'ഒരു വ്യക്തിക്ക് നിരവധി വോട്ടുകൾ'; ഗുജറാത്തിലും ബിജെപി 'വോട്ട് മോഷണം' നടത്തിയെന്ന് കോൺഗ്രസ്

ഗുജറാത്ത് ബിജെപി അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ സി.ആർ പാട്ടിൽ പ്രതിനിധീകരിക്കുന്ന നവസാരി ലോക്‌സഭാ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ കൃത്രിമത്വം നടന്നതെന്ന് പിസിസി അധ്യക്ഷൻ അമിത് ചാവ്ഡ പറഞ്ഞു

Update: 2025-08-30 10:46 GMT

അഹമ്മദാബാദ്: ഗുജറാത്തിൽ ബിജെപി വൻ തോതിൽ 'വോട്ട് മോഷണം' നടത്തിയെന്നന്ന വെളിപ്പെടുത്തലുമായി കോൺഗ്രസ്. വോട്ടർ പട്ടിക പരിശോധിച്ചപ്പോൾ നിരവധി വ്യാജ വോട്ടർമാരെ കണ്ടെത്താൻ കഴിഞ്ഞെന്ന് പിസിസി അധ്യക്ഷൻ അമിത് ചാവ്ഡ പറഞ്ഞു.

ഗുജറാത്തിൽ ഒരാൾക്ക് ഒന്നിലധികം വോട്ടുകൾ എന്നത് ആവർത്തിച്ചുവരുന്ന ഒരു രീതിയായി മാറുകയാണ് എന്നാണ് വോട്ടർ പട്ടികകളുടെ സൂക്ഷമപരിശോധനയിൽ നിന്ന് വ്യക്തമായത്. ഗുജറാത്ത് ബിജെപി അധ്യക്ഷനും കേന്ദ്ര കാബിനറ്റ് മന്ത്രിയുമായ സി.ആർ പാട്ടിൽ പ്രതിനിധീകരിക്കുന്ന നവസാരി ലോക്‌സഭാ മണ്ഡലത്തിലാണ് കൃത്രിമത്വം ഏറ്റവും പ്രകടമായതെന്നും ചാവ്ഡ പരഞ്ഞു.

Advertising
Advertising

നവസാരിയിലെ ചൊറിയാസി നിയമസഭാ മണ്ഡലത്തിന്റെ വിശദമായ പരിശോധനയിൽ ഗുരുതരമായ പൊരുത്തക്കേടുകളാണ് കണ്ടെത്തിയത്. രജിസ്റ്റർ ചെയ്ത 6,09,592 വോട്ടർമാരിൽ ഏകദേശം 40 ശതമാനം എൻട്രികളും പരിശോധിച്ചു. ഇതിൽ 30,000 വോട്ടർമാരെങ്കിലും വ്യാജമോ ഇരട്ട വോട്ടുകളോ സംശയാസ്പദമോ ആണെന്ന് കണ്ടെത്തിയെന്നും ചാവ്ഡ പറഞ്ഞു.

ഒരു മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ ഇത്ര വലിയ തട്ടിപ്പ് നടന്നെങ്കിൽ സംസ്ഥാനത്ത് ജനാധിപത്യം എത്രത്തോളം ദുർബലപ്പെട്ടെന്ന് ആലോചിക്കണം. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ സി.ആർ പാട്ടീൽ നേടിയ റെക്കോർഡ് വിജയങ്ങൾ കൂടി ഇതോടെ സംശയത്തിന്റെ നിഴലിലാവുകയാണെന്നും ചാവ്ഡ പറഞ്ഞു.

ഒരേ വോട്ടറുടെ പേര് പല തവണ പ്രത്യക്ഷപ്പെട്ടതായി തങ്ങളുടെ ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ചിലപ്പോൾ ചെറിയ അക്ഷരത്തെറ്റുകൾ വരുത്തിയാണ് ഒരു വോട്ടറെ ഒന്നിലധികം തവണ ചേർത്തത്. ചില വ്യക്തികൾക്ക് ഒന്നിലധികം വോട്ടർ ഐഡികളുണ്ട്. ഒരേ വോട്ടർമാരുടെ പേര് അവരുടെ ഐഡന്റിറ്റി മറയ്ക്കാൻ വ്യത്യസ്ത ഭാഷകളിൽ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ചാവ്ഡ പറഞ്ഞു.

സംസ്ഥാന വ്യാപകമായി വോട്ടർ പട്ടികയിൽ തട്ടിപ്പ് നടന്നിട്ടുണ്ട്. ഇത് പുറത്തുകൊണ്ടുവരാൻ കോൺഗ്രസ് കൃത്യമായ പരിശോധന നടത്തും. കോൺഗ്രസ് വെളിപ്പെടുത്തലിൽ ബിജെപി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News