മമത ബാനര്‍ജിയെ വീഴ്ത്താന്‍ ബിജെപി: ബംഗാൾ ബിജെപി എംപിമാരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി
വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയമുറപ്പിക്കാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി എംപിമാരോട് ആവശ്യപ്പെട്ടു
ന്യൂഡല്‍ഹി: ബംഗാളിൽ പിടിമുറുക്കാൻ ബിജെപി. ബംഗാളിലെ ബിജെപി എംപിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.
വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയമുറപ്പിക്കാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി എംപിമാരോട് ആവശ്യപ്പെട്ടു. വോട്ടര്‍പട്ടികയിലെ തീവ്രപരിഷ്കരണത്തെക്കുറിച്ചും(എസ്‌ഐആർ) മോദി പരാമര്‍ശിച്ചു. എസ്ഐആര്‍, ശുദ്ധീകരണത്തിന്റെ ഒരു അനിവാര്യഘട്ടമാണെന്ന് മോദി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
സംസ്ഥാനത്ത് പാർട്ടി പുരോഗതി നേടിയിട്ടുണ്ടെങ്കിലും ടിഎംസി സർക്കാരിനെതിരായ പോരാട്ടം ദൃഢനിശ്ചയത്തോടെയും ശ്രദ്ധയോടെയും തുടരണമെന്നും പ്രധാനമന്ത്രി എംപിമാരോട് ആവശ്യപ്പെട്ടു.
അടുത്ത വർഷം നടക്കുന്ന പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് നേരത്തെ തന്നെ ബിജെപി ഒരുങ്ങിയിട്ടുണ്ട്. കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവിനും മുൻ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനും പാർട്ടി ഇതിനകം തന്നെ പ്രധാന ഉത്തരവാദിത്തങ്ങൾ നൽകിയിട്ടുണ്ട്.
അതേസമയം എസ്ഐആറിനെതിരെ മമത ബാനര്‍ജി ശക്തമായി തന്നെ രംഗത്തുണ്ട്. കഴിഞ്ഞയാഴ്ച എസ്ഐആറിലെ ആശങ്കകള്‍ ഉന്നയിച്ച് ടിഎംസി എംപിമാര്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
Watch Video Report