യുവാവിനെ രാത്രിമുഴുവന്‍ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ച് ഭാര്യ വീട്ടുകാര്‍; മോചിപ്പിച്ചത് പൊലീസെത്തി

യുവാവിനെ കെട്ടിയിട്ട് മര്‍ദിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു

Update: 2025-08-16 03:33 GMT
Editor : Lissy P | By : Web Desk

ഭുവനേശ്വര്‍: ഒഡിഷയിലെ ഗജപാട്ടി ജില്ലയില്‍ യുവാവിനെ ഭാര്യയുടെ ബന്ധുക്കള്‍ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു. ജലന്ദ ബാലിയര്‍സിങ് എന്നയാളെയാണ് ഒരുരാത്രി മുഴുവന്‍ മരത്തില്‍ കെട്ടിയിട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി.

കുടുംബവഴക്കിനെത്തുടര്‍ന്ന് ബാലിയര്‍സിങ് ഭാര്യയായ സുഭദ്ര മല്‍ബിസോയിയെ മര്‍ദിച്ചിരുന്നു.ഗാര്‍ഹിക പീഡന പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന്  സുഭദ്രയെ, അവരുടെ മാതാപിതാക്കള്‍ക്കൊപ്പം വിടാന്‍ ഗ്രാമപ്പഞ്ചായത്ത് ഉത്തരവിടുകയും ചെയ്തിരുന്നു. ഉത്തരവിന് പിന്നാലെ സുഭദ്ര സ്വന്തം മാതാപിതാക്കള്‍ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്.  ഒരുവര്‍ഷംമുന്‍പ് നടന്ന ഈ സംഭവത്തില്‍ കോടതിവിധി കാത്തിരിക്കവെയാണ് ജലന്ദ ബാലിയര്‍സിങ്ങിന് മര്‍ദനമേറ്റത്.

വ്യാഴാഴ്ച രാത്രി സാധനങ്ങള്‍ വാങ്ങാനായി, ഭാര്യയുടെ ബന്ധുക്കള്‍ താമസിക്കുന്ന ഗ്രാമത്തിലേക്ക് പോയതായിരുന്നു ബാലിയര്‍സിങ്. അവിടെവെച്ച് ഭാര്യാവീട്ടുകാര്‍ ഇയാളെ ആകസ്മികമായി കാണുകയും അത് തര്‍ക്കത്തില്‍ കലാശിക്കുകയുമായിരുന്നു. തര്‍ക്കത്തിന് പിന്നാലെ ബന്ധുക്കള്‍ ഇയാളെ ഒരുരാത്രി മുഴുവന്‍ മരത്തില്‍ കെട്ടിയിടുകയും മര്‍ദിക്കുകയുമായിരുന്നു. പിറ്റേന്ന് രാവിലെ പൊലീസെത്തിയാണ് ബാലിയര്‍സിങ്ങിനെ മോചിപ്പിച്ചത്. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.   

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News