സ്കൂളിൽ മദ്രസാ മോഡൽ പ്രാർഥനയെന്ന് വി.എച്ച്.പി ആരോപണം; മുസ്‌ലിം അധ്യാപകർക്കെതിരെ കേസെടുത്ത് യു.പി പൊലീസ്

കുട്ടികളെ അധ്യാപകർ മതംമാറ്റാൻ ശ്രമിച്ചതായും വി.എച്ച്.പി നേതാക്കൾ ആരോപിക്കുന്നു.

Update: 2022-12-22 12:57 GMT
Advertising

ബറേയ്ലി: ഉത്തർപ്രദേശിൽ സർക്കാർ സ്കൂളിൽ മദ്രസാ രീതിയിൽ പ്രാർഥന നടത്തിയെന്ന വിശ്വ ഹിന്ദു പരിഷത് (വി.എച്ച്.പി) ആരോപണത്തിൽ മുസ്‌ലിം അധ്യാപകർക്കെതിരെ കേസെടുത്ത് പൊലീസ്. ഫരീദ്പുർ ​ഗവ. ഹയർ സെക്കൻ‍ഡറി സ്കൂളിലെ പ്രിൻസിപ്പൽ നാഹിദ് സിദ്ദീഖി, അധ്യാപകൻ വസീറുദ്ദീൻ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

സ്കൂളിൽ അധ്യാപകർ മദ്രസയിലേതു പോലെ പ്രാർഥന നടത്തിയെന്ന ആരോപണവുമായി വി.എച്ച്.പി സിറ്റി പ്രസിഡന്റ് സോംപാൽ റാത്തോറാണ് പൊലീസിൽ പരാതി നൽകിയത്. ഈ പ്രാർഥന ഹിന്ദു ഭൂരിപക്ഷ പ്രദേശത്തെ ജനങ്ങളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നും പരാതിയിൽ ആരോപിക്കുന്നു.

കുട്ടികളെ അധ്യാപകർ മതംമാറ്റാൻ ശ്രമിച്ചതായും വി.എച്ച്.പി നേതാക്കൾ ആരോപിക്കുന്നതായി ബേസിക് ശിക്ഷാ അധികാരി (ബി.എസ്.എ) വിനയ് കുമാർ പറയുന്നു. പരാതിയിൽ ഇരുവർക്കുമെതിരെ ബുധനാഴ്ച കേസെടുത്തതായും ബി.എസ്.എ പറഞ്ഞു.

പ്രിൻസിപ്പൽ നാഹിദ് സിദ്ദീഖിയുടെ നിർദേശപ്രകാരം വസീറുദ്ദീൻ ഏറെക്കാലമായി 'മദ്രസ മാതൃകയിലുള്ള പ്രാർഥന' നടത്തുകയായിരുന്നെന്നും പ്രതിഷേധിച്ച വിദ്യാർഥികളെ ഭീഷണിപ്പെടുത്തിയതായും ബി.എസ്.എ ആരോപിച്ചു.

വിഷയത്തിൽ പ്രിൻസിപ്പലിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. അതേസമയം അധ്യാപകനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ബി.എസ്‌.എ അറിയിച്ചു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News