ബിജെപി നേതാവിന്റെ ഭാര്യ നൽകിയ അപകീർത്തിക്കേസിൽ സഞ്ജയ് റാവത്തിന് ജാമ്യം

കേസിൽ 15 ദിവസത്തെ തടവുശിക്ഷയ്ക്ക് വിധിച്ച മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെ റാവത്ത് റിവിഷൻ ഹരജി സമർപ്പിക്കുകയായിരുന്നു.

Update: 2024-10-25 14:11 GMT

മുംബൈ: ബിജെപി നേതാവിന്റെ ഭാര്യ നൽകിയ അപകീർത്തിക്കേസിൽ ശിവസേന (യുബിടി) നേതാവും രാജ്യസഭാ എം.പിയുമായ സഞ്ജയ് റാവത്തിന് ജാമ്യം. ബിജെപി നേതാവ് കിരിത് സോമയ്യയുടെ ഭാര്യ മേധാ സോമയ്യ നൽകിയ കേസിലെ ശിക്ഷാവിധി ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി പരി​ഗണിച്ച് മുംബൈയിലെ സെഷൻസ് കോടതിയാണ് റാവത്തിന് ജാമ്യം അനുവദിച്ചത്. കേസിൽ 15 ദിവസത്തെ തടവുശിക്ഷയ്ക്ക് വിധിച്ച മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെ റാവത്ത് റിവിഷൻ ഹരജി സമർപ്പിക്കുകയായിരുന്നു.

ഐപിസി വകുപ്പ് 500 പ്രകാരം റാവത്ത് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി, സെപ്തംബർ 26നാണ് അദ്ദേഹത്തിന് തടവുശിക്ഷ വിധിച്ചത്. തുടർന്ന്, അപ്പീൽ സമർപ്പിക്കാനായി മജിസ്‌ട്രേറ്റ് ആരതി കുൽക്കർണി റാവത്തിൻ്റെ ശിക്ഷ 30 ദിവസത്തേക്ക് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതോടെയാണ് റാവത്ത് സെഷൻസ് കോടതിയെ സമീപിച്ചത്.

Advertising
Advertising

മജിസ്‌ട്രേറ്റിൻ്റെ ഉത്തരവ് നിയമപ്രകാരം മോശവും വസ്തുതകൾക്ക് നിരക്കാത്തതുമാണെന്ന് സെഷൻസ് കോടതിയിൽ സമർപ്പിച്ച റിവിഷൻ ഹരജിയിൽ റാവത്ത് ചൂണ്ടിക്കാട്ടിയിരുന്നു. റാവത്ത് നേരിട്ട് ഹാജരായതിനാൽ തങ്ങൾ അദ്ദേഹത്തിൻ്റെ ജാമ്യാപേക്ഷയെ എതിർത്തില്ലെന്നും തുടർന്ന് കോടതി ജാമ്യം അനുവദിച്ചെന്നും സോമയ്യയുടെ അഭിഭാഷകൻ ലക്ഷ്മൺ കനാൽ പറഞ്ഞു.

മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെ മുംബൈ സെഷൻസ് കോടതിയിൽ അപ്പീൽ നൽകുമെന്നും റാവത്തിൻ്റെ അഭിഭാഷകനും സഹോദരനുമായ സുനിൽ റാവത്ത് ശിക്ഷാവിധി ദിവസം പറഞ്ഞിരുന്നു. തനിക്കും ഭർത്താവിനുമെതിരെ റാവത്ത് അടിസ്ഥാന രഹിതവും അപകീർത്തികരവുമായ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചു എന്നായിരുന്നു മേധയുടെ പരാതി.

മീരാ ഭയന്ദർ മുനിസിപ്പൽ കോർപ്പറേഷൻ്റെ അധികാരപരിധിയിൽ പൊതു ടോയ്‌ലറ്റുകളുടെ നിർമാണവും അറ്റകുറ്റപ്പണികളുമായും ബന്ധപ്പെട്ടുണ്ടായ 100 കോടിയുടെ അഴിമതിയിൽ തങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നായിരുന്നു റാവത്തിന്റെ ആരോപണമെന്ന് മേധ പറഞ്ഞു. റാവത്തിന്റെ പ്രസ്താവനകൾ അപകീർത്തികരമാണ്. പൊതുസമൂഹത്തിന് മുന്നിൽ തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിലാണ് പരാമർശങ്ങൾ നടത്തിയതെന്നും പരാതിയിൽ പറയുന്നു.

എന്നാൽ, ഇത് തള്ളിയ സഞ്ജയ് റാവത്ത്, മേധയ്‌ക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത് താൻ മാത്രമല്ലെന്നും രേഖകളുടെ അടിസ്ഥാനത്തിലാണ് താൻ പ്രസ്താവന നടത്തിയതെന്നും പറഞ്ഞിരുന്നു. ജുഡീഷ്യറിയെ കാവിവൽക്കരിക്കുകയാണെന്നും ശിക്ഷാവിധിയെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചിരുന്നു.


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News