Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
ന്യൂഡല്‍ഹി: കോളജിലും സ്‌കൂളിലും അസൈന്‍മെന്റുകള്‍ പറഞ്ഞ ഡേറ്റിന് സബ്മിറ്റ് ചെയ്യാന്‍ കഴിയാതെ ബുദ്ധിമുട്ടിയിട്ടില്ലേ... ടീച്ചര്‍മാര്‍ വഴക്കു പറയുമോ, മാര്‍ക്ക് കുറയ്ക്കുമോ എന്ന ടെന്‍ഷന്‍ കാരണം ഉറക്കമിളച്ച് പലപ്പോഴും അസൈന്‍മെന്റുകള്‍ സമര്‍പ്പിച്ചവരായിരിക്കും പലരും.
പുലര്‍ച്ചെ 3:49-ന് അസൈന്‍മെന്റ് സമര്‍പ്പിച്ച വിദ്യാര്‍ഥിക്ക് ഡല്‍ഹി യൂണിവേഴ്സിറ്റി പ്രൊഫസര്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. കവിതാ കാംബോജ് എന്ന പ്രൊഫസറിന്റെ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.
ഉറക്കമിളച്ച് അസൈന്‍മെന്റ് തയ്യാറാക്കിയ കുട്ടിയെ അഭിനന്ദിക്കുന്നതിനൊപ്പം മതിയായ വിശ്രമത്തിന്റെ ആവശ്യകതയെക്കുറിച്ചും ടീച്ചര്‍ വിദ്യാര്‍ഥിയെ ഓര്‍മിപ്പിച്ചു. ലിങ്ക്ഡ്ഇന്നില്‍ വിഷയത്തെക്കുറിച്ച് അധ്യാപിക പോസ്റ്റും പങ്കുവെച്ചു.
''വിദ്യാര്‍ഥികളേ.. ക്രിയാത്മകമായി ചെയ്യേണ്ട അസൈന്‍മെന്റുകള്‍ക്ക് നിങ്ങളുടെ ഉറക്കം കളയേണ്ട ആവശ്യമില്ല. എന്റെ ഒരു വിദ്യാര്‍ഥി പുലര്‍ച്ചെ 3:49-നാണ് അസൈന്‍മെന്റ് സമര്‍പ്പിച്ചത്. കൃത്യസമയത്ത് അസൈന്‍മെന്റ് വെച്ച വിദ്യാര്‍ഥിയെ അഭിനന്ദിക്കണം, പക്ഷേ ഒരിക്കലും ആരോഗ്യത്തെ ബാധിക്കരുത്. മതിയായ വിശ്രമമോ, ഉറക്കമോ ഇല്ലാതെ, കഷ്ടപ്പെട്ട് അസൈന്‍മെന്റ് വെച്ചിട്ട് കാര്യമില്ല. അതിന്റെ പ്രാധാന്യം നഷ്ടപ്പെടും. നിങ്ങളുടെ ഓരോ ദിവസവും നന്നായി ചിലവഴിക്കുക, നന്നായി ഉറങ്ങുക. ഉത്സാഹത്തോടെ പ്രവര്‍ത്തിക്കുക. അസൈന്‍മെന്റ് വെക്കേണ്ട സമയത്തേക്കാള്‍ പ്രധാനം നിങ്ങളുടെ ആരോഗ്യമാണ്,' ടീച്ചര്‍ പോസ്റ്റില്‍ കുറിച്ചു.
വിദ്യാര്‍ഥിക്ക് വ്യക്തിപരമായി നല്‍കിയ മറുപടിയുടെ സ്‌ക്രീന്‍ഷോട്ടും പ്രൊഫസര്‍ കുറിപ്പിനൊപ്പം പങ്കുവെച്ചു. ''നീ അസൈമെന്റ് വളരെ നന്നായി ചെയ്തിരിക്കുന്നു. ഓരോ ചെറിയ കാര്യങ്ങളും ഉള്‍പ്പെടുത്തിയ രീതി അഭിനന്ദനീയമാണ്. പക്ഷെ നീ ഇത്രയധികം സമയം വര്‍ക്ക് ചെയ്യേണ്ടതില്ല. ഉറക്കം നഷ്ടപ്പെടുത്താതെയും നിനക്ക് സമയം കണ്ടെത്താന്‍ കഴിയും. അസൈന്‍മെന്റിനുവേണ്ടി വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചത് കൊണ്ട് കാര്യമില്ല. എന്ത് സഹായത്തിനും ഞാന്‍ ഇവിടെയുണ്ട്. നന്നായി ഉറങ്ങി, പ്രഭാതഭക്ഷണം കഴിച്ചതിന് ശേഷം എന്നെ വിളിക്കൂ,' ടീച്ചര്‍ കുറിച്ചു
ടീച്ചറുടെ പോസ്റ്റ് വളരെ പെട്ടെന്ന് തന്നെ ശ്രദ്ധനേടി. നിരവധിയാളുകളാണ് ടീച്ചറെ അഭിനന്ദിച്ച് പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. പലരും തങ്ങളുടെ വിദ്യാഭ്യാസ കാലഘട്ടത്തില്‍ നേരിട്ട അനുഭവങ്ങളും പോസ്റ്റിന് താഴെ പങ്കുവെച്ചു.