ബിഹാറിലെ രാമനവമി അക്രമം ആസൂത്രിതമെന്ന് പൊലീസ്; പിന്നിൽ ബജ്രംഗ്ദൾ നേതാവ്; ​ഗൂഡാലോചന വാട്ട്സ്ആപ്പ് ​ഗ്രൂപ്പിലൂടെ

ഇത് പൊടുന്നനെ ഉണ്ടായ അക്രമങ്ങളല്ലെന്നും കൃത്യമായ ആസൂത്രണം ഇതിനു പിന്നിൽ ഉണ്ടായിരുന്നതായും പൊലീസ് ചൂണ്ടിക്കാട്ടുന്നു.

Update: 2023-04-09 18:59 GMT

പട്ന: ബിഹാറിൽ രാമനവമി ഘോഷയാത്രയ്ക്കിടെയുണ്ടായ അക്രമം ആസൂത്രിതമായിരുന്നെന്ന് പൊലീസ്. ഇതിനായി 457 പേരടങ്ങുന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി ഗൂഢാലോചനകൾ നടത്തിയെന്നും ഇതിനു പിന്നിൽ ബജ്‌റംഗ്ദൾ കൺവീനർ കുന്ദൻ കുമാറാണെന്നും എ.ഡി.ജി.പി ജിതേന്ദ്ര സിങ് ഗവാർ പറഞ്ഞു.

ബിഹാര്‍ നളന്ദ ജില്ലയിലെ ബിഹാർ ഷെരീഫിൽ രാമനവമി ഘോഷയാത്രയോടനുബന്ധിച്ച് നടന്ന അതിക്രമമാണ് സംഘ്പരിവാർ സംഘടനകളുടെ ആസൂത്രിത പദ്ധതിയായിരുന്നെന്ന് വ്യക്തമായത്. കുന്ദൻ കുമാറുണ്ടാക്കിയ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലായിരുന്നു ആ ദിവസങ്ങളിൽ നടത്തേണ്ട ആക്രമണങ്ങളെ കുറിച്ചുള്ള ആസൂത്രണവും ഗൂഢാലോചനയും നടന്നിരുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. വ്യാപക അക്രമമാണ് റാലിക്കിടെ ഉണ്ടായത്.

Advertising
Advertising

ബിഹാർ ഷരീഫിൽ മാത്രമല്ല, ജില്ലയിലെ മറ്റിടങ്ങളിലും ഇത്തരത്തിൽ ആക്രമണങ്ങൾ നടന്നു. ഇത് പൊടുന്നനെ ഉണ്ടായ അക്രമങ്ങളല്ലെന്നും കൃത്യമായ ആസൂത്രണം ഇതിനു പിന്നിൽ ഉണ്ടായിരുന്നതായും പൊലീസ് ചൂണ്ടിക്കാട്ടുന്നു. അതിനാൽ പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും എ.ഡി.ജി.പി അറിയിച്ചു.

കേസുമായി ബന്ധപ്പെട്ട് ഇതുവരെ 140പേരെ അറസ്റ്റ് ചെയ്തതായും 15 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തതായും പൊലീസ് പറഞ്ഞു. ബിഹാർ ഷരീഫിലെ പള്ളികൾക്കും മദ്രസകൾക്കും ലൈബ്രറികൾക്കുമാണ് ഹിന്ദുത്വ അക്രമികൾ തീയിട്ടത്. സമീപപ്രദേശങ്ങളിലും വ്യാപക ആക്രമണം നടന്നിരുന്നു. ഇതിന്റെയെല്ലാം പ്രധാന ആസൂത്രകൻ ബജ്രംഗ്ദൾ നേതാവാണെന്നും പൊലീസ് വിശദമാക്കുന്നു.

അന്വേഷണം തുടരുകയാണെന്നും വരുംദിവസങ്ങളിൽ കൂടുതൽ ആളുകളെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാർച്ച് 31നായിരുന്നു പള്ളികൾക്കും മദ്രസകൾക്കും വീടുകൾക്കും നേരെയുൾപ്പെടെ ആക്രമണം നടന്നത്. ആയി‌രത്തോളം വരുന്ന ആള്‍ക്കൂട്ടം ബിഹാർ ഷെരീഫിലെ മുരാർപൂർ പ്രദേശത്തെ മദ്രസ തകർക്കുകയും ലൈബ്രറിക്ക് തീയിടുകയും ചെയ്തതായി മസ്ജിദിന്‍റെ ഇമാമും കാര്യസ്ഥനുമായ മുഹമ്മദ് സിയാബുദ്ദീൻ പറഞ്ഞിരുന്നു.

4,500ലധികം പുസ്തകങ്ങളുടെ ശേഖരമുള്ള 110 വർഷം പഴക്കമുള്ള ലൈബ്രറി ആക്രമണത്തിൽ ചാരമായതായും അദ്ദേഹം പറഞ്ഞിരുന്നു. മസ്ജിദിന്റെ മിനാരം തകർത്ത ഹിന്ദുത്വ അക്രമികൾ മദ്രസയിൽ കയറി കല്ലെറിഞ്ഞെന്നും ഇമാം പറഞ്ഞു. മസ്ജിദിലുള്ള ഒരാളോട് ജയ് ശ്രീം വിളിക്കാനാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. തുടർന്ന് പള്ളിയിലേക്കും ലൈബ്രറിയിലേക്കും പെട്രോൾ ബോംബുകൾ എറിയുകയും പരിസരത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് തീയിടുകയും ചെയ്തെന്നും അദ്ദേഹം പറഞ്ഞിരുന്നു.

31ന് ശ്രാം കല്യാൺ മൈതാനത്തുനിന്ന് മണിറാം അഖാഡയിലേക്കുള്ള രാമനവമി ഘോഷയാത്രയ്ക്കിടെയാണ് അക്രമമുണ്ടായതെന്ന് ദൃക്‌സാക്ഷി പറഞ്ഞിരുന്നു. പ്രദേശത്തെ നിരവധി കടകളിൽ ജനക്കൂട്ടം കാവി പതാകകൾ സ്ഥാപിക്കുകയും കത്തിക്കുകയും ചെയ്തു. സംഘര്‍ഷത്തെ തുടര്‍ന്ന് ജില്ലയിൽ ഇന്‍റര്‍നെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ബിഹാറിലേത് കൂടാതെ, പശ്ചിമബം​ഗാളിലും രാമനവമി ഘോഷയാത്രയ്ക്കിടെ വ്യാപക അക്രമമാണ് ഹിന്ദുത്വ സംഘടനകൾ നടത്തിയത്.





Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News