'ഒരു നേതാവും അണികൾ മരിക്കാൻ ആഗ്രഹിക്കില്ല, അപവാദങ്ങൾ പ്രചരിപ്പിക്കരുത്'; കരൂർ ദുരന്തത്തിൽ സ്റ്റാലിൻ
''തമിഴ്‌നാട്ടിൽ ഇനി ഇങ്ങനെയൊരു ദുരന്തം ഉണ്ടാവാൻ പാടില്ല. അതിനു വേണ്ടിയാണ് എല്ലാവരും പ്രവർത്തിക്കേണ്ടത്''
ചെന്നൈ: കരൂര്‍ ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍, അപവാദങ്ങളും കിംവദന്തികളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍.
ഒരു രാഷ്ട്രീയ നേതാവും തന്റെ അനുയായികളോ മറ്റു ജനങ്ങളോ മരിക്കാന്‍ ആഗ്രഹിക്കില്ലെന്ന് സ്റ്റാലിന്‍ വ്യക്തമാക്കി. തിങ്കളാഴ്ച പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് സ്റ്റാലിന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
'തമിഴ്നാട്ടിൽ ഇനി ഇങ്ങനെയൊരു ദുരന്തം ഉണ്ടാവാൻ പാടില്ല. അതിനു വേണ്ടിയാണ് എല്ലാവരും പ്രവർത്തിക്കേണ്ടത്. പരിക്കേറ്റ് ചികിത്സയിലുള്ളവരുടെ മുഴുവൻ ചെലവും സർക്കാർ വഹിക്കും. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഉടൻതന്നെ ധനസഹായം നൽകും. നടക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. ഇനി ഇത്തരം സമ്മേളനങ്ങൾ നടത്തുമ്പോൾ രാഷ്ട്രീയ പാർട്ടികൾ ജാഗ്രത പാലിക്കണമെന്നും'- എം കെ സ്റ്റാലിൻ പറഞ്ഞു.
''മരിച്ചവര്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയില്‍പ്പെട്ടവരാണെങ്കിലും അവരെല്ലാം നമ്മുടെ തമിഴ് സഹോദരങ്ങളാണ്. ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജസ്റ്റിസ് അരുണ ജഗദീശന്റെ നേതൃത്വത്തില്‍ ഏകാംഗ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. കമ്മീഷന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം, ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും പൊതു സംഘടനകളുമായും കൂടിയാലോചിച്ച് നടപടികൾ സ്വീകരിക്കുമെന്ന്''- സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.
കരൂരിലെ വിജയ്‌യുടെ റാലിയാണ് വന്‍ ദുരന്തത്തില്‍ കലാശിച്ചത്. 41 പേരാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്.