ ഹിന്ദുസ്ഥാൻ ആവാസ് മോർച്ചയുടെ (എച്ച്എഎം) നാല് എംഎൽഎമാരുടെ പിന്തുണയും ജെ.ഡി.യുവിന് ഉണ്ട്.

നിലവില്‍ ആർജെ‍ഡി– 79, ബിജെപി– 77, ജെ‍ഡിയു– 45, കോൺഗ്രസ്– 19, സിപിഐ എംഎൽ– 12, സിപിഎം– 2, സിപിഐ– 2, എച്ച്എഎം 4, സ്വതന്ത്രൻ– 1, എഐഎംഐഎം–1 എന്നാണ് കക്ഷിനില. ഒരു സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്.


അപ്രതീക്ഷിതനീക്കം നടത്തുമോ ബി.ജെ.പി?

പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള തിരക്കിട്ട നീക്കങ്ങള്‍ നടക്കുന്നതിനിടെ രാഷ്ട്രപതി ഭരണത്തിന് ബി.ജെ.പി ശ്രമിക്കുമോ എന്ന ആശങ്കയും സഖ്യത്തിനുണ്ട്. നിലവിലെ സാഹചര്യം വിലയിരുത്താന്‍ ബി.ജെ.പി കോര്‍ കമ്മിറ്റി ഇന്ന് ചേരുന്നുണ്ട്. രാഷ്ട്രപതി ഭരണത്തിന് ബി.ജെ.പി ശ്രമിച്ചാൽ ശക്തമായ മറുപടി നൽകുമെന്ന് ആർ.ജെ.ഡി വ്യക്തമാക്കി. മഹാഗഡ്ബന്ധൻ സഖ്യത്തിന് 160 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് അവകാശവാദം. സർക്കാരിന്റെ പ്രഥമ പരിഗണന യുവാക്കൾക്ക് തൊഴിൽ എന്നതാണെന്ന് ആര്‍.ജെ.ഡി അറിയിച്ചു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News