'അടുത്ത 1000 വർഷത്തേക്ക് ഇന്ത്യയിൽ രാമരാജ്യം, രാമക്ഷേത്രം തുടക്കം'; ബി.ജെ.പി ദേശീയ കൗൺസിലിൽ പ്രമേയം പാസാക്കി

എല്ലാ ഇന്ത്യക്കാരുടെ സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ടുവെന്നും രാം ലല്ല സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്നും മോദി

Update: 2024-02-18 12:38 GMT
Advertising

ന്യൂഡൽഹി:അയോധ്യയിലെ രാമക്ഷേത്ര നിർമാണം രാജ്യത്തിന് ചരിത്രപരവും അഭിമാനകരവുമായ നിമിഷമാണെന്നും അടുത്ത 1000 വർഷത്തേക്ക് ഇന്ത്യയിൽ 'രാമരാജ്യം' സ്ഥാപിക്കുന്നതിന്റെ പ്രഖ്യാപനമാണതെന്നും ബിജെപി അധ്യക്ഷൻ ജെപി നഡ്ഡ. ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ പാർട്ടിയുടെ ദ്വിദിന ദേശീയ കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാർമികത്വത്തിൽ രാം ലല്ല സ്ഥാപിച്ചതിൽ അഭിനന്ദമറിയിക്കുന്നുവെന്നും ജെപി നഡ്ഡ പറഞ്ഞു. 

അയോധ്യയിലെ രാമക്ഷേത്രത്തെക്കുറിച്ച് ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ കൊണ്ടുവന്ന ഈ പ്രമേയം ദേശീയ സമ്മേളനം പാസാക്കി. ശ്രീരാമനും സീതയും രാമായണവും ഇന്ത്യൻ നാഗരികതയുടെയും സംസ്‌കാരത്തിന്റെയും എല്ലാ തലത്തിലും ഉണ്ടെന്നന്നും പ്രമേയത്തിൽ പറഞ്ഞു. ജനാധിപത്യ മൂല്യങ്ങൾക്കും നീതിക്കും വേണ്ടി സമർപ്പിച്ച നമ്മുടെ ഭരണഘടന രാമരാജ്യത്തിന്റെ ആദർശങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്നും പറഞ്ഞു.

'ഇന്ത്യൻ ഭരണഘടനയുടെ യഥാർത്ഥ പകർപ്പിൽ മൗലികാവകാശങ്ങളുടെ ഭാഗത്ത് വിജയത്തിന് ശേഷം അയോധ്യയിലേക്ക് മടങ്ങിയ ശ്രീരാമന്റെയും സീതയുടെയും ലക്ഷ്മണന്റെയും ചിത്രമാണുള്ളതെന്നും ഇത് മൗലികാവകാശങ്ങൾക്കുള്ള പ്രചോദനം ശ്രീരാമനാണെന്നതിന്റെ തെളിവാണെന്നും പ്രമേയത്തിൽ പറഞ്ഞു. രാമരാജ്യമെന്ന ആശയം യഥാർത്ഥ ജനാധിപത്യത്തിന്റെ ആശയമാണെന്ന് പറഞ്ഞിരുന്ന മഹാത്മാഗാന്ധിയുടെ ഹൃദയത്തിലും രാമരാജ്യം ഉണ്ടായിരുന്നുവെന്നും പ്രമേയത്തിൽ പറഞ്ഞു.

അതേസമയം, എല്ലാ ഇന്ത്യക്കാരുടെ സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ടുവെന്നും രാം ലല്ല സ്വന്തം വീട്ടിലേക്ക് തിരിഞ്ഞെത്തിയെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. ബിജെപി പ്രവർത്തകരുടെ വിശ്വസ്തതയും അർപ്പണബോധവും കാരണം ഞങ്ങൾക്ക് പൊതുജനങ്ങളിൽ നിന്ന് പൂർണമായ അനുഗ്രഹം ലഭിക്കുന്നുണ്ട്. 2024-ൽ മൂന്നാം തവണയും സർക്കാർ രൂപീകരിക്കുന്നതിലൂടെ, പൊതുസേവനത്തിന്റെയും ദേശീയ സേവനത്തിന്റെയും സമാനതകളില്ലാത്ത ചരിത്രമാണ് ഞങ്ങൾ സൃഷ്ടിക്കാൻ പോകുന്നതെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. 2047ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കാനുള്ള പ്രതിജ്ഞയെടുക്കണമെന്നും മൂന്നാം വട്ടവും ബിജെപി അധികാരത്തിലെത്തണമെന്ന് പറയുന്നത് ഇന്ത്യയുടെ നേട്ടത്തിനാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യക്കാർക്ക് വേണ്ടിയാണ് തന്റെ പ്രയത്‌നമെന്നും അവരുടെ സ്വപ്‌നങ്ങളാണ് എന്റെ ബാധ്യതയെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, ചടങ്ങിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വലിയ പൂമാല ചർത്തി. എന്നാൽ ഇരുവശങ്ങളിൽ നിന്ന കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗും ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയും അതിൽ കയറാൻ ശ്രമിച്ചെങ്കിലും പിന്നീട് പുറത്തേക്ക് മാറി നിന്നു. മാല പിടിച്ച് നിൽക്കുന്ന അമിത് ഷായുടെ നിർദേശ പ്രകാരമെന്നവണ്ണമാണ് അവർ മാറിയത്. ഒടുവിൽ കൈകൂപ്പി നിൽക്കുന്ന മോദിയെ മാത്രമാണ് മാല അണിയിച്ചത്. ഈ സംഭവത്തിന്റെ വീഡിയോ ഫാക്ട് ചെക്കർ മുഹമ്മദ് സുബൈറടക്കമുള്ള എക്‌സിൽ പങ്കുവെച്ചു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News