മോദി അത്ര പോരാ... പ്രധാനമന്ത്രിയുടെ ജനപ്രീതി ഇടിഞ്ഞതായി സര്‍വെ റിപ്പോര്‍ട്ട്
മോദിക്ക് പുറമെ ഭരണകക്ഷിയായ എന്‍ഡിഎയുടെ ജനപിന്തുണയിലും വലിയ ഇടിവ് ഉണ്ടായിട്ടുണ്ടെന്ന് സർവെ ഫലം വ്യക്തമാക്കുന്നു
ന്യൂദല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയില്‍ ഇടിവ് സംഭവിച്ചതായി സര്‍വെ ഫലം. 2025 ഫെബ്രുവരിയില്‍ 62% ഉണ്ടായിരുന്ന ജനപ്രീതിയാണ് ഇപ്പോള്‍ 58% ആയി കുറഞ്ഞിരിക്കുന്നത്. ഇന്ത്യ ടുഡെയും സീവോട്ടറും സംഘടിപ്പിച്ച മൂഡ് ഓഫ് ദി നേഷന്‍ പോളിലാണ് ഈ കണ്ടെത്തല്‍.
സര്‍വെയില്‍ പങ്കെടുത്തവരില്‍ 34.2% പേരും മോദിയുടെ മൂന്നാം ടേമിലെ ഭരണം മികച്ചതാണെന്ന് വിലയിരുത്തി.എന്നാല്‍ ഫെബ്രുവരിയില്‍ ഇത് 36.1% ആയിരുന്നു. അതേസമയം മോദിയുടെ ഭരണം നല്ലാതാണെന്ന് വിലയിരുത്തിയത് 23.8% പേര്‍ മാത്രമാണ്.
26.4% പേര്‍ മോദിയുടെ പ്രകടനം മോശമാണെന്ന് വിലയിരുത്തി. ഫെബ്രുവരിയില്‍ 12.7% പേര്‍ ഭരണം ശരാശരി മാത്രമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. 12.6% പേര്‍ ഭരണം മോശമാണെന്നും 13.8% പേര്‍ ഭരണം വളരെ മോശമാണെന്നും വിലയിരുത്തി.
മോദിക്ക് പുറമെ ഭരണകക്ഷിയായ എന്‍ഡിഎയുടെ ജനപിന്തുണയിലും വലിയ ഇടിവ് ഉണ്ടായിട്ടുണ്ട്. 2025 ഫെബ്രുവരിയില്‍ 62.1% പേരാണ് എന്‍ഡിഎയുടെ പ്രകടനം നല്ലതാണെന്ന് വിലയിരുത്തിയത്. എന്നാല്‍ ഇതില്‍ വലിയ ഇടിവുണ്ടായി. ആഗസ്റ്റിലെ സര്‍വെയില്‍ 52.4% പേര്‍ മാത്രമാണ് എന്‍ഡിഎയുടെ പ്രകടനം മികച്ചതാണെന്ന് വിലയിരുത്തിയത്. 15.3% പേര്‍ ഒരു തരത്തിലുള്ള വിലയിരുത്തലും നടത്തിയിട്ടില്ല.ഇത്തരത്തില്‍ കൃത്യമായ അഭിപ്രായം രേഖപ്പെടുത്താത്തവരുടെ എണ്ണം ഫെബ്രുവരിയില്‍ 8.6% മാത്രമായിരുന്നു. 2.7% പേര്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തരല്ല. ഇത് ഫെബ്രുവരിയിലും സമാനമായിരുന്നു.
2025 ജൂലായ് ഒന്ന് മുതല്‍ ഓഗസ്റ്റ് 14 വരെ രാജ്യത്തെ വിവിധ ലോക്‌സഭ മണ്ഡലങ്ങളില്‍ നിന്നുള്ള 54788 ആളുകളിലായാണ് സര്‍വെ നടത്തിയത്. ഇതിന് പുറമെ സീവോട്ടറിന്റെ ഡാറ്റകളും വിലയിരുത്തിയാണ് സര്‍വെ ഫലം തയ്യാറാക്കിയതെന്നാണ് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തത്.